പുത്തൻ സ്കൂട്ടറുകളുമായി ‘വെസ്പ’; വില 77,308 രൂപ മുതൽ

ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയോ ഇന്ത്യയിലെ ‘വെസ്പ’ മോഡൽനിര വിപുലീകരിച്ചു. കമ്പനിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറും ഫുട്ബോൾ താരവുമായ അലെസ്സാന്ദ്രൊ ദെൽപിയറൊയാണ് പുതിയ ‘എസ് എക്സ് എൽ’, ‘വി എക്സ് എൽ’ ശ്രേണി അനാവരണം ചെയ്തത്.

പുതിയ സ്കൂട്ടറുകൾക്കു കരുത്തേകുന്നത് 150 സി സി, മൂന്നു വാൽവ്, ഒറ്റ സിലിണ്ടർ എൻജിനാണ്; 7,000 ആർ പി എമ്മിൽ പരമാവധി 11.44 ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ 11.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇതോടൊപ്പം 125 സി സി, ഒറ്റ സിലിണ്ടർ എൻജിൻ സഹിതവും ഇരു മോഡലുകളും ലഭ്യമാവും; 7,500 ആർ പി എമ്മിൽ 9.92 ബി എച്ച് പി വരെ കരുത്തും 6,000 ആർ പി എമ്മിൽ 10.6 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സി വി ടി ട്രാൻസ്മിഷനാണ് ഇരു സ്കൂട്ടറുകളിലുമുള്ളത്.

കരുത്തേറിയ എൻജിനുള്ള ‘എസ് എക്സ് എല്ലി’ന് 88,696 രൂപയാണു പുണെ ഷോറൂമിൽ വില; 125 സി സി എൻജിനുള്ള ‘എസ് എക്സ് എല്ലി’ന്റെ വില 81,967 രൂപയാണ്. ‘വി എക്സ് എല്ലി’ന്റെ 150 സി സി മോഡലിന് 84,641 രൂപയും 125 സി സി മോഡലിന് 77,308 രൂപയുമാണു പുണെയിലെ വില.എൻജിൻ സാധ്യതകൾക്കു പുറമെ രൂപകൽപ്പനയിലെ മാറ്റങ്ങളും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായാണ് ‘വെസ്പ എസ് എക്സ് എല്ലി’ന്റെയും ‘വി എക്സ് എല്ലി’ന്റെയും വരവ്. ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ, മുന്നിൽ 11 ഇഞ്ച് അലോയ് വീൽ, ട്യൂബ്രഹിത ടയർ, മുൻ ഡിസ്ക് ബ്രേക്ക് തുടങ്ങിയവയൊക്കെ പുതിയ സ്കൂട്ടറുകളിലുണ്ട്.

അഞ്ചു നിറങ്ങളിലാണ് ‘എസ് എക്സ് എൽ’ ശ്രേണി ലഭ്യമാവുക: ഓറഞ്ച്, മാറ്റ് ബ്ലാക്ക്, വൈറ്റ്, മാറ്റ് റെഡ്, ആഷർ ബ്ലൂ. ‘വി എക്സ് എൽ’ ആവട്ടെ യെലോ, വൈറ്റ്, റെഡ്, മാറ്റ് ബ്ലാക്ക്, ഗ്രീൻ, മെയ്സ് ഗ്രേ എന്നീ ആറു വർണങ്ങളിൽ വിൽപ്പനയ്ക്കുണ്ടാവും.

കരുത്തേറിയ 150 സി സി എൻജിൻ സഹിതം പുത്തൻ ‘വെസ്പ’ ശ്രേണി ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്നു പിയാജിയൊ ഇന്ത്യ മാനേജിങ് ഡയറക്ടർ സ്റ്റെഫാനൊ പെല്ലി അഭിപ്രായപ്പെട്ടു. ഇറ്റാലിയൻ മികവിനെ പ്രതിനിധാനം ചെയ്യുന്ന ‘വെസ്പ’ ശ്രേണി പുറത്തിറക്കാൻ കളിക്കളത്തിൽ ഇറ്റലിയുടെ അഭിമാനമായ അലെസ്സാന്ദ്രൊ ദെൽപിയറൊ തന്നെ എത്തിയത് അഭിമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

പരിമിത സാധ്യതയുള്ള പ്രീമിയം വിഭാഗത്തിൽ ഇടംപിടിക്കുന്ന ‘വെസ്പ’ മോഡലുകളുടെ നിലവിലുള്ള പ്രതിമാസ വിൽപ്പന 2,000 യൂണിറ്റോളമാണ്. പുത്തൻ മോഡലുകളുടെ വരവോടെ ഈ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമൊന്നും പിയാജിയൊ ഇന്ത്യ പ്രതീക്ഷിക്കുന്നുമില്ല.