‘വിക്ടറി’നെ തിരിച്ചെത്തിക്കാനൊരുങ്ങി ടി വി എസ്

കമ്യൂട്ടർ വിഭാഗത്തിൽ പടവെട്ടാൻ ‘വിക്ടറി’നെ വീണ്ടും അവതരിപ്പിക്കാൻ ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി തയാറെടുക്കുന്നു. മിക്കവാറും അടുത്ത മാസം ഉൽപ്പാദനം ആരംഭിച്ചു സെപ്റ്റംബറിൽ പുതിയ ‘വിക്ടർ’ ടി വി എസ് വിൽപ്പനയ്ക്കെത്തിക്കുമെന്നാണു സൂചന. മികച്ച ഇന്ധനക്ഷമത ഉറപ്പാക്കാൻ ഒൻപതു ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന, 110 സി സി, മൂന്നു വാൽവ് എൻജിനോടെയാവും ‘വിക്ടറി’ന്റെ മടങ്ങി വരവ്.

ഒന്നര പതിറ്റാണ്ടോളം മുമ്പ് 2001ലായിരുന്നു ‘വിക്ടറി’ന്റെ അരങ്ങേറ്റം; അന്നു മികച്ച വിൽപ്പന കൈവരിക്കാനും ബൈക്കിനു കഴിഞ്ഞിരുന്നു. ഹീറോ മോട്ടോ കോർപിന്റെ ‘സ്പ്ലെൻഡറി’നു മൃഗീയ ആധിപത്യമുള്ള കമ്യൂട്ടർ വിഭാഗത്തിൽ രാജ്യത്തെ വാർഷിക വിൽപ്പന 20 ലക്ഷം യൂണിറ്റിലേറെയാണ്.

വിൽപ്പനയിലെ ഈ സാധ്യത പരിഗണിച്ചാണു ‘വിക്ടറു’മായി വീണ്ടും പടയ്ക്കിറങ്ങാൻ ടി വി എസ് ഒരുങ്ങുന്നത്. പ്രതിമാസം 40,000 യൂണിറ്റിന്റെ വിൽപ്പനയോടെ ആദ്യ തവണ കൈവരിച്ച സ്വീകാര്യത മടങ്ങി വരവിലും ‘വിക്ടറി’നു നിലനിർത്താനാവുമെന്നും കമ്പനി കരുതുന്നു.

കൃത്യമായ വേർതിരിവുകളുള്ള ഇരുചക്രവാഹന വിപണിയിൽ ഓരോ വിഭാഗത്തിലും ഒന്നോ രണ്ടോ ബ്രാൻഡുകൾക്കാണ് ആധിപത്യമുള്ളത്. സ്കൂട്ടറുകളിൽ ഹോണ്ടയുടെ ‘ആക്ടീവ’യ്ക്കു മേൽക്കോയ്മ ഉള്ളപ്പോൾ മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയിൽ ഹീറോ ‘സ്പ്ലെൻഡർ’ ആണു കേമൻ. ബൈക്കുകളിലെ ലൈഫ് സ്റ്റൈൽ വിഭാഗത്തിലാവട്ടെ റോയൽ എൻഫീൽഡിൽ നിന്നുള്ള ‘ബുള്ളറ്റു’കളുടെ വാഴ്ചയാണ്.

ഇരുചക്രവാഹന വിപണിയുടെ എൻട്രി ലവൽ വിഭാഗത്തിൽ ‘സ്റ്റാർ സിറ്റി’യും സ്കൂട്ടറുകളിൽ ‘വിഗോ’യും ‘ജുപ്പീറ്ററു’മൊക്കെയായി ടി വി എസിനും സജീവ സാന്നിധ്യമുണ്ട്. ‘വിക്ടറി’നും പഴയ മികവ് ആവർത്തിക്കാൻ കഴിഞ്ഞാൽ ‘സ്പ്ലെൻഡറി’നു പോലും ശക്തമായ വെല്ലുവിളി ഉയർത്താനാവുമെന്നാണു ടി വി എസിന്റെ പ്രതീക്ഷ.

സമീപകാലത്തായി ടി വി എസിൽ നിന്നുള്ള ഇരുചക്രവാഹനങ്ങൾ വിപണിയിൽ മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. വിൽപ്പനയ്ക്കൊപ്പം ലാഭക്ഷമതയുമേറിയതു കമ്പനിയുടെ വരുമാനക്കണക്കുകളിലും പ്രകടമാണ്. ഇരുചക്രവാഹന വിപണിയിലാവട്ടെ നഗരങ്ങൾ സ്കൂട്ടുറുകളോടു പ്രതിപത്തി പ്രകടിപ്പിക്കുമ്പോൾ ഗ്രാമീണ മേഖലയിൽ മോട്ടോർ സൈക്കിളുകൾക്കാണ് ആവശ്യമേറെ. ഗ്രാമീണ സമ്പദ്​വ്യവസ്ഥയിലെ അനിശ്ചിതത്വം മൂലം കഴിഞ്ഞ 18 മാസത്തിനിടെ ബൈക്ക് വിൽപ്പന സ്കൂട്ടറുകൾക്കു പിന്നിലായിട്ടുമുണ്ട്. ഈ തിരിച്ചടി നേരിടാനായി ആസിയാൻ, ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ വിപണികളിലേക്കുള്ള കയറ്റുമതി ഊർജിതമാക്കാനുള്ള ശ്രമത്തിലാണു വിവിധ ഇരുചക്രവാഹന നിർമാതാക്കൾ.