ഫോക്സ്്‌വാഗൻ അമിയോ പ്രദർശിപ്പിച്ചു

ഇന്ത്യൻ കാർ വിപണിയിൽ കടുത്ത മൽസരം നടക്കുന്ന സബ് കോംപാക്റ്റ് സെഡാൻ ശ്രേണിയിലേയ്ക്കു ഫോക്സ്‌വാഗനും പ്രവേശിക്കുന്നു. ഈ ശ്രേണിയിൽ കമ്പനി പുറത്തിറക്കുന്ന അമിയോ പ്രദർശിപ്പിച്ചു. German Engineering with an Indian Heart (ഇന്ത്യന്‍ ഹൃദയവുമായി ജർമൻ എന്‍ജിനിയറിങ്) എന്ന ടാഗ് ലൈനോടെ അവതരിപ്പിച്ച അമിയോ പൂർണമായും പുണെയിലെ ചകനിലുള്ള (Chakan) പ്ലാന്റിലാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്കു തികച്ചും അനുകൂലമായ വിധമാണ് രൂപകൽപനയെന്നു കമ്പനി അവകാശപ്പെടുന്നു. ഈ വർഷം രണ്ടാം പകുതിയിൽ വിപണിയിലെത്തും.

ഫോക്സ്‌വാഗന്റെ ജനശ്രദ്ധയാകർഷിച്ച മോഡലുകളായ പോളോ, വെന്റോ എന്നിവയുടെ രൂപകൽപ്പനയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അമിയോ എത്തുന്നതെന്നാണു സൂചന. ചില ഭാഗങ്ങൾ ഈ മോഡലുകളുമായി സാദൃശ്യം പുലർത്തുന്നു. മുൻവശം പോളോയെയും പിന്‍വശം വെന്റോയെയും അനുസ്മരിപ്പിക്കുന്നു. ഫോക്സ്‌വാഗന്റെ സിഗ്നേച്ചർ ഡിഎസ്ജി യൂണിറ്റ് ട്രാൻസ്മിഷൻ.

ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകളോടെയാണ് അമിയോ എത്തുന്നതെന്ന് ഫോക്സ്‌വാഗൻ പറയുന്നു. കരുത്തുറ്റ ബോഡിയും മികച്ച ഡ്രൈവിങ് സുഖവും പ്രദാനം െചയ്യുമെന്നാണ് വാഗ്ദാനം. 1.2 ലിറ്റർ എംപിഐ മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ, 1.5 ലിറ്റർ റ്റിഡിഐ ഡീസൽ എൻജിൻ ഓപ്ഷനുകളിൽ അമിയോ ലഭ്യമാകും. ആറു ലക്ഷത്തിനും 8.25 ലക്ഷത്തിനും ഇടയിലാകും വിലയെന്നു കരുതപ്പെടുന്നു.

രണ്ടു വർഷത്തിനുള്ളിൽ അഞ്ചു പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിലിറക്കുമെന്ന് ഫോക്സ്‌വാഗൻ ഇന്ത്യയുടെ തലവൻ മൈക്കിൾ മെയർ 2015-ൽ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ ഭാഗമാണ് അമിയോ. കഴിഞ്ഞ മാസം പുതിയ ബീറ്റിൽ ഫോക്സ്‌വാഗൻ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. കൂടുതൽ മോഡലുകൾ ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും.