ബ്രസീലിലെ എൻജിൻ നിർമാണശേഷി ഉയർത്താൻ ടൊയോട്ട

എൻജിൻ നിർമാണശേഷി ഉയർത്താനായി ബ്രസീലിൽ 17.70 കോടി ഡോളർ (ഏകദേശം 1212.37 കോടി രൂപ) നിക്ഷേപിക്കുമെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ. സാവോ പോളൊ സംസ്ഥാനത്തെ പോർട്ടൊ ഫെലിസിലാണു ടൊയോട്ടയുടെ ബ്രസീലിലെ ഉപസ്ഥാപനത്തിന്റെ എൻജിൻ നിർമാണശാല പ്രവർത്തിക്കുന്നത്. നിലവിൽ പ്രതിവർഷം 1.08 ലക്ഷം എൻജിനുകൾ ഉൽപ്പാദിപ്പിക്കുന്നത് 1.74 ലക്ഷം എൻജിനുകളായി വർധിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

ബ്രസീലിനു പുറമെ അർജന്റീന, യുറുഗ്വേ, പരഗ്വെ, പെറു തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള എൻജിനുകളാണ് പോർട്ടൊ ഫെലിസ് ശാല ഉൽപ്പാദിപ്പിക്കുന്നത്. നിലവിൽ സെഡാനായ ‘എത്തിയോസി’നുള്ള എൻജിനുകളാണു ശാലയുടെ ഉൽപ്പാദനം. ശേഷി വർധിപ്പിക്കുന്നതോടെ ‘കൊറോള’യ്ക്കുള്ള എൻജിനുകളും ശാലയിൽ നിർമിച്ചു തുടങ്ങും. ലാറ്റിൻ അമേരിക്കൻ — കരീബിയൻ മേഖലയിൽ ടൊയോട്ടയ്ക്കുള്ള ഏക എൻജിൻ നിർമാണശാലയാണു പോർട്ടൊ ഫെലിസിലേത്.