ടി വി എസ് മോട്ടോർ യുറോപ്പിലെ എസ് പി വി നിർത്തുന്നു

സ്പെഷൽ പർപ്പസ് വെഹിക്കിൾ(എസ് പി വി) എന്ന നിലയിൽ യൂറോപ്പിൽ സ്ഥാപിച്ച ടി വി എസ് മോട്ടോർ കമ്പനി, യൂറോപ്പിന്റെ പ്രവർത്തനം ഇരുചക്ര, ത്രിചക്ര നിർമാതാക്കളായ ടി വി എസ് മോട്ടോർ അവസാനിപ്പിക്കുുന്നു. വിദേശത്തെ നിക്ഷേപങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനി, ടി വി എസ് മോട്ടോർ(ടി വി എസ് എം) കമ്പനി, യൂറോപ്പ് ബി വി, ടി വി എസ് മോട്ടോർ സിംഗപ്പൂർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ എസ് പി വികൾ രൂപീകരിച്ചത്. ടി വി എസിന്റെ ഉപസ്ഥാപനമായി പി ടി ടി വി എസ് മോട്ടോർ കമ്പനിയാണു നിലവിൽ ഇന്തൊനീഷയിൽ പ്രവർത്തിക്കുന്നത്.

സാഹചര്യങ്ങളിൽ വന്ന മാറ്റം മുൻനിർത്തിയാണു ടി വി എസ് എം യൂറോപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണു ടി വി എസിന്റെ വിശദീകരണം. ഇന്ത്യയിലും വിദേശത്തുനിന്നും ലഭിക്കേണ്ട വിവിധ അനുമതികൾക്കും അംഗീകാരങ്ങൾക്കും വിധേയമായിട്ടാവും എസ് പി വി പ്രവർത്തനം അവസാനിപ്പിക്കുകയെന്നും കമ്പനി വ്യക്തമാക്കുന്നു. അതേസമയം ടി വി എസ് മോട്ടോർ സിംഗപ്പൂർ പ്രൈവറ്റ് ലിമിറ്റഡിനു പി ടി ടി വിഎസിലുള്ള നിക്ഷേപം തുടരുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ടി വി എസ് മോട്ടോർ സിംഗപ്പൂർ പ്രൈവറ്റ് ലിമിറ്റഡിൽ ടി വി എസ് 2.01 കോടി രൂപ വിലയുള്ള ഓഹരികൾ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഓഹരി കൈമാറ്റം.

ഇതോടൊപ്പം ചൈനയിൽ സ്ഥാപിച്ച സുന്ദരം ബിസിനസ് ഡവലപ്മെന്റ് കൺസൽറ്റിങ് (ഷാങ്ഹായ്) കമ്പനി ലിമിറ്റഡിന്റെ പ്രവർത്തനവും ടി വി എസ് അവസാനിപ്പിക്കുകയാണ്. മേലിൽ പ്രതിനിധി ഓഫിസ് മാത്രമാവും ചൈനയിൽ പ്രവർത്തിക്കുകയെന്നാണു കമ്പനിയുടെ വിശദീകരണം. ചൈനയിൽ നിന്നു യന്ത്രഘടക സമാഹരണത്തിനും പ്രാദേശികമായി ഇരുചക്രവാഹന നിർമാണത്തിനുമുള്ള സാധ്യത പരിശോധിക്കാൻ ലക്ഷ്യമിട്ടായിരുന്നു സുന്ദരം ബിസിനസ് ഡവലപ്മെന്റ് കൺസൽറ്റിങ് (ഷാങ്ഹായ്) കമ്പനി ലിമിറ്റഡിന്റെ രൂപീകരണം.

ചൈനയിൽ പ്രാദേശികമായി ഇരുചക്രവാഹനം നിർമിക്കേണ്ടിവരില്ലെന്നാണു കമ്പനിയുടെ വിലയിരുത്തലെന്നു ടി വി എസ് മോട്ടോർ വിശദീകരിക്കുന്നു. ഇതു പരിഗണിച്ചാണു പ്രതിനിധി ഓഫിസ് നിലനിർത്താനും സുന്ദരം ബിസിനസ് ഡവലപ്മെന്റ് കൺസൽറ്റിങ് (ഷാങ്ഹായ്) കമ്പനി അടച്ചുപൂട്ടാനുമുള്ള തീരുമാനമെന്നും ടി വി എസ് വിശദീകരിച്ചു.

ഇന്തൊനീഷയിൽ 200 സി സി സ്പോർട്സ് മോട്ടോർ സൈക്കിളും 110 സി സി സ്കൂട്ടറായ ‘ഡാസി’ന്റെ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമുള്ള വകഭേദവും പുറത്തിറക്കാനും പി ടി ടി വി എസ് മോട്ടോർ കമ്പനിക്കു പദ്ധതിയുണ്ട്. 2013 — 14ൽ ഇന്തൊനീഷയിൽ 19,200 വാഹനം വിറ്റ കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 23,300 ഇരുചക്രവാഹനങ്ങളാണു വിറ്റത്. ആഭ്യന്തര വിൽപ്പനയിൽ ഗണ്യമായ വളർച്ചയില്ലെങ്കിലും ആസിയാൻ, മധ്യ പൂർവ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ 40% വർധന നേടാൻ കമ്പനിക്കായി.