കോംപാക്റ്റ് സെഡാനുമായി ഫോക്സ്‌വാഗൺ

യു എസിൽ ‘പുകമറ’ വിവാദം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള തീവ്രശ്രമത്തിനിടയിലും ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ ജർമൻ കാർ നിർമാതാക്കളായ ഫോക്സ‌്‌വാഗനു പദ്ധതി. എക്സൈസ് ഡ്യൂട്ടിയിലെ ഇളവ് ലക്ഷ്യമിട്ടു നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് സെഡാൻ വികസിപ്പിക്കാൻ 720 കോടി രൂപയാണു കമ്പനി ചെലവഴിക്കുക. പുതിയ കാറിലൂടെ മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡിസയർ’, ഹ്യുണ്ടായ് ‘എക്സെന്റ്’, ഹോണ്ട ‘അമെയ്സ്’, ഫോഡ് ‘ഫിഗൊ ആസ്പയർ’ തുടങ്ങിയവയെയൊക്കെ നേരിടാനാണു ഫോക്സ്‌വാഗന്റെ നീക്കം.അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ പുതിയ കോംപാക്ട് സെഡാൻ ഉൽപ്പാദനം ആരംഭിക്കാനാണു ഫോക്സ്വാഗൻ തയാറെടുക്കുന്നത്. ഇന്ത്യൻ വിപണി ലക്ഷ്യമിട്ടാണു പുതിയ കോംപാക്ട് സെഡാന്റെ രൂപകൽപ്പനയും വികസനവും ഫോക്സ്‌വാഗൻ നിർവഹിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽതന്നെ ഈ കാറിന്റെ അരങ്ങേറ്റം നടത്താനാണു കമ്പനിയുടെ ശ്രമം.

രണ്ടു മൂന്നു വർഷത്തിനകം ഫോക്സ്‌വാഗനിൽ നിന്നുള്ള കോംപാക്ട് എസ് യു വിയും കോംപാക്ട് സെഡാനുമൊക്കെ പുറത്തെത്തുമെന്നു ഫോക്സ്‌വാഗൻ പാസഞ്ചർ കാഴ്സ് ഡയറക്ടർ മൈക്കൽ മേയർ 2014ൽ പ്രഖ്യാപിച്ചിരുന്നു. അന്നു തയാറാക്കിയ വികസന പദ്ധതിയാണ് പുതിയ കോംപാക്ട് സെഡാനായി അടുത്ത വർഷമാദ്യം ലക്ഷ്യത്തിലെത്തുന്നത്. രണ്ടു വർഷം മുമ്പ് ഇന്ത്യയിൽ 1,500 കോടി രൂപയുടെ പുതിയ നിക്ഷേപവും ഫോക്സ്‌വാഗൻ പ്രഖ്യാപിച്ചിരുന്നു. അതിൽനിന്നുള്ള 820 കോടി രൂപയാണു കമ്പനി കോംപാക്ട് സെഡാൻ വികസനത്തിനും ഈ കാർ നിർമിക്കാനുള്ള ഉൽപ്പാദനശേഷി വർധനയ്ക്കുമായി ചെലവഴിക്കുന്നത്.

കഴിഞ്ഞ വർഷം തുറന്ന എൻജിൻ അസംബ്ലി പ്ലാന്റിന്റെ തുടർച്ചയായുള്ള വികസനമാണ് ഇപ്പോൾ നടപ്പാകുന്നതെന്നു ഫോക്സ്‌വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ഡോ ആൻഡ്രിയാസ് ലോവർമാൻ വിശദീകരിച്ചു. ഇന്ത്യയിലെ ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കോംപാക്ട് സെഡാൻ കൂടിയാവുന്നതോടെ പുണെ പ്ലാന്റിൽ ഫോക്സ്‌വാഗൻ ഇതുവരെ നടത്തിയ മൊത്തം നിക്ഷേപം 5,500 കോടിയോളം രൂപയിലെത്തും. 2007ൽ പ്രവർത്തനം തുടങ്ങിയ ശാലയിൽ നിലവിൽ 3,200 ജീവനക്കാരാണുള്ളത്. ഫോക്സ്‌വാഗൻ ശ്രേണിയിലെ ‘പോളോ’യ്ക്കും ‘വെന്റോ’യ്ക്കുമൊപ്പം ഗ്രൂപ്പ് കമ്പനിയായ സ്കോഡയുടെ ‘റാപിഡും’ ചക്കൻ ശാല നിർമിക്കുന്നുണ്ട്.