ഫോക്സ്‌വാഗൻ ഇന്ത്യയിൽ 3.2 ലക്ഷം കാറുകൾ തിരികെ വിളിക്കുന്നു

പുകമറ വിവാദത്തെ തുടർന്ന് ഇന്ത്യയിലും ഫോക്സ്‌വാഗൻ ഗ്രൂപ്പ് വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു. 320000 കാറുകൾക്ക് ഇന്ത്യയിൽ തിരിച്ചു വിളി വേണ്ടിവരുമെന്നാണ് ഫോക്സ്‌വാഗൻ ഗ്രൂപ്പ്, ട്രാൻസ്പോർട്ട് മന്ത്രാലയത്തെ അറിയിച്ചത്. ഇഎ189 ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്ന എല്ലാ കാറുകള്‍ക്കും തിരിച്ചുവിളി ആവശ്യമാണെന്നാണ് കമ്പനി അറിയിച്ചത്.

ഏകദേശം 1.2 ലക്ഷം ഫോക്സ്‍വാഗൻ കാറുകളിലും, 80000 സ്കോഡ കാറുകളിലും 30000 ഔഡി കാറുകളിലുമാണ് ഇഎ189 എഞ്ചിനുകൾ ഉപയോഗിച്ചിട്ടുള്ളത്. 2008 മുതൽ ഇതുവരെ വിറ്റഴിച്ച ഇത്രയും കാറുകൾ തിരികെ വിളിച്ചു പരിശോധിച്ച് സോ‌ഫ‌്റ്റ്്‌വെയർ ശരിയാക്കുമെന്ന് കമ്പനി അധികൃതർ സർക്കാരിനെ അറിയിച്ചു. ഫോക്സ്‌വാഗൺ, ഔഡി, സ്കോഡ കാറുകളിലെ 1.2 ലീറ്റർ, 1.5 ലീറ്റർ, 1.6 ലീറ്റർ, 2 ലീറ്റർ ഡീസൽ എൻജിനുകളിലാണ് മലിനീകരണ തോത് കുറച്ചു കാട്ടുന്ന സോ‌ഫ‌്റ്റ്്‌വെയർ. ഇഎ189 എന്നു പേരുള്ള ഈ എൻജിനുകൾ വിഷവാതകമായ നൈട്രജൻ ഓക്സൈഡ് നിർദിഷ്ട പരിധിയിലുമേറെ പുറന്തള്ളും.

ലോകമെമ്പാടുമായി വിറ്റഴിച്ച 1.1 കോടി ഡീസൽ കാറുകൾ ഈ രീതിയിൽ മലിനീകരണമുണ്ടാക്കുമെന്ന് ഫോക്സ്‌വാഗൺ സമ്മതിച്ചിരുന്നു. പുക പരിശോധന നടക്കുന്ന വേളയിൽ ഈ എൻജിനുകൾ മലിനീകരണം കുറച്ചു കാട്ടും. അമേരിക്കയിൽ നടന്ന പരിശോധനയിലാണ് ഇതിനുള്ള സോ‌ഫ‌്റ്റ്‌വെയർ എൻജിനിൽ ഉണ്ടെന്നു കണ്ടെത്തിയത്. ആഗോള തലത്തിൽ 21 ലക്ഷം കാറുകളിൽ പ്രശ്നമുണ്ടെന്നു ഗ്രൂപ് കമ്പനിയായ ഔഡിയും 12 ലക്ഷം കാറുകളിൽ നിരോധിത സോഫ്റ്റ്​വെയറിന്റെ സാന്നിധ്യമുണ്ടെന്നു സ്കോഡയും അംഗീകരിച്ചിരുന്നു.