അര നൂറ്റാണ്ട് പിന്നിട്ടു ടൊയോട്ട ‘കൊറോള’

ലോകത്ത് ഏറ്റവുമധികം വിൽപ്പന നേടിയ കാറുകൾക്കൊപ്പം ഇടംപിടിക്കുന്ന ടൊയോട്ട ‘കൊറോള’ അരങ്ങേറ്റത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നു. 1966 നവംബർ അഞ്ചിന് ആദ്യമായി വിൽപ്പനയ്ക്കെത്തിയ ‘കൊറോള’ ആഗോളതലത്തിൽ ഇതുവരെ 4.43 കോടിയോളം യൂണിറ്റാണു വിറ്റഴിഞ്ഞത്. സ്റ്റേഷൻ വാഗനായ ‘കൊറോള ഫീൽഡർ’ അടക്കമുള്ള വകഭേദങ്ങൾ സെപ്റ്റംബർ അവസാനം വരെ കൈവരിച്ച വിൽപ്പനയാണിത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജാപ്പനീസ് സമ്പദ്വ്യവസ്ഥ കരുത്താർജിച്ചതോടെയാണു വിവിധ നിർമാതാക്കൾ ശരാശരി കുടുംബങ്ങൾക്കായി പുതിയ കാറുകൾ അവതരിപ്പിച്ചത്. ടൊയോട്ട മോട്ടോർ കോർപറേഷൻ ആദ്യം അവതരിപ്പിച്ച ‘പബ്ലിക്ക’ വിപണിയിൽ കാര്യമായ സ്വീകാര്യത നേടിയില്ല. തുടർന്ന് 1966ലാണു കമ്പനി രണ്ടു വാതിലുള്ള ‘കൊറോള’ പുറത്തിറക്കിയത്. കമ്പനിയുടെ വാർഷിക ഉൽപ്പാദനം അര ലക്ഷത്തോളം യൂണിറ്റ് മാത്രമായിരുന്ന കാലത്ത് പ്രതിമാസം 30,000 ‘കൊറോള’ നിർമിച്ചു വിൽക്കുമെന്നു പ്രഖ്യാപിച്ച ടൊയോട്ട വാഹന ലോകത്തെ ഞെട്ടിക്കുകയും ചെയ്തു.

First Generation Corolla

ജീവിതത്തിൽ മൂന്നു ‘സി’(അതായത് കളർ ടി വി, കാർ, കൂളർ) നേടാൻ ആഗ്രഹിച്ചിരുന്നവരെയാണു ‘കൊറോള’യിലൂടെ ടൊയോട്ട ഉന്നമിട്ടത്. നിരത്തിലെത്തി വെറും മൂന്നു വർഷത്തിനുള്ളിൽ ‘കൊറോള’ ജപ്പാനിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന കാറായി; ഒപ്പം ജപ്പാനിൽ വാഹന വിപ്ലവത്തിനു തിരി കൊളുത്താനും ഈ മോഡലിനായി. യുദ്ധകാലത്ത് വിമാനം രൂപകൽപ്പന ചെയ്തു മികവുകാട്ടിയ തറ്റ്സുവൊ ഹാസെഗാവയാണു യഥാർഥ ‘കൊറോള’ വികസിപ്പിച്ചത്. അതുകൊണ്ടുതന്നെ വിമാനത്തിന്റെ ഏറോഡൈനാമിക്സ് സവിശേഷതകളാണു കാറിലും ഇടംകണ്ടത്. ‘80 പ്ലസ് പോയിന്റ്’ എന്ന ആശയത്തിൽ അധിഷ്ഠിതമായിരുന്നു ‘കൊറോള’യുടെ രൂപകൽപ്പന; ശരാശരിയിലും മികച്ചതെന്ന പ്രതീതി ഉപയോക്താക്കളിൽ സൃഷ്ടിക്കാൻ സാധിച്ചതും ഈ സങ്കൽപ്പം മൂലമാണ്.ലക്ഷ്യമിട്ടതു കുടുംബങ്ങളെയാണെങ്കിലും ആദ്യ തലമുറ ‘കൊറോള’യിൽ സ്പോർടിനെസ് ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു. അക്കാലത്ത് മൂന്നു സ്പീഡ്, കോളം ഷിഫ്റ്റർ ഗീയർ ബോക്സായിരുന്നു പതിവ്; എന്നാൽ ‘കൊറോള’ എത്തിയതു തന്നെ തറയിൽ ഘടിപ്പിച്ച ഗീയർ ഷിഫ്റ്ററുള്ള നാലു സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെയായിരുന്നു. പോരെങ്കിൽ എതിരാളിയായ നിസ്സാൻ ‘സണ്ണി’യെ അപേക്ഷിച്ച് കരുത്തേറിയ 1,100 സി സി എൻജിനായിരുന്നു ‘കൊറോള’യുടെ മികവ്.

Third Generation Corolla

പോരെങ്കിൽ ഓരോ തവണ പരിഷ്കരിക്കുമ്പോഴും ‘കൊറോള’യിൽ പുത്തൻ സാങ്കേതികവിദ്യ ലഭ്യമാക്കാനും ടൊയോട്ട ശ്രമിച്ചു. ഇപ്പോൾ ‘കൊറോള’യുടെ 11—ാം പതിപ്പാണു വിൽപ്പനയിലുള്ളത്; ലോകവ്യാപകമായി 13 രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ‘കൊറോള’ വിൽക്കപ്പെടുന്നത് നൂറ്റി അൻപതിലേറെ വിപണികളിലാണ്. നീണ്ട 33 വർഷം തുടർച്ചയായി ജപ്പാനിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന കാറായിരുന്നു ‘കൊറോള’; 2002ൽ ഹോണ്ടയുടെ ചെറുകാറായ ‘ഫിറ്റ്’ ആണ് ‘ടൊയോട്ട’യുടെ ഈ കുത്തക തകർക്കുന്നത്. ഇന്നാവട്ടെ ടൊയോട്ടയുടെ സങ്കര ഇന്ധന കാറുകളായ ‘അക്വ’യും ‘പ്രയസും’ വിൽപ്പനയിൽ ‘കൊറോള’യെ പിന്നിലാക്കിയിട്ടുണ്ട്. 1973ൽ നാലു ലക്ഷത്തോളം യൂണിറ്റിന്റെ വാർഷിക വിൽപ്പന നേടിയ കാർ ഇപ്പോഴതിന്റെ 25 ശതമാനത്തോളം മാത്രമാണു വിൽക്കുന്നത്. ഇന്ധനക്ഷമതയേറിയ കാറുകളോട് ജപ്പാനു താൽപര്യമേറിയതാണ് ‘കൊറോള’ വിൽപ്പന ഇടിയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര വിപണിയിൽ തിരിച്ചടി നേരിടുമ്പോഴും വിദേശത്തു ‘കൊറോള’യ്ക്ക് ആരാധകക്ഷാമമില്ല. യു എസിലെ കാർ വിൽപ്പന കണക്കെടുപ്പിൽ ഇപ്പോഴും രണ്ടാം സ്ഥാനം ‘കൊറോള’യ്ക്കാണ്. ടൊയോട്ടയുടെ തന്നെ ‘കാംറി’ക്കാണ് ആദ്യ സ്ഥാനം.