‘സ്റ്റാർ സിറ്റി പ്ലസി’നു ‘ഗോൾഡ് എഡീഷനു’മായി ടി വി എസ്

‘സ്റ്റാർ സിറ്റി പ്ലസി’ന്റെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചു ടി വി എസ് മോട്ടോർ കമ്പനി ബൈക്കിന്റെ പ്രത്യേക പതിപ്പായി ‘സ്പെഷൽ ഗോൾഡ് എഡീഷൻ’ പുറത്തിറക്കി. രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തിയ ‘സ്റ്റാർ സിറ്റി പ്ലസ് ഗോൾഡ് എഡീഷന്’ 48,934 രൂപയാണു ഡൽഹിയിലെ ഷോറൂം വില.

ഒരു വർഷം മുമ്പു വിപണിയിലെത്തിയ ‘സ്റ്റാർ സിറ്റ് പ്ലസ്’ നേടിയ തകർപ്പൻ വിജയം ആഘോഷിക്കാനാണു പ്രത്യേക പതിപ്പായ ‘ഗോൾഡ് എഡീഷൻ’ അവതരിപ്പിച്ചതെന്ന് ടി വി എസ് മോട്ടോർ കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ എൻ രാധാകൃഷ്ണൻ അറിയിച്ചു. ‘സ്റ്റാർ സിറ്റി പ്ലസി’ന്റെ മികവുകൾക്കൊപ്പം സ്വർണ വർണം ഇതിവൃത്തമാവുന്ന സവിശേഷ രൂപകൽപ്പനയാണു ബൈക്കിനായി സ്വീകരിച്ചത്. ഒപ്പം ട്യൂബ്രഹിത ടയറും സീറ്റിന് അടിയിലായി യു എസ് ബി ചാർജറും പോലുള്ള സൗകര്യങ്ങളും ബൈക്കിൽ ലഭ്യമാക്കി. ‘സ്റ്റാർ സിറ്റി പ്ലസി’നെ പോലെ ഈ പരിമിതകാല പതിപ്പും മികച്ച സ്വീകാര്യത നേടുമെന്നു രാധാകൃഷ്ണൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

വെള്ള നിറമുള്ള ബോഡിയിൽ സ്വർണ വർണ ഗ്രാഫിക്സ്, സ്വർണ നിറത്തിലുള്ള മാഗ് വീൽസ്, ഇതേ നിറത്തിലുള്ള ത്രിമാന ബ്രാൻഡ് ലോഗോ, വൈസറിൽ സ്വർണ വർണത്തിലുള്ള ടി വി എസ് ചിഹ്നത്തിനൊപ്പം ‘ബൈക്ക് ഓഫ് ദ് ഇയർ’ മുദ്രണം എന്നിവയൊക്കെ ബൈക്കിലുണ്ട്. പാർശ്വത്തിലെ കവർ ഫ്രെയിമിന് ബീജ് നിറവും ചുവപ്പ് തുന്നലോടെ ഇരട്ട വർണത്തിലുള്ള സീറ്റും ചുവപ്പ് നിറമുള്ള ഷോക് അബ്സോബറുമൊക്കെ ‘ഗോൾഡ് എഡീഷനി’ലുണ്ട്.

സാധാരണ പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ മാറ്റമില്ലാതെയാണു ‘സ്റ്റാർ സിറ്റി പ്ലസ് ഗോൾഡ് എഡീഷ’ന്റെയും വരവ്. ബൈക്കിനു കരുത്തേകുന്നത് ‘സ്റ്റാർ സിറ്റി’യിലും ‘വീഗോ’യിലും ‘ജുപ്പീറ്ററി’ലുമൊക്കെ മികവു തെളിയിച്ച 109.7 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്. എങ്കിലും കൂടുതൽ കരുത്തിനും ടോർക്കിനുമായി എൻജിനിൽ ചില്ലറ പരിഷ്കാരങ്ങൾ ടി വി എസ് വരുത്തിയിരുന്നു; ‘സ്റ്റാർ സിറ്റി പ്ലസി’ലെത്തുമ്പോൾ 7,000 ആർ പി എമ്മിൽ പരമാവധി 8.3 ബി എച്ച് പി കരുത്തും 5,000 ആർ പി എമ്മിൽ 8.7 എൻ എം കരുത്തും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും.

അതേസമയം ‘സ്റ്റാർ സിറ്റി’യിലെ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്ത് 8.18 ബി എച്ച് പിയും ടോർക്ക് 8.1 എൻ എമ്മുമാണ്. പോരെങ്കിൽ ഈ എൻജിന് ലീറ്ററിന് 86 കിലോമീറ്റർ ഇന്ധനക്ഷമതയും ടി വി എസ് വാഗ്ദാനം ചെയ്യുന്നുണ്ട്(‘സ്റ്റാർ സിറ്റി’യുടെ ഇന്ധനക്ഷമത 83.9 കിലോമീറ്ററാണ്). നാലു സ്പീഡ് ഗീയർ ബോക്സാണു ‘സ്റ്റാർ സിറ്റി പ്ലസി’ലുമുള്ളത്. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.6 സെക്കൻഡ് എടുക്കുന്ന ബൈക്കിന്റെ പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്.

ശേഷിയേറിയ എയർ ഫിൽറ്റർ, ഓപ്റ്റിമൈസ്ഡ് കാർബുറേറ്റർ, മെച്ചപ്പെട്ട ക്ലച്, തേയ്മാന സാധ്യത കുറഞ്ഞ പിസ്റ്റൻ തുടങ്ങിയവയും ‘സ്റ്റാർ സിറ്റി പ്ലസി’ൽ ലഭ്യമാണ്. സ്റ്റെയ്ൻലസ് സ്റ്റീൽ മഫ്ളർ ഗാഡ്, ക്രോം സ്പർശമുള്ള ഹാൻഡിൽ ബാർ, പവർ/ഇക്കോണമി മോഡ്, സർവീസ് ഇൻഡിക്കേറ്റർ, ടെലിസ്കോപിക് മുൻ സസ്പെൻഷൻ, അഞ്ചു വിധത്തിൽ ക്രമീകരിക്കാവുന്ന പിൻ ഷോക് അബ്സോബർ തുടങ്ങിയവയും ബൈക്കിൽ ടി വി എസ് ലഭ്യമാക്കുന്നുണ്ട്.