സ്നാപ്ഡീൽ വഴി വിൽപ്പനയ്ക്കു ‘വെസ്പ’യും

ഓൺലൈൻ വാണിജ്യ, വ്യാപാര പോർട്ടലായ സ്നാപ്ഡീൽ വഴി സ്കൂട്ടർ വിൽക്കാൻ ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡും രംഗത്ത്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപും പ്രമുഖ നിർമാതാക്കളായ മഹീന്ദ്ര ടു വീലേഴ്സുമൊക്കെ സ്നാപ്ഡീൽ വഴി വാഹന വിൽപ്പന നടത്തുന്നുണ്ട്. യുവ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണു പിയാജിയോ, സ്നാപ്ഡീലിലേക്കു ചേക്കേറിയതെന്നാണു സൂചന. കാര്യമായ അധ്വാനമില്ലാതെ ഇരുചക്രവാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന, സാങ്കേതികത്തികവുള്ള യുവ ഇടപാടുകാരെയാണു കമ്പനി സ്നാപ്ഡീൽ വഴി പ്രതീക്ഷിക്കുന്നത്.

വെറും 5,000 രൂപ അഡ്വാൻസ് അടച്ചു ‘വെസ്പ’ ശ്രേണിയിലെ ഇഷ്ടസ്കൂട്ടർ ബുക്ക് ചെയ്യാനുള്ള അവസരമാണു സ്നാപ്ഡീലിന്റെ വാഗ്ദാനം. പിയാജിയോ മോഡലുകളായ ‘വെസ്പ’, ‘വി എക്സ്’, ‘വെസ്പ എസ്’, ‘വെസ്പ എലഗന്റ്’ എന്നിവയൊക്കെ സ്നാപ്ഡീലിൽ ലഭ്യമാണ്. പോരെങ്കിൽ സ്നാപ്ഡീൽ വഴി സ്കൂട്ടർ വാങ്ങുന്ന ആദ്യത്തെ 100 ഇടപാടുകാർക്കു പിയാജിയോ 2,000 രൂപ ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്നാപ്ഡീൽ വഴിയുള്ള അടുത്ത ഇടപാടിലാണ് ഈ കൂപ്പൺ വിനിയോഗിക്കാൻ കഴിയുക.

രൂപകൽപ്പനാമികവിൽ ആഗോളതലത്തിൽ മുന്നിട്ടു നിൽക്കുന്ന വെസ്പ ബ്രാൻഡിന് ലോകമെങ്ങും ആരാധകരുണ്ടെന്ന് പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ടു വീലർ ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് ഗോയൽ അഭിപ്രായപ്പെട്ടു. ഇന്നത്തെ തലമുറയ്ക്ക് ഓൺലൈൻ ഷോപ്പിങ്ങിനോടുള്ള ആഭിമുഖ്യം പരിഗണിച്ചാണ് ‘വെസ്പ’യുടെ വിൽപ്പന ഓൺലൈൻ സംവിധാനത്തിലേക്കു വ്യാപിപ്പിക്കുന്നത്. ഈ സാധ്യത പരിഗണിച്ചാണ് സ്നാപ്ഡീലുമായി സഹകരിച്ച് ഓൺലൈൻ സ്റ്റോർ തുറക്കുന്നതെന്നും ഗോയൽ വിശദീകരിച്ചു.

കഴിഞ്ഞ 12 മാസത്തിനിടെ അത്ഭുതാവഹമായി വളർച്ചയാണു സ്നാപ്ഡീലിലെ വാഹന വിഭാഗം കൈവരിച്ചതെന്ന് സ്നാപ്ഡീൽ സീനിയർ വൈസ് പ്രസിഡന്റ് (ഇലക്ട്രോണിക്സ് ആൻഡ് ഹോം) ടോണി നവീൻ അഭിപ്രായപ്പെട്ടു. സ്നാപ്ഡീൽ പ്ലാറ്റ്ഫോമിലെ വെസ്പ ബ്രാൻഡ് സ്റ്റോർ ഇടപാടുകാർക്കു മികച്ച അനുഭവം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.