ടി വി എസ് ‘സ്റ്റാർ സിറ്റി പ്ലസി’നും ‘സ്പോർട്ടി’നും പുതുവർണം

ഉത്സവകാലത്തെ വരവേൽക്കാൻ ടി വി എസ് മോട്ടോർ കമ്പനി ‘സ്റ്റാർ സിറ്റി പ്ലസി’നും ‘സ്പോർട്ടി’നും പുത്തൻ നിറക്കൂട്ടുകൾ അവതരിപ്പിച്ചു. സ്പോർട്ലൈറ്റ് വൈറ്റ് നിറത്തിലാണു ‘സ്റ്റാർ സിറ്റി പ്ലസ്’ വിൽപ്പനയ്ക്കെത്തുക; ബ്ലാക്ക് — സിൽവർ സങ്കലനമാണു ‘സ്പോർട്ടി’ന്റെ പുതിയ നിറക്കൂട്ട്. കിക്ക് സ്റ്റാർട്ടും അലോയ് വീലുമായെത്തുന്ന ‘ടി വി എസ് സ്റ്റാർ സിറ്റി പ്ലസി’ന്റെ സ്പോർട്ലൈറ്റ് വൈറ്റ് നിറത്തിന് 44,300 രൂപയാണു ഡൽഹി ഷോറൂമിലെ വില. കിക്ക്സ്റ്റാർട്ട്, സ്പോക്ക് വീൽ എന്നിവയോടെ ലഭിക്കുന്ന ‘ടി വി എസ് സ്പോർട്ടി’ന്റെ ബ്ലാക്ക് സിൽവർ നിറത്തിന് 36,880 രൂപയാവും ഡൽഹി ഷോറൂം വില. ‘സ്റ്റാർ സിറ്റി പ്ലസി’നു കരുത്തേകുന്നത് 109.7 സി സി എൻജിനാണ്; ‘സ്പോർട്ടി’ൽ ഇടംപിടിക്കുന്നത് 99.7 സി സി എൻജിനും.

സ്പോർട്ലൈറ്റ് വൈറ്റ് കൂടിയെത്തിയതോടെ ‘ടി വി എസ് സ്റ്റാർ സിറ്റി പ്ലസ്’ ഇപ്പോൾ 11 നിറങ്ങളിൽ വിൽപ്പനയ്ക്കുണ്ട്. ചോക്ലേറ്റ് ഗോൾഡ്, വൈറ്റ് ഗോൾഡ്, ബ്ലാക്ക് ഗോൾഡ്, ബ്ലാക്ക് സിൽവർ, ബ്ലാക്ക് ബ്ലൂ, മാറ്റ് ഗ്രേ, ടൈറ്റാനിയം ഗ്രേ, ഓസ്കർ ബ്ലാക്ക്, ഷോ സ്റ്റോപ്പർ ബ്ലൂ, സെലിബ്രിറ്റി സ്കാർലറ്റ് നിറങ്ങളിലും ബൈക്ക് വിപണിയിലുണ്ട്.‘ടി വി എസ് സ്പോർട്ട്’ ആവട്ടെ മൊത്തം ഒൻപതു നിറങ്ങളിലാണു ലഭ്യമാവുക: വൈറ്റ് ബ്ലൂ, വൈറ്റ് റെഡ്, വൈറ്റ് ഗ്രീൻ, മെർക്കുറി ഗ്രേ, ബ്ലാക്ക് റെഡ്, ബ്ലാക്ക് ഗ്രീൻ, ടീം ബ്ലൂ, റെഡ്, ബ്ലാക്ക് സിൽവർ.

ഉത്സവകാലത്തിന്റെ ആഘോഷങ്ങൾ പങ്കിടുന്നതിനൊപ്പം മോട്ടോർ സൈക്കിളുകളുടെ കാഴ്ചപ്പകിട്ട് വർധിപ്പിക്കാനും ഈ പുതുനിറങ്ങൾക്കു കഴിയുമെന്നു ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ് മാർക്കറ്റിങ് (മോട്ടോർ സൈക്കിൾസ്) അരുൺ സിദ്ധാർഥ് അഭിപ്രായപ്പെട്ടു. ഉടമകൾക്കു കൂടുതൽ സാധ്യതകൾ വാഗ്ദാനം ചെയ്യാൻ കൂടി ലക്ഷ്യമിട്ടാണ് ഈ ബൈക്കുകളിൽ പുതുനിറങ്ങൾ അവതരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.