ഫോക്സ്​വാഗൻ ഗ്രൂപ് ഡിസൈൻ മേധാവി കമ്പനി വിട്ടു

‘പുകമറ’ വിവാദത്തിൽ കുടുങ്ങിയ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗൻ എ ജിയുടെ ഡിസൈൻ ചീഫ് വാൾട്ടർ മരിയ ഡിസിൽവ കമ്പനി വിട്ടു. വെള്ളിയാഴ്ചയാണു ഡിസിൽവ രാജി സമർപ്പിച്ചതെങ്കിലും അദ്ദേഹം കമ്പനിയോടു വിട പറയാനുള്ള കാരണം വ്യക്തമല്ല. കാർ രൂപകൽപ്പനാ വിഭാഗത്തെ നയിക്കാൻ ആരാവും ഡിസിൽവയുടെ പകരക്കാരനാവുകയെന്നതു സംബന്ധിച്ചും സൂചനകളില്ല. അതിനിടെ ഈ മാസം അവസാനത്തോടെ ഡിസിൽവ കമ്പനിയോടു വിട പറയുമെന്നു ഫോക്സ്‌വാഗൻ സ്ഥിരീകരിച്ചു. എന്നാൽ ഇതേപ്പറ്റി കൂടുതൽ വിശദീകരണം നൽകാൻ കമ്പനി തയാറായില്ല.

ഇറ്റാലിയനായ ഡിസിൽവ(64) 2007ലാണ് യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‌വാഗന്റെ ഡിസൈൻ ചീഫായി ചുമതലയേറ്റത്. ഗ്രൂപ്പിലെ എല്ലാ ബ്രാൻഡുകളുടെയും രൂപകൽപ്പനയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. 2010ൽ ഔഡി ‘എ ഫൈവി’ലൂടെ രൂപകൽപ്പനാ മേഖലയിൽ ജർമനിയിൽ നിലവിലുള്ള ഏറ്റവും ഉയർന്ന സമ്മാനവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധനകളെ മറികടക്കാൻ ഡീസൽ എൻജിനുകളിൽ വ്യാപക കൃത്രിമം കാട്ടിയെന്നു സമ്മതിക്കേണ്ടിവന്നതോടെ കടുത്ത പ്രതിസന്ധിയിലാണു ഫോക്സ്‌വാഗൻ. വിവാദത്തെ തുടർന്നു ഫോക്സ്‌വാഗന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മാർട്ടിൻ വിന്റർകോണിനു സ്ഥാനം നഷ്ടമായി. എൻജിൻ മാറ്റിനൽകലും പിഴശിക്ഷയുമൊക്കെയായി ‘പുകമറ’ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്നു തലയൂരാൻ ഫോക്സ്‌വാഗൻ 830 കോടി ഡോളർ (54,837 കോടിയോളം രൂപ) ചെലവഴിക്കേണ്ടി വരുമെന്നാണു കരുതുന്നത്.

‘ഇ എ 183’ ശ്രേണിയിലെ എൻജിനുകളിൽ പ്രത്യേക സോഫ്റ്റ്വെയർ ഘടിപ്പിച്ചാണു മലിനീകരണ നിയന്ത്രണ പരിശോധനകളെ അതിജീവിച്ചതെന്നാണു കമ്പനി സമ്മതിച്ചത്. ഇതോടെ ലോക വ്യാപകമായി തന്നെ ഫോക്സ്‌വാഗനെതിരെ അന്വേഷണങ്ങൾ പുരോഗതിയിലാണ്. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ കാർ ഉടമകൾ കമ്പനിക്കെതിരെ നിയമ പോരാട്ടത്തിനും തുടക്കമിട്ടു കഴിഞ്ഞു.

കൃത്രിമം കാട്ടിയെന്ന കുറ്റസമ്മതം ഫോക്സ്‌വാഗനെ മാത്രമല്ല, ഗ്രൂപ് കമ്പനികളായ ഔഡിയെയും പോർഷെയെയുമൊക്കെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ശേഷി കുറഞ്ഞ ‘ഇ എ 183’ എൻജിനിൽ മാത്രമല്ല, ശേഷിയേറിയ ആറു സിലിണ്ടർ, മൂന്നു ലീറ്റർ, വി സിക്സ് ടി ഡി ഐ ഡീസൽ എൻജിനുകളിലും ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യമുണ്ടെന്ന ആരോപണവുമായി യു എസിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ) രംഗത്തെത്തിയിട്ടുണ്ട്. 2014 ഫോക്സ്‌വാഗൻ ‘ടുവാറെഗ്’, 2015 പോർഷെ ‘കായീൻ’, 2016 ഔഡി ‘എ സിക്സ് ക്വാട്രോ’, ‘എ സെവൻ ക്വാട്രോ’, ‘എ എയ്റ്റ്’, ‘എ എയ്റ്റ് എൽ’, ‘ക്യു ഫൈവ്’ ക്രോസോവർ തുടങ്ങിയവയ്ക്കെല്ലാം കരുത്തേകുന്നത് ഈ മൂന്നു ലീറ്റർ, വി സിക്സ്, ടി ഡി ഐ എൻജിനാണ്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഡീസൽ എൻജിനുള്ള ‘കായീൻ’ അമേരിക്കയിൽ വിൽക്കുന്നതു താൽക്കാലികമായി നിർത്തുകയാണെന്നു പോർഷെ പ്രഖ്യാപിച്ചിട്ടുണ്ട്.