ടി വി എസ് — ബി എം ഡബ്ല്യു ‘അകുല 310’ മാർച്ചിൽ

ടി വി എസ് — ബി എം ഡബ്ല്യു സഖ്യത്തിൽ നിന്നുള്ള ആദ്യ മോഡലായ ‘അകുല 310’ മാർച്ചോടെ വിൽപ്പനയ്ക്കെത്തും. 500 സി സി വരെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങളുടെ വികസനത്തിനാണു ടി വി എസ് മോട്ടോർ കമ്പനിയും ബി എം ഡബ്ല്യു മോട്ടോർറാഡും സഹകരിക്കുന്നത്. ടി വി എസ് — ബി എം ഡബ്ല്യു സഖ്യത്തിൽ നിന്നുള്ള ആദ്യ മോഡൽ ഫെബ്രുവരിയിലോ മാർച്ചിലോ വിൽപ്പനയ്ക്കെത്തുമെന്നു ടി വി എസ് മോട്ടോർ കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫിസർ എസ് ജി മുരളിയാണു വെളിപ്പെടുത്തിയത്.
ആശയമെന്ന നിലയിൽ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ‘അകുല 310’ പ്രദർശിപ്പിച്ചിരുന്നു. റേസിങ് ബൈക്ക് വിഭാഗത്തിൽപെടുന്ന ‘അകുല’യുടെ വില രണ്ടു ലക്ഷം രൂപയോളമാവുമെന്നാണു സൂചന.

‘ബി എം ഡബ്ല്യു ജി 310 ആർ’ അടിസ്ഥാനമാക്കിയാണ് ‘അകുല 310’ വികസിപ്പിച്ചതെന്നു പറയപ്പെടുന്നു. ടി വി എസ് മോട്ടോറിനു തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ശാലയിലാവും ‘അകുല 310’ നിർമിക്കുക. 310 സി സി എൻജിൻ കരുത്തേകുന്ന ബൈക്കിന് ആറു സ്പീഡ് ഗീയർബോക്സാവും; പരമാവധി 34 ബി എച്ച് പി വരെ കരുത്തും 28 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അപ്സൈഡ് ഡൗൺ മുൻ ഫോർക്കുള്ള ബൈക്കിന്റെ പിന്നിലെ സസ്പെൻഷൻ മോണോ ഷോക്കാവും. 17 ഇഞ്ച് വീലുള്ള ബൈക്കിൽ മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാന(എ ബി എസ്)വുമുണ്ടാവും.

‘അകുല 310’ ബൈക്കിന്റെ മിക്കവാറും ഘടകങ്ങൾ ‘ബി എം ഡബ്ല്യു ജി 310 ആറി’ൽ നിന്നു കടമെടുത്തവയാണ്. എൻജിൻ, ഷാസി, സസ്പെൻഷൻ, സ്വിങ് ആം തുടങ്ങിയവയെല്ലാം ‘ബി എം ഡബ്ല്യു ജി 310 ആറി’ൽ നിന്നെടുത്തവയാണ്. ഇന്ത്യയിൽ കെ ടി എം ‘ആർ സി 390’, അടുത്തു തന്നെ അരങ്ങേറ്റം കുറിക്കുന്ന ബെനെല്ലി ‘ടൊർണാഡൊ 302’ തുടങ്ങിയവയോടാവും ‘അകുല 310’ മത്സരിക്കുക. വില രണ്ടര ലക്ഷം രൂപയിൽ കുറവായതിനാൽ കെ ടി എം ‘ആർ സി 390’ ഇന്ത്യയിൽ മികച്ച ജനപ്രീതിയാർജിച്ചിട്ടുണ്ട്.