ഉന്നതർക്കു കാലാവധി നിശ്ചയിക്കാൻ ഫോക്സ്‌വാഗൻ

മേൽനോട്ടം കൂടുതൽ കാര്യക്ഷമമാക്കാനായി ഉന്നത പദവിയിലുള്ളവരുടെ നിയമനത്തിന് കാലാവധി ഏർപ്പെടുത്താൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ആലോചിക്കുന്നു. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയെന്നു കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ കുറ്റസമ്മതത്തെ തുടർന്നു കമ്പനി പേരു ചീത്തയാക്കിയതിനൊപ്പം ശതകോടിക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാര ബാധ്യതയും ഏറ്റെടുക്കേണ്ടി വന്ന പശ്ചാത്തലത്തിലാണു ഫോക്സ്‌വാഗന്റെ ഈ നീക്കം. ‘ഡീസൽഗേറ്റ്’ വിവാദത്തെ തുടർന്നു ദീർഘകാലമായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മാർട്ടിന്റെ വിന്റർകോൺ സ്ഥാനമൊഴിയാനും നിർബന്ധിതനായിരുന്നു.

ചില പ്രധാന തസ്തികകളിൽ എത്തുന്നവരെ കൃത്യമായ ഇടവേളകളിൽ മാറ്റാനുള്ള ആലോചനയാണു ഫോക്സ്‌വാഗൻ നടത്തുന്നത്. ഇതോടെ തന്ത്രപ്രധാന തസ്തികകളിൽ എത്തുന്നവർ ദീർഘകാലം ആ പദവിയിൽ തുടരുന്നില്ലെന്ന് ഉറപ്പാക്കാനാണു ശ്രമമെന്ന് ഫോക്സ്‌വാഗൻ ചെയർമാൻ ഹാൻസ് ഡീറ്റർ പോയെച് വിശദീകരിച്ചു. ‘പുകമറ വിവാദ’ത്തിന്റെ പേരിൽ ഫോക്സ‌്‌വാഗൻ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് ചെറിയൊരു വിഭാഗം ജീവനക്കാരാണ് ഉത്തരവാദികളെന്നാണു കമ്പനിയുടെ വിലയിരുത്തൽ. ഫോക്സ്‌വാഗൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചതിൽ ബാർഡ് അംഗങ്ങൾക്ക് പങ്കുണ്ടെന്ന സൂചന പോലുമില്ല. ഇത്തരം സാഹചര്യം ഒഴിവാക്കാനായി ഭാവിയിലെ എൻജിൻ സോഫ്റ്റ്‌വെയർ വികസനത്തിന് ‘ഫോർ ഐ’ തത്വം പിന്തുടരാനാണ് കമ്പനി ആലോചിക്കുന്നത്. തന്ത്രപ്രധാന സ്ഥാനത്തുള്ളവരെ മാറ്റുന്നത് എളുപ്പമല്ലെന്നു പോയെച് അംഗീകരിക്കുന്നു.

പക്ഷേ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽ വൈദഗ്ധ്യമുള്ളവർക്കു ക്ഷാമമില്ലെന്നതിലാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. സങ്കീർണതയേറിയ ചുമതലകൾ നിർവഹിക്കാൻ പ്രാപ്തിയുള്ളവരെ ഒരു കമ്പനിയിൽ നിന്നല്ലെങ്കിൽ മറ്റൊന്നിൽ നിന്നു കണ്ടെത്താനാവുമെന്ന് അദ്ദേഹം കരുതുന്നു. എൻജിൻ കൺട്രോൾ യൂണിറ്റ് പ്രോഗ്രാം ചെയ്യുന്നതു പോലുള്ള ദൗത്യങ്ങൾ ഏറെ ശ്രമകരമാണ്; അതുകൊണ്ടുതന്നെ സുപ്രധാന തസ്തികകൾ വഹിക്കുന്നവരെ നിശ്ചിത കാലാവധിക്കുശേഷം മാറ്റുന്നതും. പക്ഷേ ഫോക്സ്‌വാഗനെ സംബന്ധിച്ചിടത്തോൾ വിവിധ ബ്രാൻഡുകളിലായി വിദഗ്ധരുടെ നീണ്ട നിര തന്നെയുണ്ട്. അതിനാൽ ഔഡിയിലുള്ള വിദഗ്ധരെ പോർഷെയിലേക്കും പോർഷെയിലുള്ളവരെ ഫോക്സ്‌വാഗനിലേക്കുമൊക്കെ മാറ്റി കമ്പനിക്കു പുതിയ നയം ഫലപ്രദമായി നടപ്പാക്കാനാവുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.