പുതിയ മോ‍ഡലുകളുമായി ടൊയോട്ട

Toyota Vios

ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങൾ മരവിപ്പിക്കാനുള്ള മുൻതീരുമാനത്തിൽ നിന്നു ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ട പിൻമാറുന്നു. ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ) യിൽ ശേഷിയേറിയ ഡീസർ എൻജിനുള്ള വാഹനങ്ങൾക്കുള്ള വിലക്ക് സുപ്രീം കോടതി പിൻവലിച്ച പശ്ചാത്തലത്തിലാണു ടൊയോട്ടയുടെ പുതിയ തീരുമാനം. ലോകത്തിലെ കാർ വിപണികളിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(ഏഷ്യ, മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക) ഹിരൊയുകി ഫുകുയ് അറിയിച്ചു. പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ പരിഗണിച്ചു പുതിയ മോഡലുകൾ അവതരിപ്പിക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഏഷ്യയിൽ ഏറ്റവും സാധ്യതയുള്ള വാഹന വിപണിയാണ് ഇന്ത്യ. നിലവിൽ ലഭ്യമായ ഉൽപ്പാദനശേഷിയുടെ പാതിയോളം മാത്രമാണ് ടൊയോട്ട ഇവിടെ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വൻസാധ്യതയാണു കമ്പനിക്കുള്ളത്. മലിനീകരണ നിയന്ത്രവുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് ഇടയ്ക്കു പ്രശ്നമായത്. ജനങ്ങളുടെ ആരോഗ്യം സുപ്രധാനമാണെന്ന് അംഗീകരിച്ച ഫുകുയ് സുസ്ഥിര വളർച്ച ഉറപ്പാക്കുന്ന പരിഹാരമാർഗം കണ്ടെത്തുമെന്നും വ്യക്തമാക്കി. പടിപടിയായുള്ള വളർച്ചയാണ് ഇന്ത്യയിൽ ടൊയോട്ട ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ശേഷിയേറിയ ഡീസൽ വാഹനങ്ങൾക്കുള്ള വിലക്ക് എട്ടു മാസത്തോളം നീണ്ടപ്പോൾ ടൊയോട്ടയുടെ വിറ്റുവരവിൽ 1,700 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണു കണക്ക്. വിൽപ്പനയിൽ 8,500 വാഹനങ്ങളുടെ ഇടിവും നേരിട്ടു. ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ മൊത്തം വിൽപ്പനയിൽ 7 — 8 ശതമാനമാണ് എൻ സി ആറിന്റെ സംഭാവന. ഡീസൽ വാഹനങ്ങൾക്കുള്ള വിലക്ക് നീക്കാനുള്ള സുപ്രീം കോടതി തീരുമാനത്തെ നേരത്തെ ടി കെ എം വൈസ് ചെയർമൻ വിക്രം കിർലോസ്കർ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ക്രിയാത്മക സമീപനം സ്വീകരിക്കാൻ കോടതി വിധി സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബെംഗളൂരു ശാലയിൽ ലഭ്യമാ ശേഷി പൂർണമായും വിനിയോഗിക്കണമെന്നാണു കമ്പനിയുടെ മോഹം; ഇതിനായി പുതിയ മോഡലുകൾ അനിവാര്യമാണെന്നും കിർലോസ്കർ വിശദീകരിച്ചു.