സ്വയം ഓടുന്ന കാറിനായി വോൾവോ ഊബർ സഹകരണം

ഡ്രൈവർ ആവശ്യമില്ലാത്ത വാഹനങ്ങളുടെ വികസനത്തിൽ സഹകരിക്കാൻ സ്വീഡിഷ് നിർമാതാക്കളായ വോൾവോ കാഴ്സും റൈഡ് ഷെയറിങ് സേവനദാതാക്കളായ ഊബറും തീരുമാനിച്ചു. സ്വയം ഓടുന്ന വാഹനം വികസിപ്പിക്കാനുള്ള സംയുക്ത സംരംഭത്തിൽ 30 കോടി ഡോളർ(ഏകദേശം 2007.82 കോടി രൂപ) ആണ് ഇരുപങ്കാളികളും ചേർന്നു നിക്ഷേപിക്കുക. ഒരേ അടിസ്ഥാന മോഡൽ ആധാരമാക്കി സ്വന്തം നിലയിലുള്ള ഡ്രൈവർ രഹിത വാഹന വികസന പദ്ധതിയുമായി മുന്നോട്ടു പോകാനാണു വോൾവോയും ഊബറും ആലോചിക്കുന്നതെന്നു ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ കാഴ്സ് വ്യക്തമാക്കി. വോൾവോ രൂപകൽപ്പന ചെയ്യുന്ന അടിസ്ഥാന മോഡലിൽ ഊബർ വികസിപ്പിച്ചെടുത്ത ഓട്ടണോമസ് ഡ്രൈവിങ് സംവിധാനങ്ങളും ലഭ്യമാക്കാനാണ് ഇരുകമ്പനികളുമായുള്ള ധാരണ.

സ്വയം ഓടുന്ന വാഹന വികസനത്തിനായി യു എസിൽ കഴിഞ്ഞ ഏപ്രിലിൽ രൂപീകൃതമായ സഖ്യത്തിലെ സ്ഥാപക അംഗങ്ങളാണു വോൾവോയും ഊബറും. ഗൂഗിൾ, യു എസ് നിർമാതാക്കളായ ഫോഡ്, ഊബറിന്റെ എതിരാളികളായ ലിഫ്റ്റ് തുടങ്ങിയ കമ്പനികളാണു സഖ്യത്തിലെ മറ്റ് അംഗങ്ങൾ. മനുഷ്യ ഇടപെടൽ പൂർണമായും ഒഴിവാക്കി യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാൻ പ്രാപ്തിയുള്ള, സ്വയം ഓടുന്ന കാറുകൾ വികസിപ്പിക്കുമെന്നു വോൾവോയും ഊബറും നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഊബറാവട്ടെ കഴിഞ്ഞ മേയിൽ സ്വയം ഓടുന്ന കാർ മാതൃക അനാവരണം ചെയ്തതുമാണ്; പെൻസിൻവേനിയയിലെ പിറ്റ്സ്ബർഗ് നഗരവീഥികളിലാണു കാറിന്റെ പരീക്ഷണ ഓട്ടം നടത്തുകയെന്നും ഊബർ പ്രഖ്യാപിച്ചിരുന്നു.

വോൾവോയാവട്ടെ സ്വീഡിഷ് നഗരമായ ഗോഥൻബർഗിലെ കമ്പനി ആസ്ഥാനത്താണ് 2014ൽ സെമി ഓട്ടണോമസ് കാറുകളുടെ പരീക്ഷണ ഓട്ടത്തിനു തുടക്കമിട്ടത്. അടുത്ത വർഷത്തോടെ ലണ്ടനിലും ഗോഥൻബർഗിലുമായി സ്വയം ഓടുന്ന കാറുകളുടെ വിപുലമായ പരീക്ഷണഓട്ടം സംഘടിപ്പിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്.പ്രതിവർഷം 10 ലക്ഷത്തോളം ആളുകളാണു കാർ അപകടങ്ങളിൽ കൊല്ലപ്പെടുന്നതെന്ന് ഊബർ ചീഫ് എക്സിക്യൂട്ടീവ് ട്രവെയ്സ് കലാനിക് ഓർമിപ്പിച്ചു. സ്വയം ഓടുന്ന വാഹന സാങ്കേതികവിദ്യയുടെ വികസനത്തിന് ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാവും. പക്ഷേ ഊബറിന് ഒറ്റയ്ക്ക് ഈ സാങ്കേതികവിദ്യ പൂർണതയിലെത്തിക്കാനാവില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതിനാലാണ് സുരക്ഷാ മേഖലയിൽ മികച്ച പ്രവർത്തന പാരമ്പര്യമുള്ള വോൾവോ പോലുള്ള നിർമാതാക്കളുമായി സഹകരിക്കാനുള്ള കമ്പനിയുടെ തീരുമാനം സുപ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.