150 കോടിയുടെ വികസനത്തിനൊരുങ്ങി ടി വി എസ് ടയേഴ്സ്

തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലുമുള്ള നിർമാണശാലകളുടെ ശേഷി വർധിപ്പിക്കാൻ 150 കോടി രൂപ നിക്ഷേപിക്കുമെന്നു ടയർ നിർമാതാക്കളായ ടി വി എസ് ടയേഴ്സ്. ഇക്കൊല്ലം ഡിസംബറോടെ വികസന പ്രവർത്തനം പൂർത്തിയാക്കി പ്രതിമാസ ഉൽപ്പാദനത്തിൽ 30 ലക്ഷം യൂണിറ്റിന്റെ വർധനയാണു കമ്പനി ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ മധുരയിലും ഉത്തരാഖണ്ഡിലെ രുദ്രാപൂരിലുമുള്ള ശാലകളുടെ വികസനം പൂർത്തിയാവുന്നതോടെ പ്രതിമാസ ടയർ ഉൽപ്പാദനം നിലവിലുള്ള 20 ലക്ഷത്തിൽ നിന്ന് 23 ലക്ഷമായിട്ടാണ് ഉയരുകയെന്നു ടി വി എസ് ടയേഴ്സ് ഡയറക്ടർ പി വിജയരാഘവൻ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷമാണു കമ്പനിയുടെ പ്രതിമാസ ടയർ ഉൽപ്പാദനശേഷി 17 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർന്നത്. ഇതിന്റെ തുടർച്ചയായാണ് 150 കോടി രൂപ ചെലവിൽ ഡിസംബറോടെ പ്രതിമാസ ടയർ ഉൽപ്പാദനം 23 ലക്ഷത്തിലെത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ആഭ്യന്തര വിഭവ സമാഹരണത്തിനൊപ്പം വായ്പ വഴിയുമാവും വികസനത്തിനുള്ള തുക കണ്ടെത്തുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനു പുറമെ ട്രാക്ടറുകൾക്കുള്ള റേഡിയർ ടയർ നിർമിച്ചു കയറ്റുമതി ചെയ്യാനും ടി വി എസ് ടയേഴ്സിനു പദ്ധതിയുണ്ട്. പ്രധാനമായും യൂറോപ്യൻ വിപണികൾ ലക്ഷ്യമിട്ടുള്ള ട്രാക്ടർ ടയർ കയറ്റുമതി 12 — 18 മാസത്തിനുള്ളിൽ ആരംഭിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഓഫ് റോഡ് ടയർ വിഭാഗത്തിൽ മണ്ണുമാന്തി യന്ത്രങ്ങൾക്കുള്ള ടയറുകൾ നിർമിക്കാനും ടി വി എസിനു പദ്ധതിയുണ്ടെന്നു വിജയരാഘവൻ അറിയിച്ചു.

അതേസമയം, നാലുചക്ര വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ടി വി എസ് ടയേഴ്സില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇരുചക്ര, ത്രിചക്ര വാഹന വിഭാഗങ്ങളിൽ കമ്പനി മുൻനിരയിലാണെന്നാണു വിജയരാഘവന്റെ അവകാശവാദം.