4.23 ലക്ഷം ‘ആർ എ വി’ തിരിച്ചുവിളിക്കാൻ ടൊയോട്ട

നിർമാണ തകരാറുള്ള വിൻഷീൽഡ് വൈപ്പറുകളുടെ പേരിൽ യു എസിൽ 4.23 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ തീരുമാനിച്ചു. 2009 — 2014 കാലത്തു നിർമിച്ചു വിറ്റ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ആർ എ വി ഫോറുകളാണു കമ്പനി പ്രധാനമായും തിരിച്ചുവിളിക്കുന്നത്. 2009 — 12 കാലത്തു വിറ്റ 4.21 ലക്ഷത്തോളം ‘ആർ എ വി ഫോർ’ ക്രോസോവറിനും 2012 — 14 കാലത്തു നിർമിച്ച, വൈദ്യുത വകഭേദമായ ‘ആർ എ വി ഫോർ ഇ വി’ക്കുമാണു പരിശോധന ആവശ്യമായി വരിക.

ഈ വാഹനങ്ങളിലെ വിൻഡ്ഷീൽഡ് വൈപ്പൽ ലിങ്കിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം ജോയിന്റ് തുരുമ്പിക്കാനും ദുർബലമാക്കാനും ഇടയാക്കുമെന്നാണു ടൊയോട്ടയുടെ ആശങ്ക. ഈ സ്ഥിതി തുടരുന്നതു ക്രമേണ വൈപ്പർ ലിങ്കിനെ മോട്ടോർ ക്രാങ്ക് ആമിൽ നിന്ന് വേർപെടുത്താനും സാധ്യതയുണ്ടെന്നു കമ്പനി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ഡ്രൈവറുടെ കാഴ്ച മങ്ങാനും അപകടം സംഭവിക്കാനും സാധ്യതയുണ്ടെന്നു കമ്പനി മുന്നറിയിപ്പ് നൽകുന്നു. പരിശോധന ആവശ്യമുള്ള വാഹനങ്ങളുട നിർമാതാക്കളെ നേരിട്ടു വിവരം അറിയിക്കുമെന്നും ടൊയോട്ട മോട്ടോർ കോർപറേഷൻ വ്യക്തമാക്കി.