ഫോക്സ്‌വാഗൻ വാഹനങ്ങൾ തിരികെ വാങ്ങുന്നു

അഞ്ചു ലക്ഷം കാറുകൾ തിരിച്ചുവാങ്ങാനൊരുങ്ങി ഫോക്സ്‌വാഗൻ. തിരിച്ചുവാങ്ങൽ പൂർത്തിയാകുന്നതോടെ ആഗോള വാഹനവിപണിയിലെ ഏറ്റവും വലിയ തിരിച്ചുവാങ്ങലായി ഇതു ചരിത്രത്തിൽ ഇടംനേടും. അമേരിക്കൻ അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. കഴിഞ്ഞ വർഷം കൃത്രിമ മാർഗത്തിലൂടെ പുകപരിശോധനയിൽ വിജയിച്ചെന്നു കണ്ടെത്തിയ പാർട്സുകൾ ഉപയോഗിച്ചു നിർമിച്ച കാറുകളാണു കമ്പനി തിരിച്ചുവാങ്ങുന്നത്.

ഡീസൽ കാർ വാങ്ങിയ അമേരിക്കൻ ഉപയോക്താക്കൾക്കു ഒരു നിശ്ചിത തുക നഷ്ടപരിഹാരമായി തിരിച്ചുനൽകാനും ഫോക്സ്‌വാഗൻ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനു പുറമെ അമേരിക്കയിൽ നിലവിലുള്ള സിവിൽ കേസുകൾ മുഴുവൻ പരിഹരിക്കുന്നതിന് ഏകദേശം 10 ബില്യൺ ഡോളർ (6.96 ബില്യൺ യൂറോ)യാണു ചിലവു പ്രതീക്ഷിക്കുന്നത്. അതേ സമയം നേരത്തെ ചിലവാക്കിയിരുന്ന 6.7 ബില്യൺ ഡോളറിനു പുറമെയാണോ കമ്പനി ഇപ്പോൾ നൽകുന്ന 10 ബില്യൺ ഡോളറെന്നതു വ്യക്തമല്ല. പിഴ, നഷ്ടപരിഹാരം, കോടതിചിലവ് എന്നീ വിഭാഗങ്ങളിലായി കമ്പനി ആഗോളതലത്തില്‍ ചിലവഴിക്കേണ്ടി വരുന്ന തുക ഇതിലും ഏറെ മടങ്ങുകളാകുമെന്നാണു പ്രാഥമിക നിഗമനം.

അമേരിക്കയുടെ പരിസ്ഥിതി സംരക്ഷക സംഘടനയുമായി നിലനിൽക്കുന്ന കേസുകളും ഒത്തുതീർപ്പാക്കുന്നതിനുള്ള ശ്രമത്തിലാണു കമ്പനി. ഇതിനായും വൻ തുക ചിലവഴിക്കേണ്ടി വരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയിലൂടെയാണു ഫോക്സ്‌വാഗന്‍ തങ്ങളുടെ കാറുകളിൽ ഗുണനിലവാരം കുറഞ്ഞ പാർട്സുകൾ ഉപയോഗിച്ചത്. ഇതിനായി കൃത്രിമ പുകപരിശോധന ഫലം ഉണ്ടാക്കിയെന്നാണു കേസ്.

ലാബിൽ വികസിപ്പിച്ചെടുത്ത ചില പ്രത്യേക സോഫ്റ്റ്‌വെയറുകളാണ് (പുകമറ) പുകപരിശോധനയിൽ ജയിക്കാൻ ഫോക്സ്‌വാഗനെ സഹായിച്ചത്. എന്നാൽ വാഹനം നിരത്തിലിറങ്ങിയപ്പോൾ നടത്തിയ പുകപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് കമ്പനിയുടെ കള്ളത്തരം പുറത്തായത്. അനുവദനീയമായതിലും 40 മടങ്ങ് അധികം നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്നുവെന്നു പരിശോധനയിൽ തെളിഞ്ഞു. ഇത്തരം പാർട്സുകൾ ഉപയോഗിച്ചു നിർമിച്ച 11 മില്യൺ കാറുകള്‍ ആഗോളതലത്തിൽ വിറ്റിട്ടുണ്ടെന്നു കമ്പനി കഴിഞ്ഞ വർഷം അംഗീകരിക്കുകയുണ്ടായി.

യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കമ്പനിക്കെതിരെയുള്ള അന്വേഷണം തുടരുകയാണ്. മറ്റു പല രാജ്യങ്ങളും കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. ജർമനിയും കടുത്ത നിലപാടുകളുമായി മുന്നോട്ടു പോകുകയാണെന്നു സൂചനയുണ്ട്. എന്തായാലും കടുത്ത പ്രതിസന്ധി തരണം ചെയ്യാൻ കമ്പനി തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഷെയറുകൾ ആറാഴ്ചത്തെ ഉയർന്ന നിരക്കിലെത്തി.