യു എമ്മിന്റെ ആദ്യ ഡീലർഷിപ് ഡൽഹിയിൽ തുറന്നു

UM Renegade Commando & UM Renegade Sports S

യു എസിൽ നിന്നുള്ള മോട്ടോർ സൈക്കിൾ നിർമാതാക്കളായ യു എം മോട്ടോർ സൈക്കിൾസിന്റെ ഇന്ത്യയിലെ ആദ്യ ഡീലർഷിപ് ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. രാജ്യതലസ്ഥാനമായ ഡൽഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസിൽ തുറന്ന ഡീലർഷിപ്പിൽ രണ്ടു ക്രൂസറുകളാണു പ്രദർശിപ്പിച്ചിരിക്കുന്നത്. വൈകാതെ ടെസ്റ്റ് റൈഡുകൾ ആരംഭിക്കുമെന്നും യു എം മോട്ടോർസൈക്കിൾസ് വ്യക്തമാക്കിയിട്ടുണ്ട്.  വരുംമാസങ്ങളിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഡീലർഷിപ്പുകൾ തുറക്കുമെന്നു കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

UM Renegade Commando & UM Renegade Sports S

വെസ്പയുടെ പഴയ പങ്കാളിയായ ലോഹിയ മോട്ടോഴ്സ് ലിമിറ്റഡും(എൽ എം എൽ) യു എം മോട്ടോർ സൈക്കിൾസും ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭമാണു യു എം എൽ. 300 മുതൽ 500 സി സി വരെ എൻജിൻ ശേഷിയുള്ള ക്രൂസർ ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണു കമ്പനി തയാറെടുക്കുന്നത്. ഈ ഡിസംബറിനകം 50 ഡീലർഷിപ്പുകൾ തുറക്കാനും യു എം എൽ ലക്ഷ്യമിടുന്നുണ്ട്. നോയ്ഡ, ഗുഡ്ഗാവ്, ചണ്ഡീഗഢ്, അമൃത്സർ, ലക്നൗ, ജയ്പൂർ, അഹമ്മദബാദ്, സൂറത്ത്, മുംബൈ, പുണെ, നാസിക്, ഔറംഗബാദ്, താണെ, കോലാപ്പൂർ, ബെംഗളൂരു, ഹൈദരബാദ്, വിജയവാഡ, കോയമ്പത്തൂർ, ചെന്നൈ, മധുര, ഗുവാഹത്തി, ഇംഫാൽ, ഐസ്വാൾ എന്നിവയ്ക്കൊപ്പം കൊച്ചിയിലടക്കം 24 പ്രധാന നഗരങ്ങളിൽ വൈകാതെ ഷോറൂം തുറക്കാനാണു കമ്പനി ഒരുങ്ങുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ രണ്ടു മോട്ടോർ സൈക്കിളുകളാണു കമ്പനി അനാവരണം ചെയ്തത്: ‘റെനെഗേഡ് കമാൻഡോ’യും ‘റെനെഗേഡ് സ്പോർട് എസും’. ഡൽഹി ഷോറൂമിൽ യഥാക്രമം 1.49 ലക്ഷം രൂപയും 1.59 ലക്ഷം രൂപയുമാണ് ഈ ബൈക്കുകളുടെ വില. മേയ് വരെ ഈ ക്രൂസർ ബൈക്കുകൾക്ക് ആയിരത്തോളം ബുക്കിങ്ങുകൾ ലഭിച്ചെന്നും യു എം മോട്ടോർ സൈക്കിൾസ് അവകാശപ്പെട്ടിരുന്നു. ബൈക്ക് ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കുള്ള വാഹന കൈമാറ്റം വൈകാതെ ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

UM Renegade Commando

കൂടാതെ ഇടയ്ക്കു താൽക്കാലികമായി നിർത്തിവച്ചിരുന്ന വാഹന ബുക്കിങ്ങും യു എം മോട്ടോർ സൈക്കിൾസ് പുനഃരാരംഭിച്ചു. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ഓഗസ്റ്റോടെയാവും പുതിയ ബൈക്കുകൾ ലഭിക്കുക. കാഴ്ചയിൽ ഏറെ വ്യത്യസ്തതകളുള്ള മോഡലുകളാണു യു എമ്മിന്റെ ‘റെനെഗേഡ് സ്പോർട് എസും’ ‘റെനെഗേഡ് കമാൻഡോ’യും; ‘സ്ട്രീറ്റ്’ ബൈക്കുകളിൽ നിന്നു പ്രചോദിതമായ ‘സ്പോർട് എസി’ന്റെ രൂപകൽപ്പനയിൽ ക്രോമിയത്തിന്റെ സാന്നിധ്യം തീരെ കുറവാണ്. അതേസമയം, രണ്ടാം ലോകമഹായുദ്ധ കാലത്തെ അമേരിക്കൻ മോട്ടോർ സൈക്കിളുകൾ പോലുള്ള സൈനിക വാഹനങ്ങളെ അനുസ്മരിപ്പിക്കുന്നതാണു ‘കമാൻഡോ’യുടെ നിറക്കൂട്ട്. ഇരു ബൈക്കുകൾക്കും കരുത്തേകുന്നത് 279 സി സി, സിംഗിൾ സിലിണ്ടർ, വാട്ടർ കൂൾഡ് എൻജിനാണ്; 8,500 ആർ പി എമ്മിൽ പരമാവധി 25 ബി എച്ച് പി കരുത്തും 7,000 ആർ പി എമ്മിൽ 21.8 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇവയ്ക്കൊപ്പം വർഷാവസാനത്തോടെ ‘റെനെഗേഡ് ക്ലാസി’ക്കും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന; ഡൽഹി ഷോറൂമിൽ 1.69 ലക്ഷം രൂപയാണു ബൈക്കിനു പ്രതീക്ഷിക്കുന്ന വില.