കിടിലൻ ബൈക്ക് ഡ്രിഫ്റ്റിങ്

ക്രൂയിസർ ബൈക്കുകൾ ദൂരയാത്രകൾക്കുള്ളതാണ്. വളരെ ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ക്രൂയിസർ ബൈക്കുകൾ കൊണ്ടൊരു ഡ്രിഫ്റ്റിങ്ങായാലോ? കലക്കും അല്ലേ, എന്നാൽ കേട്ടോളു കാറുകളെ തോൽപ്പിക്കുന്നൊരു ഡ്രിഫ്റ്റിങ് അതാണിപ്പോൾ യൂട്യൂബിലെ താരം. കാറുകൾ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോകൾ ധാരാളം നാം കണ്ടിട്ടുണ്ട്. നാലു ചക്രവും തെന്നിച്ച് ചീറിപ്പായുന്ന കാറുകൾ എന്നും കാഴ്ച്ചയ്ക്ക് ഹരം തന്നെയാണ്. എന്നാൽ ഈ ഇരുചക്രവാഹനത്തിൽ നടത്തുന്ന ഈ ഡ്രിഫ്റ്റിങ് ആരെയും ഞെട്ടിക്കും.

അമേരിക്കൻ ഇരുചക്രവാഹന നിർമ്മാതാക്കളായ വിക്റ്ററി മോട്ടോഴ്സാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. 200 ബിഎച്ച്പി കരുത്തുള്ള ബാഗേഴ്സ് മാഗ്നം, ബഗേഴ്സ് ക്രോസ് കൺട്രി എന്നീ രണ്ട് സുപ്പർചാർജിഡ് ക്രൂയിസർ ബൈക്കിലാണിവർ അഭ്യാസം കാണിച്ചിരിക്കുന്നത്. ബൈക്ക് സ്റ്റണ്ടർമാരായ ടോണിയും ജോ വെർട്ടിക്കലുമാണ് അഭ്യാസങ്ങൾ കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ വിഡിയോ ഇതുവരെ 2 ലക്ഷത്തിൽ അധികം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്.

വിക്റ്ററി മോട്ടോഴ്സിന്റെ ക്രൂയിസർ ബൈക്കായ ബാഗേഴ്സിന്റെ വകഭേദങ്ങളാണ് മാഗ്നം, ക്രോസ് കൺട്രി. ഹാർലി ഡേവിഡ്സണ്ണിന്റെ സ്ട്രീറ്റ് ഗ്ലൈഡുമായി മത്സരിക്കുന്ന വാഹനം വി-ട്വിൻ എൻജിനാണ് ഉപയോഗിക്കുന്നത്. 200 ബിഎച്ച്പിയാണ് സ്റ്റണ്ടിനുപയോഗിച്ചിരിക്കുന്ന സൂപ്പർചാർജിഡ് ബൈക്കുകളുടെ കരുത്ത്.