അമെയ്സിന് ഭീഷണിയായി അമിയോ

Ameo

ഹാച്ചുകഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള കോംപാക്റ്റ് സെഡാൻ സെഗ്‌മെന്റിലേയ്ക്ക് ഫോക്സ്‌വാഗൻ തങ്ങളുടെ ചെറു കാറുമായി എത്തുന്നു. നാലു മീറ്ററിൽ താഴെ നീളമുള്ള കാറിന്റെ പേര് അമിയോ എന്നാണ് ഫോക്സ്‌വാഗൻ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഫെബ്രുവരി 5ന് ആരംഭിക്കുന്ന ഡൽഹി ഓട്ടോഎക്സ്പോയിൽ വാഹനം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

‘ഐ ലവ്’ എന്നർഥം വരുന്ന ‘അമോ’ എന്ന വാക്കിൽ നിന്നാണ് അമിയോ എന്ന പേര് വന്നിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്. സെഗ്‌മെന്റിലെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളും നിർമാണ നിലവാരവുമായിട്ടാണ് അമിയോ എത്തുകയെന്നും. ഇന്ത്യൻ വിപണിക്കായി നിർമിച്ച കാറാണ് അമിയോ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കോംപാക്ട് സെഡാൻ വികസിപ്പിക്കാൻ 720 കോടി രൂപയാണു കമ്പനി ചെലവഴിച്ചത്. പുതിയ കാറിലൂടെ മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡിസയർ’, ഹ്യുണ്ടായ് ‘എക്സെന്റ്’, ഹോണ്ട ‘അമെയ്സ്’, ഫോഡ് ‘ഫിഗൊ ആസ്പയർ’ തുടങ്ങിയവയെയൊക്കെ നേരിടാനാണു ഫോക്സ്‌വാഗന്റെ നീക്കം. നിലവിൽ പോളോയിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ‌ ഡീസൽ എൻജിനുമായിരിക്കും കോംപാക്റ്റ് സെ‍ഡാനിൽ ഉപയോഗിക്കുക.

രണ്ടു മൂന്നു വർഷത്തിനകം ഫോക്സ്‌വാഗനിൽ നിന്നുള്ള കോംപാക്ട് എസ് യു വിയും കോംപാക്ട് സെഡാനുമൊക്കെ പുറത്തെത്തുമെന്നു ഫോക്സ്‌വാഗൻ പാസഞ്ചർ കാർസ് ഡയറക്ടർ മൈക്കൽ മേയർ 2014ൽ പ്രഖ്യാപിച്ചിരുന്നു. അന്നു തയാറാക്കിയ വികസന പദ്ധതിയാണ് പുതിയ കോംപാക്ട് സെഡാനായി അടുത്ത വർഷമാദ്യം ലക്ഷ്യത്തിലെത്തുന്നത്. രണ്ടു വർഷം മുമ്പ് ഇന്ത്യയിൽ 1,500 കോടി രൂപയുടെ പുതിയ നിക്ഷേപവും ഫോക്സ്‌വാഗൻ പ്രഖ്യാപിച്ചിരുന്നു. അതിൽനിന്നുള്ള 720 കോടി രൂപയാണു കമ്പനി കോംപാക്ട് സെഡാൻ വികസനത്തിനും ഈ കാർ നിർമിക്കാനുള്ള ഉൽപ്പാദനശേഷി വർധനയ്ക്കുമായി ചെലവഴിക്കുന്നത്.