കുതിപ്പോടെ‘വിക്ടർ’

എക്സിക്യൂട്ടീവ് കമ്യൂട്ടർ വിഭാഗത്തിൽ ഇടംനേടുന്ന മോട്ടോർ സൈക്കിളായ ‘വിക്ടറി’ന്റെ വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി. വിപണിയിലെത്തി ഒൻപതു മാസത്തിനകമാണ് ‘വിക്ടർ’ ഈ നേട്ടം കൈവരിച്ചതെന്നും ടി വി എസ് അറിയിച്ചു. ‘വിക്ടർ’ കാഴ്ചവച്ച തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ മോട്ടോർ സൈക്കിൾ വിപണിയിൽ എട്ടു ശതമാനം വിഹിതം നേടാൻ കഴിഞ്ഞതായും കമ്പനി അവകാശപ്പെട്ടു. ‘വിക്ടർ’ മികച്ച പ്രകടനം തുടർന്നാൽ രണ്ടു വർഷത്തിനകം മോട്ടോർ സൈക്കിൾ വിപണിയിലെ വിഹിതം 10 — 12% വരെയായി ഉയർത്താനാവുമെന്നും ടി വി എസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പുഞ്ചിരി പരത്തുന്ന ‘വിക്ടറി’ന്റെ കുതിപ്പിൽ ലക്ഷത്തോളം കുടുംബങ്ങൾ ഒപ്പം ചേർന്നത് ആഹ്ലാദകരമാണെന്നു ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ് (മോട്ടോർ സൈക്കിൾസ്) അരുൺ സിദ്ധാർഥ് അഭിപ്രായപ്പെട്ടു. ‘വിക്ടറി’ലൂടെ കൂടുതൽ കുടുംബങ്ങളെ ഒപ്പം കൂട്ടാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇലക്ട്രിക് സ്റ്റാർട് സൗകര്യത്തോടെ എത്തുന്ന ‘വിക്ടറി’നു കരുത്തേകുന്നത് മൂന്നു വാൽവ്, ഇകോ ത്രസ്റ്റ് എൻജിനാണ്.

8,000 ആർ പി എമ്മിൽ 9.6 പി എസ് വരെ കരുത്തും 6,000 ആർ പി എമ്മിൽ 9.4 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. 1,260 എം എം വീൽബേസുള്ള ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 175 എം എം ആണ്. ഡിസ്ക്, ഡ്രം ബ്രേക്ക് വകഭേദങ്ങളുള്ള ബൈക്ക് ആറു നിറങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്: റെഡ്, ബ്ലാക്ക് റെഡ്, ബ്ലാക്ക് സിൽവർ, ഗ്രേ, സിൽവർ, ബ്ലൂ. ഡ്രം ബ്രേക്കുള്ള ‘വിക്ടറി’ന് 50,715 രൂപയാണു ഡൽഹി ഷോറൂമിൽ വില. ഡിസ്ക് ബ്രേക്കുള്ള ‘വിക്ടറി’ന് 52,715 രൂപയാണു വില.