വിക്ടർ വീണ്ടുമെത്തുന്നു

Representative Image

ഹീറോയും ബജാജും അരങ്ങുവാണിരുന്ന കാലത്ത് ടിവിഎസിന് മേൽവിലാസമുണ്ടാക്കികൊടുത്ത വാഹനമാണ് വിക്ടർ. ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ സുസുക്കിയുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷം ടിവിഎസ് പുറത്തിറക്കിയ വിക്ടർ കമ്പനിയുടെ പടക്കുതിരയായിരുന്നു.

ടിവിഎസ് മോട്ടോർസ് സ്വന്തമായി നിർമിച്ച ആദ്യ ബൈക്കും വിക്ടറായിരുന്നു. പിന്നീട് വിക്ടർ ജിഎസ്എക്സും വിക്ടർ ജിഎക്സും പുറത്തിറക്കിയ കമ്പനി വിക്ടറിന്റെ വിൽപ്പന അവസാനിപ്പികുകയായിരുന്നു. എൻട്രിലെവൽ കമ്യൂട്ടർ സെഗ്‌മെന്റ് കീഴടക്കാൻ വിക്ടർ വീണ്ടുമെത്തുന്നു. വിക്ടർ സീരീസിലെ പുതിയ മോഡൽ ഈ മാസം 20 ന് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

110 സിസി എൻജിൻ കപ്പാസിറ്റിയുമായി എത്തുന്ന പുതിയ വിക്ടർ മോഡലിന് 9 ബിഎച്ച്പി കരുത്തും 8 എൻഎം ടോർക്കുമുണ്ടാകും. വിക്ടറിനെ കൂടാതെ അപ്പാച്ചെ സീരീസിലെ പുതിയ ബൈക്കായ 200 സിസി അപ്പാച്ചെയേയും ബിഎംഡബ്ല്യുവുമായി ചേർന്നു പുറത്തിറക്കുന്ന ജി310 ആർ എന്ന നേക്കഡ് സ്പോർട്സ് ബൈക്കും കമ്പനി ഈ മാസം പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്.