ഡൽഹിക്ക് പിന്നാലെ നിയന്ത്രണവുമായി അഹമ്മദാബാദും

മലിനീകരണം കുറയ്ക്കുന്നതിനായുള്ള ഡൽഹി മോ‍ഡൽ ഗതാഗത പരിഷ്കരണത്തിനൊരുങ്ങുകയാണ് ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദും. അഹമ്മദാബാദ് മുൻസിപ്പല്‍ കോർപ്പറേഷന്റെ പദ്ധതി പ്രകാരം ട്രാഫിക് കുരുക്ക് 20 ശതമാനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.

എന്നാൽ‌ ഡൽഹിയിൽ നടപ്പാക്കിയ ഒറ്റ ഇരട്ട സംഖ്യ നിയമം പിന്തുടരാതെ നിശ്ചിത ദിവസങ്ങളിൽ ഒറ്റ ഇരട്ട സംഖ്യയിൽ അവസാനിക്കുന്ന വാഹനങ്ങൾ നിരോധിക്കാനാണ് പദ്ധതി. മൂന്നു മുതൽ ആറ് മാസം വരെ നിരോധനം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഹമ്മദാബാദിലെ നിയമം ഇരുചക്ര വാഹനങ്ങൾക്കും ബാധകമായിരിക്കും.

ലോകത്തെ തന്നെ ഏറ്റവും അധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലൊന്നായ ഡൽഹിയിലെ മലിനീകരണം കുറയ്ക്കുന്നതിനായാണ് ഒറ്റ ഇരട്ട നമ്പർ ഫോർമുലയുമായി എഎപി സർക്കാർ എത്തിയത്. ഒറ്റ സംഖ്യയുള്ള ദിവസങ്ങളിൽ ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട സംഖ്യയുള്ള ദിവസങ്ങളിൽ ഇരട്ട സംഖ്യയിൽ അവസാനിക്കുന്ന വാഹനങ്ങൾക്കുമാണ് പുറത്തിറങ്ങാൻ അനുമതി. ഞായറാഴ്ചകളിലൊഴികെ എല്ലാ ദിവസവും രാവിലെ എട്ടുമണിമുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണം.

ലിനീകരണം കാരണം നഗരം ഗ്യാസ് ചേംബറായി മാറിയെന്നു ഹൈക്കോടതി പരാമർശിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമായിരുന്നു ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2000 സിസിക്ക് മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞ മാസം സുപ്രീം കോടതി നിരോധിച്ചിരുന്നു.