sections
MORE

സിനിമ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഡ്രൈവിങ്; അൻസിബയുടെ വാഹനവിശേഷങ്ങൾ

ansiba
SHARE

ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രം ഇറങ്ങിയിട്ട് അഞ്ചുവർഷം കഴിഞ്ഞു. അൻസിബ എന്ന നടിയുടെ ജീവിതത്തെ രണ്ടായി ഭാഗിക്കാം. ദൃശ്യത്തിന് മുൻപും ദൃശ്യത്തിന് ശേഷവും. ഈ കാലയളവിൽ ജീവിതവും കാഴ്ചപ്പാടുകളും ഒരുപാട് മാറിയെന്നു അൻസിബ പറയുന്നു. ഷോർട് ഫിലിം  സംവിധാനം ചെയ്തു. പഠനം പൂർത്തീകരിച്ചു. സിനിമയുടെ സാങ്കേതികവശങ്ങളെ കുറിച്ച് ഉപരിപഠനത്തിനൊരുങ്ങുകയാണ് താരം. വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പ്രേമമാണ് കൊച്ചിയിൽ താമസമാക്കിയ ഈ കോഴിക്കോട്ടുകാരിക്ക്. അൻസിബ തന്റെ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വലിയ വീട്ടിലെ ചെറിയ കാർ...

വീട്ടിലേക്ക് ആദ്യമെത്തിയ കാർ ഒരു മാരുതി എ സ്റ്റാർ ആയിരുന്നു. ഞങ്ങൾ ആറു മക്കളാണ്. പിന്നീട് കുറേക്കാലം ഞങ്ങളുടെ വലിയ കുടുംബത്തിന്റെ സന്തതസഹചാരിയായിരുന്നു ആ ചെറിയ കാർ. അതിന്റെ പിൻസീറ്റിലിരുന്നു മാത്രം കാഴ്ചകൾ കണ്ട കാലം. എന്നെങ്കിലും സ്വന്തമായി ഒരു കാർ വാങ്ങുമെന്ന് അന്ന് സ്വപ്നം പോലും കണ്ടിട്ടുണ്ടാകില്ല. എനിക്ക് നാല് ആങ്ങളമാരാണ്. നാലുപേരും വാഹനപ്രേമികൾ. പിന്നീടുള്ള വർഷങ്ങളിൽ വീട്ടിൽ കൂടുതലും മാറിവന്നത് അവർക്കിഷ്ടപ്പെട്ട ബൈക്കുകളാണ്. അവരിലൂടെയാണ് എനിക്കും വാഹനങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങുന്നത്.ലൈസൻസ് എടുത്ത ശേഷം ഞാനും പതിയെ കാറിന്റെ ഡ്രൈവിങ് സീറ്റ് ചോദിച്ചു വാങ്ങി. 

ansiba-audi
Ansiba Hassan

മോഹൻലാൽ എന്ന സൂപ്പർ ഡ്രൈവർ... 

ദൃശ്യത്തിലെ 'മാരിവിൽ' എന്ന പാട്ടിൽ ഞങ്ങൾ കുടുംബമായി ജീപ്പിൽ പോകുന്ന രംഗമുണ്ട്. ഹെയർപിൻ വളവുകളുള്ള റോഡിലൂടെ വളരെ അനായാസമാണ് ലാലേട്ടൻ ഡ്രൈവ് ചെയ്തത്. ഞങ്ങൾക്ക് പേടി തോന്നിയെങ്കിലും 'ഇതൊക്കെ ഞാൻ എത്ര കണ്ടതാ' എന്ന മട്ടിൽ ആസ്വദിച്ചായിരുന്നു ലാലേട്ടന്റെ ഡ്രൈവിങ്. നേരത്തെ ഭ്രമരം എന്ന സിനിമയിലും ലാലേട്ടന്റെ ഡ്യൂപ്പില്ലാതെ ജീപ്പിൽ സ്റ്റണ്ട് ചെയ്തിട്ടുണ്ട്. ദൃശ്യം എന്ന സിനിമയിലെ ഒരു കഥാപാത്രം മഞ്ഞ നിറമുള്ള മാരുതി സെൻ കാറാണ്. അതും ലാലേട്ടൻ ഓടിച്ചു പോകുന്ന സീനുകൾ സൂപ്പറായിരുന്നു.

സ്പീഡ് കാരണം വണ്ടി വിറ്റു...

സിനിമയിൽ എത്തിയ ശേഷം ഞാൻ ആദ്യം സ്വന്തമാക്കിയത് ഒരു ഫോക്സ്‌വാഗൺ പോളോ ജിടി ആയിരുന്നു. സെവൻ സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ്.  മികച്ച പവറും സേഫ്റ്റിയും കംഫർട്ടുമുള്ള വാഹനം. കോയമ്പത്തൂരിലായിരുന്നു എന്റെ കോളജ് വിദ്യാഭ്യാസം. കൊച്ചിയിൽ എനിക്കൊരു ഫ്ലാറ്റുണ്ട്. അപ്പോൾ കൊച്ചിയിൽനിന്നും കോയമ്പത്തൂരിലേക്ക് സ്ഥിരം കാറിലായിരുന്നു യാത്ര. ഒറ്റയ്ക്ക് വിടാൻ പേടിയായതുകൊണ്ട് അച്ഛനോ ആങ്ങളമാരോ കൂടെ കാണും. പാലക്കാട് കഴിഞ്ഞാൽ പിന്നെ സൂപ്പർ റോഡാണ്. ഞാൻ ആക്സിലേറ്റർ ചവിട്ടി വിടും. മൂന്നര മണിക്കൂർ കൊണ്ട് കോയമ്പത്തൂർ എത്തും.

