സിഫ്റ്റ് ഡിസയറിന്റെ എതിരാളി അമിയോ ജൂണിൽ

Volkswagen Ameo

കോംപാക്റ്റ് സെ‍ഡാൻ സെഗ്‌‌മെന്റിലേയ്ക്ക് ഫോക്സ്‌വാഗൻ പുറത്തിറക്കുന്ന അമിയോ ജൂണിൽ പുറത്തിറങ്ങും. ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയിൽ നിർമിച്ച കാർ എന്ന് ഫോക്സ്‌‌വാഗൻ‌ പ്രഖ്യാപിച്ച കാർ ജൂണ്‍ അവസാനം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമെയ്സ്, ഹ്യൂണ്ടേയ് എക്സെന്റ്, ടാറ്റ സെസ്റ്റ്, ഫോർഡ് ഫിഗോ അസ്പെയർ തുടങ്ങിയ വാഹനങ്ങളുമായി മൽസരിക്കാനെത്തുന്ന കാറിന്റെ പുറത്തിറക്കൽ തിയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Volkswagen Ameo

ഇന്ത്യന്‍ ഹൃദയവുമായി ജർമൻ എന്‍ജിനിയറിങ് എന്ന ടാഗ്‌ലൈനോടെ അവതരിപ്പിച്ച അമിയോ പൂർണമായും പുണെയിലെ ചകനിലുള്ള പ്ലാന്റിലാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്കു തികച്ചും അനുകൂലമായ വിധമാണ് രൂപകൽപനയെന്നു കമ്പനി അവകാശപ്പെടുന്നു. ഫോക്സ്‌വാഗന്റെ ജനശ്രദ്ധയാകർഷിച്ച മോഡലുകളായ പോളോ, വെന്റോ എന്നിവയുടെ രൂപകൽപ്പനയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അമിയോ എത്തുന്നത്. മുൻവശം പോളോയെയും പിന്‍വശം വെന്റോയെയും അനുസ്മരിപ്പിക്കുന്നു. ഫോക്സ്‌വാഗന്റെ സിഗ്നേച്ചർ ഡിഎസ്ജി യൂണിറ്റ് ട്രാൻസ്മിഷൻ.

Volkswagen Ameo

ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിനു മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകളോടെയാണ് അമിയോ എത്തുന്നതെന്ന് ഫോക്സ്‌വാഗൻ പറയുന്നു. കരുത്തുറ്റ ബോഡിയും മികച്ച ഡ്രൈവിങ് സുഖവും പ്രദാനം െചയ്യുമെന്നാണ് വാഗ്ദാനം. 1.2 ലിറ്റർ എംപിഐ മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ, 1.5 ലിറ്റർ റ്റിഡിഐ ഡീസൽ എൻജിൻ ഓപ്ഷനുകളിൽ അമിയോ ലഭ്യമാകും. ആറു ലക്ഷത്തിനും 8.25 ലക്ഷത്തിനും ഇടയിലാകും വിലയെന്നു കരുതപ്പെടുന്നു.