പുതിയ അപ്പാച്ചെയും വിക്ടറുമെത്തി

Apache RTR 200 4v

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോഴ്സ് തങ്ങളുടെ പുതിയ രണ്ടു ബൈക്കുകൾ പുറത്തിറക്കി. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അപ്പാച്ചെ ആർടിആർ 200 4വി, വിക്ടറിന്റെ പുതിയ പതിപ്പ് എന്നിവയാണ് പുറത്തിറക്കിയത്. ആർടിആർ 200 ന്റെ അടിസ്ഥാന വകഭേദത്തിന് 88,990 രൂപയും ഫ്യൂവൻ ഇഞ്ചക്ഷൻ മോ‍ഡലിന് 1,07,000 രൂപയും എബിഎസ് പതിപ്പിന് 1,15,000 രൂപയുമാണ് വില ‍ഡൽ‌ഹി എക്സ്ഷോറൂം വില. 110 സിസി ബൈക്കായ വിക്ടറിന്റെ അടിസ്ഥാന വകഭേദത്തിന് 49,490 രൂപയും ഡിസ്ക് ബ്രേക്കോടു കൂടിയ മോഡലിന് 51,490 രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വിലകൾ.

Apache RTR 200 4v

കെടിഎം ഡ്യൂക്ക് 200, പൾസർ 200 എന്നിവയുമായി മത്സരിക്കുന്ന അപ്പാച്ചെ 200ൽ‌ 197.7 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്. 8500 ആർപിഎമ്മിൽ‌ 21 ബിഎച്ച്പി കരുത്തും 8500 ആർ‌പിഎമ്മിൽ 18.10 എന്‍എം ടോർക്കുമുള്ള എൻജിനാണ് വാഹനത്തിൽ. പൂജ്യത്തിൽ നിന്ന് 60 കിമീ വേഗമെടുക്കാന്‍ 3.9 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്ന അപ്പാച്ചെയുടെ പരമാവധി വേഗം മണിക്കൂറില്‍ 129 കിലോമീറ്ററാണ്.

TVS Victor

ഹീറോയും ബജാജും അരങ്ങുവാണിരുന്ന കാലത്ത് ടിവിഎസിന് മേൽവിലാസമുണ്ടാക്കി കൊടുത്ത വാഹനമാണ് വിക്ടർ. ടിവിഎസ് മോട്ടോർസ് സ്വന്തമായി നിർമിച്ച ആദ്യ ബൈക്കും വിക്ടറായിരുന്നു. എൻട്രിലെവൽ കമ്യൂട്ടർ സെഗ്‌മെന്റ് കീഴടക്കാൻ വിക്ടർ വീണ്ടുമെത്തുമ്പോൾ കൂട്ടായി എത്തുന്നത് 110 സിസി എന്‍‌ജിനാണ്. 9.5 ബിഎച്ച്പി കരുത്തും 8 എൻഎം ടോർക്കുമുണ്ടാകും.