യൂബറിന്റെ സേവനം 50 ഇന്ത്യൻ നഗരങ്ങളിലേക്ക്

ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരായ യൂബർ. വർഷാവസാനത്തോടെ രാജ്യത്തെ 50 നഗരങ്ങളിൽ കമ്പനിയുടെ സേവനം ലഭ്യമാക്കുമെന്നു യൂബർ വ്യക്തമാക്കി. പ്രാദേശിക കമ്പനികളുമായി സഹകരിച്ചാവും കൂടുതൽ നഗരങ്ങളിൽ സേവനം എത്തിക്കുകയെന്നും യൂബർ എഷ്യ ബിസിനസ് മേധാവി എറിക് അലക്സാണ്ടർ അറിയിച്ചു. നിലവിൽ 27 നഗരങ്ങളിലാണു യൂബറിന്റെ സേവനം ലഭ്യമാവുന്നത്. ആത്യന്തികമായി ആവശ്യപ്പെടുന്നവർക്കെല്ലാം സേവനം എത്തിക്കാനാണു യൂബർ ലക്ഷ്യമിടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പങ്കാളികളായ ഡ്രൈവർമാർക്കു നൽകുന്ന ആനുകൂല്യങ്ങൾ കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് മാതൃകയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ ഡ്രൈവർമാരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണു യൂബർ ചെയ്യുന്നത്; അങ്ങനെ ഓരോ മണിക്കൂറിലും കൂടുതൽ ട്രിപ് പൂർത്തിയാക്കാൻ അവർക്കു കഴിയുകയും കൂടുതൽ പണം സമ്പാദിക്കാൻ അവസരമൊരുങ്ങുകയും ചെയ്യുന്നു. പങ്കാളികളായ ഡ്രൈവർമാർക്കു കൂടുതൽ വരുമാനം നേടിക്കൊടുക്കുന്നതിലാണു യുബറിന്റെ ശ്രദ്ധയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതോടൊപ്പം തന്നെ സ്വന്തം നിലയിൽ ബിസിനസ് വളർത്താൻ കമ്പനി ശ്രമിക്കുന്നുണ്ടെന്നും അലക്സാണ്ടർ അംഗീകരിച്ചു.

ഓരോ പുതിയ നഗരത്തിലും പുതുതായി പ്രവർത്തനം ആരംഭിക്കുമ്പോൾ യൂബർ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ കാലക്രമേണ ചെലവിൽ കുറവു വരും. കഴിവതും വേഗം സ്വയം പര്യാപ്തത കൈവരിക്കുംവിധത്തിലേക്കു പ്രവർത്തനം എത്തിക്കുക എന്നതാണു യൂബറിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.അടുത്തയിലെ പേ ടി എം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ആർമി വെൽഫെയർ ബോഡി എന്നിവയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട യൂബർ ഇത്തരത്തിലുള്ള കൂടുതൽ സഖ്യങ്ങൾ ലക്ഷ്യമിടുന്നുണ്ട്. ഡ്രൈവർമാർക്കൊപ്പം ഇടപാടുകാർക്കും കൂടുതൽ സാധ്യതകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് ഇത്തരം സഖ്യങ്ങളെന്നും കമ്പനി വിശദീകരിക്കുന്നു.

സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള പ്രാദേശിക കമ്പനികളുമായി സഹകരിക്കുന്നത് വിജയത്തിലേക്കുള്ള യൂബറിന്റെ തന്ത്രമാണെന്ന് അലക്സാണ്ടർ വെളിപ്പെടുത്തി. കൂടുതൽ ഡ്രൈവർമാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണു ചില സഖ്യങ്ങൾ; ഇന്ത്യൻ ആർമി വെൽഫെയർ ബോഡിയുമായുള്ള പങ്കാളിത്തത്തിലൂടെ ഡ്രൈവർമാരാവാൻ 20 ലക്ഷത്തോളം വിമുക്ത ഭടന്മാരുടെ സേവനമാണു കമ്പനി പ്രതീക്ഷിക്കുന്നത്. സമാന രീതിയിൽ സംസ്ഥാന സർക്കാരുകളുമായും ഡ്രൈവിങ് സ്കൂളുകളുമായുമൊക്കെ സഹകരിക്കാൻ യൂബറിന് ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.