ansiba-audi-1
Ansiba Hassan

അകത്തിരിക്കുമ്പോൾ നമ്മൾ ഇത്ര വേഗത്തിലാണ് പോകുന്നതെന്ന് തോന്നുകയേയില്ല. മുത്തശ്ശി എന്റെ സ്പീഡിന്റെ ആരാധികയാണ്. അതുകൊണ്ട് മുത്തശ്ശിയുടെ കൂടെ ലോങ്ങ് ഡ്രൈവ് പോകാൻ സുഖമാണ്. ബാക്സീറ്റ് ഡ്രൈവിങ് ഉണ്ടാകില്ല. എന്റെ സ്പീഡിനെ കുറിച്ച് സ്ഥിരം പരാതിയായപ്പോൾ വീട്ടുകാർ മുൻകയ്യെടുത്ത് ആ വണ്ടി വിറ്റു. എന്നിട്ട് എനിക്ക് ഒരു നിസ്സാൻ മൈക്ര മേടിച്ചു തന്നു. ആദ്യമൊക്കെ വിഷമം ആയെങ്കിലും പതിയെ ഞാൻ മൈക്രയുമായി കൂട്ടുകൂടി. ചെറിയ വണ്ടിയാണെങ്കിലും മികച്ച സുരക്ഷാസംവിധാനങ്ങളുണ്ട് മൈക്രയിൽ.  

ഓർത്തിരിക്കുന്ന ലോങ്ങ് ഡ്രൈവ്... 

തമിഴ്‌നാട്ടിലെ നാഗൂർ പള്ളിയിൽ മുത്തശ്ശിക്ക് ഒരു നേർച്ചയുണ്ടായിരുന്നു. മൈക്രയിലാണ് യാത്ര. ഞാനും മുത്തശ്ശിയും രണ്ടു ആങ്ങളമാരും  കൂടെയുണ്ട്. കൊച്ചി മുതൽ നാഗൂർ വരെ ഡ്രൈവിങ് സീറ്റ് ഞാൻ വിട്ടു കൊടുത്തില്ല. നാഗൂരെത്തിയപ്പോൾ അന്നാദ്യമായി എന്തോ വലിയ നേട്ടം സ്വന്തമാക്കിയ ഒരു ഫീലായിരുന്നു.

 എന്റെ ഫേവറിറ്റ് കാർ...

ദൃശ്യത്തിന് ശേഷം ഞാൻ സിനിമയിൽ സജീവമായ വർഷങ്ങൾ ലൊക്കേഷനുകളിലേക്കുള്ള ഒരുപാട് യാത്രകളുടെ കാലമായിരുന്നു. തമിഴ് സിനിമകളുടെ ലൊക്കേഷനുകൾ ഉൾനാടൻ ഗ്രാമങ്ങളിൽ ആയിരിക്കും. റോഡ് ഒന്നും കാണില്ല. അപ്പോഴാണ് സെഡാൻ ശ്രേണിയിലുള്ള ഒരു വാഹനം സ്വന്തമാക്കണമെന്ന് മോഹം തോന്നുന്നത്. അങ്ങനെയാണ് ഔഡി എ4 എന്റെ വീട്ടിലെ അംഗമായി എത്തുന്നത്. ഇപ്പോഴും എന്റെ പ്രിയ വാഹനം ഏതെന്നു ചോദിച്ചാൽ അത് ഔഡി തന്നെ.

മികച്ച പവറും കംഫർട്ടും സുരക്ഷാസംവിധാനങ്ങളുമുണ്ട്. എട്ടു എയർ ബാഗുകളുണ്ട്. പനോരമക് സൺറൂഫുണ്ട്. ഹൈറേഞ്ചിലും ഹൈവേയിലുമൊക്കെ ഡ്രൈവ് ചെയ്യുമ്പോൾ അത് തുറന്നിട്ട് ഓടിക്കുമ്പോൾ നല്ല ഫീലാണ്. എന്തായാലും ഈശ്വരാധീനം കൊണ്ട് ഞാനോടിച്ച് വണ്ടി എങ്ങും ചെന്ന് ഇടിച്ചിട്ടില്ല. പൊതുവെ ഞങ്ങൾ പെൺകുട്ടികൾ സേഫ് ഡ്രൈവിങ്ങിന്റെ ആളുകളാണല്ലോ.

ഡ്രീം കാർ...

കോംപാക്ട് കാറിൽ നിന്നും സെഡാനിൽ എത്തിനിൽക്കുകയാണ് ഇപ്പോൾ. എന്റെ ചില സിനിമാസുഹൃത്തുക്കൾ അടുത്തിടെ സെഡാനിൽ നിന്നു  എസ്‌യുവിയിലേക്ക് കൂടുമാറിയിരുന്നു. ദീർഘദൂരയാത്രകളിൽ എസ്‌യുവി തരുന്ന സുരക്ഷയെയും കംഫർട്ടിനെയും കുറിച്ച് അവർ പറയുന്നത് കേട്ടപ്പോൾ മുതൽ എന്റെ മനസ്സിലും ഒരു എസ് യു വി മോഹം ഉടലെടുത്തിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കിൽ ഭാവിയിൽ അതും ഞാൻ സ്വന്തമാക്കും. ചുരുക്കിപ്പറഞ്ഞാൽ സിനിമ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളിലൊന്ന് ഡ്രൈവിങ് തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA