‘ടൈഗർ 800 എക്സ് ആറു’മായി ട്രയംഫ്; വില 10.5 ലക്ഷം

Triumph Tiger 800 XR

യു കെ ആസ്ഥാനമായ ട്രയംഫ് മോട്ടോർ സൈക്കിൾസിൽ നിന്നുള്ള പുത്തൻ മോഡലായ ‘ടൈഗർ 800 എക്സ് ആർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 10.50 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില.

രാജ്യാന്തര തലത്തിൽ മികച്ച വിൽപ്പന കൈവരിക്കുന്ന 800 സി സി, ഓൾ റോഡ് ബൈക്കാണു ‘ടൈഗർ എക്സ് ആർ’.ട്രാക്ഷൻ കൺട്രോൾ, സ്വിച്ചബിൾ എ ബി എസ്, ട്രിപ് കംപ്യൂട്ടർ, മുന്നിൽ 43 എം എം സഞ്ചാരശേഷിയുള്ള ആനൊഡൈസ്ഡ് ബ്ലാക്ക് ഷോവ യു എസ് ഡി ഫോർക്ക്, പിന്നിൽ അഡ്ജസ്റ്റബിൾ ഷോവ മോണോ ഷോക്ക് സസ്പെൻഷൻ തുടങ്ങിയവയൊക്കെ ഈ ബൈക്കിൽ ട്രയംഫ് വാഗ്ദാനം ചെയ്യുന്നു. ഒപ്പം 810 എം എം മുതൽ 830 എം എം വരെയുള്ള ഉയരങ്ങളിൽ ക്രമീകരിക്കാവുന്ന തരത്തിലാണു ബൈക്കിലെ സീറ്റിന്റെ രൂപകൽപ്പന.

പിന്നിൽ 17 ഇഞ്ചും മുന്നിൽ19 ഇഞ്ചും വ്യാസമുള്ള ഭാരം കുറഞ്ഞ, കാസ്റ്റ് അലൂമിനിയം വീലാണു ബൈക്കിന്റേത്; പിൻ വീലിന് നാലേകാൽ ഇഞ്ചും മുന്നിലേതിന് രണ്ടര ഇഞ്ചുമാണു വീതി. ഇഗ്നീഷൻ സ്വിച്ചിനു സമീപം ഓക്സിലറി പവർ സോക്കറ്റ്, അലൂമിനിയം സംപ് ഗാർഡ്, ക്വിക് അഡ്ജസ്റ്റ് ഹെഡ്ലൈറ്റ് ആംഗിൾ ഗീയർ എന്നിവയും ‘ടൈഗർ എക്സ് ആറി’ൽ ലഭ്യമാണ്.

‘ടൈഗർ എക്സ് ആർ എക്സ്’, ‘എക്സ് സി എക്സ്’ എന്നിവയ്ക്കുപിന്നാലെ വെറും മൂന്നു മാസത്തെ ഇടവേളയിൽ ‘എക്സ് ആർ’ പുറത്തിറക്കാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നു ട്രയംഫ് മോട്ടോർ സൈക്കിൾസ് മാനേജിങ് ഡയറക്ടർ വിമൽ സുംബ്ലി അഭിപ്രായപ്പെട്ടു. ‘ടൈഗർ’ ശ്രേണിക്കു മികച്ച പ്രതികരണം ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

കിറ്റുകൾ ഇന്ത്യയിലെത്തിച്ചു സംയോജിപ്പിക്കുന്ന സി കെ ഡി വ്യവസ്ഥയിലാവും ‘ടൈഗർ എക്സ് ആർ’ വിൽപ്പനയ്ക്കെത്തുകയെന്നും സുംബ്ലി അറിയിച്ചു. വിദേശ നിർമിത ബൈക്കുകൾ ഇറക്കുമതി ചെയ്തു വിൽക്കുന്നതിനെ അപേക്ഷിച്ചു കുറഞ്ഞ വിലയിൽ സി കെ ഡി രീതിയിൽ നിർമിച്ച ബൈക്കുകൾ വിൽക്കാനാവുമെന്നതാണു ട്രയംഫ് കാണുന്ന പ്രധാന നേട്ടം.

ഒന്നര വർഷം മുമ്പാണു ട്രയംഫ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ രണ്ടായിരത്തോളം ബൈക്കുകൾ കമ്പനി ഇന്ത്യയിൽ വിറ്റിട്ടുണ്ടെന്നാണ് കണക്ക്.

‘ടൈഗർ എക്സ് ആർ’ കൂടിയെത്തിയതോടെ ട്രയംഫിന്റെ ഇന്ത്യൻ ശ്രേണിയിൽ അഡ്വഞ്ചർ വിഭാഗത്തിൽപെട്ട ബൈക്കുകളുടെ എണ്ണം നാലായി; മൊത്തം മോഡലുകളുടെ എണ്ണം അഞ്ചു വിഭാഗങ്ങളിലായി പതിനാലും.