ബ്രസീലിൽ 218 കോടി ഡോളർ നിക്ഷേപിക്കാൻ ഫോക്സ്‌വാഗൻ

നാലു വർഷത്തിനകം ബ്രസീലിൽ 218 കോടി ഡോളർ (ഏകദേശം 14,483.36 കോടി രൂപ) നിക്ഷേപിക്കുമെന്ന് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ വാഹനവിൽപ്പനയിൽ പ്രതീക്ഷിക്കുന്ന വർധന മുതലെടുക്കാൻ 2020നകം കാറുകളുടെ പുത്തൻ ശ്രേണി അവതരിപ്പിക്കാനാണു ഫോക്സ്‌വാഗൻ ഈ നിക്ഷേപം നടത്തുക. പുതിയ ശ്രേണിയിൽ നാലു കാറുകളാണുണ്ടാവുകയെന്നു ഫോക്സ്‌വാഗന്റെ ദക്ഷിണ അമേരിക്കൻ മേധാവി ഡേവിഡ് പവൽസ് അറിയിച്ചു. കൂടാതെ ബ്രസീലിലെ രണ്ടു നിർമാണശാലകളുടെ ഉൽപ്പാദനശേഷി മെച്ചപ്പെടുത്താനും പുതിയ നിക്ഷേപം പ്രയോജനപ്പെടുത്തും.

ബ്രസീലിയൻ വാഹന വിപണിയിൽ 12 ശതമാനത്തോളം വിഹിതമാണു നിലവിൽ ഫോക്സ്‌വാഗൻ അവകാശപ്പെടുന്നത്. പുതിയ മോഡലുകളുടെ പിൻബലത്തിൽ മേഖലയിലെ വിപണി വിഹിതത്തിൽ മൂന്നോ നാലോ ശതമാനത്തിന്റെ വർധനയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.മാന്ദ്യ ഭീഷണി നേരിടുന്ന ബ്രസീലിയൻ വാഹന വ്യവസായത്തിനു വൻ പ്രോത്സാഹനമാണു ഫോക്സ്‌വാഗന്റെ ഈ നിക്ഷേപ നിർദേശം പകർന്നിരിക്കുന്നത്. 2015 ഒക്ടോബറിനെ അപേക്ഷിച്ചു കഴിഞ്ഞ മാസത്തെ വാഹന വിൽപ്പനയിൽ ബ്രസീലിൽ 22.3% ഇടിവാണു രേഖപ്പെടുത്തിയത്.

അതിനിടെ അടുത്ത വർഷത്തോടെ ബ്രസീലിലെ വാഹന വിൽപ്പന സ്ഥിരതയാർജിക്കുമെന്ന പ്രതീക്ഷയും ഡേവിഡ് പവൽസ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യം വിലയിരുത്തുമ്പോൾ വിൽപ്പനയിൽ കൂടുതൽ തിരിച്ചടിക്കു സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.