മോഡൽ ഭേദമില്ലാതെ എ ബി എസ് നൽകാൻ ടൊയോട്ട

വിൽപ്പനക്കണക്കിൽ മുന്നിലെത്താൻ കഴിയുന്നില്ലെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിൽ ആദ്യ സ്ഥാനക്കാരാവാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട തയാറെടുക്കുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ മോഡൽ വ്യത്യാസമില്ലാതെ എയർബാഗ് ലഭ്യമാക്കിയ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ഇനി ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) ഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. ടൊയോട്ടയുടെ മാതൃക പിന്തുടർന്നു ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗനും ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ എയർബാഗ് നിർബന്ധമാക്കിയിട്ടുണ്ട്.

മോഡൽ ഭേദമില്ലാതെ എ ബി എസ് ലഭ്യമാക്കുന്നതിനെപ്പറ്റി ടോക്കിയോയിലെ ടൊയോട്ട ആസ്ഥനത്തു നിന്ന് ടി കെ എമ്മിനു നിർദേശം നൽകിക്കഴിഞ്ഞെന്നാണു സൂചന. മിക്കവാറും അടുത്ത സാമ്പത്തിക വർഷത്തോടെ ടി കെ എം ഇന്ത്യയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളിലും എ ബി എസ് ഇടംപിടിച്ചേക്കും.

എ ബി എസ് വ്യാപകമാക്കുമെന്ന് ഉറപ്പു പറയുമ്പോഴും എന്നു മുതലാണ് ഈ പരിഷ്കാരം നടപ്പാവുകയെന്നു ടി കെ എം സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) എൻ രാജ വ്യക്തമാക്കുന്നില്ല. സുരക്ഷ സംബന്ധിച്ച പുതിയ മാനദണ്ഡങ്ങൾ 2017ൽ നിലവിൽ വരുമെന്നു കരുതുന്നതായി രാജ പറയുന്നു. ഈ ദശാബ്ദം അവസാനിക്കുമ്പോഴേക്ക് കാൽനടയാത്രികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങളും നടപ്പാവുമെന്നാണു പ്രതീക്ഷ. ഉപയോക്താക്കൾക്കു മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഈ മേഖലയിൽ എതിരാളികളെ അപേക്ഷിച്ചു മുന്നിൽ നിൽക്കാനുമാണു ടി കെ എം ശ്രമിക്കുകയെന്നും രാജ വിശദീകരിക്കുന്നു.

ഇന്ത്യയിൽ വിൽക്കുന്ന കാറുകളിലും യാത്രാവാഹനങ്ങളിലും മുന്തിയ വകഭേദങ്ങളിൽ മാത്രമാണു സാധാരണ ഗതിയിൽ മെച്ചപ്പെട്ട സുരക്ഷ ഉറപ്പുനൽകുന്ന എയർ ബാഗും എ ബി എസ് സംവിധാനവുമൊക്കെ ലഭ്യമാവുക. ഈ പതിവ് ഉപേക്ഷിച്ച് മോഡൽ ഭേദമില്ലാതെ എല്ലാ വാഹനങ്ങളിലും എ ബി എസും എയർബാഗുമൊക്കെ ഘടിപ്പിക്കാനാണു ടി കെ എമ്മിന്റെ നീക്കം. എയർബാഗ് പോലുള്ളവയിൽ വിട്ടുവീഴ്ച ചെയ്ത് ആ പണം ഉപയോഗിച്ച് മ്യൂസിക് സിസ്റ്റം ഘടിപ്പിക്കാനാണ് ഇന്ത്യൻ ഉപയോക്താക്കൾ താൽപര്യം പ്രകടിപ്പിച്ചിരുന്നതെന്നു രാജ ഓർക്കുന്നു. എന്നാൽ ഇന്ത്യയിൽ വിൽക്കുന്ന ചില കാർ മോഡലുകൾ വിദേശ വിപണികളിലെ ക്രാഷ് ടെസ്റ്റ് പരാജയപ്പെട്ടതോടെ ഉപയോക്താക്കൾ സുരക്ഷയെപ്പറ്റി കൂടുതൽ ബോധവാൻരായിട്ടുണ്ടെന്നും അദ്ദേഹം കരുതുന്നു.

കൂടാതെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന കാറുകളിൽ ഹ്യുമനോയ്ഡ് സംവിധാനം ഉപയോഗിച്ച് പരീക്ഷണം നടത്താനും കമ്പനി ആലോചിക്കുന്നുണ്ട്; ടോട്ടൽ ഹ്യൂമൻ മോഡൽ ഫോർ സേഫ്റ്റി അഥവാ ’തംസ് എന്നാണ് ഈ ഹ്യുമനോയ്ഡിന്റെ പേര്. ഒപ്പം കാൽനടയാത്രികരുടെ സുരക്ഷ കൂടി പരിഗണിച്ചു വാഹന രൂപകൽപ്പന നിർവഹിക്കാനും ടൊയോട്ടയ്ക്കു പദ്ധതിയുണ്ട്.