ഫോക്സ്‌വാഗൻ ലോക നമ്പർ 1

ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളെന്ന പെരുമ ജപ്പാനിൽ നിന്നുള്ള ടൊയോട്ട മോട്ടോർ കോർപറേഷൻ അടിയറ വച്ചു. 2016ലെ വാഹന വിൽപ്പന കണക്കെടുപ്പിൽ ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗനാണു ടൊയോട്ടയെ അട്ടിമറിച്ചത്. കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്ത് മൊത്തം 1.0175 കോടി വാഹനങ്ങളാണു ടൊയോട്ട വിറ്റത്; അതേസമയം ആഗോളതലത്തിൽ 1.031 കോടി വാഹനം വിൽക്കാൻ ഫോക്സ്‌വാഗനു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തെ വാഹന വിൽപ്പനയിൽ ആരാവും ഒന്നാം സ്ഥാനം നേടുകയെന്ന് ഇപ്പോഴും വ്യക്തമല്ല. ഫോക്സ്‌വാഗനും ടൊയോട്ടയ്്ക്കും ശക്തമായ വെല്ലുവിളി ഉയർത്തുന്ന യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സി(ജി എം)ൽ നിന്നുള്ള അന്തിമ കണക്കുകൾ അടുത്ത ആഴ്ചയാണു പുറത്തെത്തുന്നത്.

ഫോക്സ്‌വാഗനെ അട്ടിമറിക്കാൻ ജി എമ്മിനു സാധിച്ചില്ലെങ്കിൽ ജർമൻ വാഹന നിർമാതാക്കൾ ഇതാദ്യമായി വിൽപ്പന കണക്കെടുപ്പിലെ ഒന്നാം സ്ഥാനക്കാരായി മാറും. യു എസിലെ കർശന മലിനീകരണ പരിശോധന ജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടി ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങി മുഖം നഷ്ടപ്പെട്ട ഫോക്സ്‌വാഗനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയ നേട്ടമാവും ഈ ഒന്നാം സ്ഥാനം. ചൈനയിലെ വാഹന വിൽപ്പനയിൽ കൈവരിച്ച മുന്നേറ്റമാണ് ‘ഡീസൽഗേറ്റി’ന്റെ പ്രത്യാഘാതം അതിജീവിക്കാൻ ഫോക്സ്‌വാഗനു വഴിയൊരുക്കിയതെന്നാണു വിലയിരുത്തൽ. കഴിഞ്ഞ നാലു വർഷമായി ലോകത്ത് ഏറ്റവുമധികം വിൽപ്പനയുള്ള നിർമാതാക്കളെന്ന പെരുമ ടൊയോട്ട നിലനിർത്തി പോരുകയാണ്. 2011ലാവട്ടെ വടക്കുകിഴക്കൻ ജപ്പാനിൽ ആഞ്ഞടിച്ച സൂനാമിയെത്തുടർന്ന് നേരിട്ട ഉൽപ്പാദനനഷ്ടമായിരുന്നു കമ്പനിയെ പിന്നിലാക്കിയത്.

അതിനു മുമ്പ് ഏഴു ദശാബ്ദത്തോളം ലോകത്തെ വാഹനവിപണിയെ അടക്കിവാണ ചരിത്രമാണ് ഡെട്രോയ്റ്റ് ആസ്ഥാനമായ ജി എമ്മിന്റേത്; പക്ഷേ സെഡാനായ ‘കാംറി’യുടെയും സങ്കര ഇന്ധനമോഡലായ ‘പ്രയസി’ന്റെയും ‘ലക്സസ്’ ശ്രണിയിലെ ആഡംബര വാഹനങ്ങളുടെയും പിൻബലത്തിൽ 2008ൽ ടൊയോട്ട, ജി എമ്മിനെ മറികടന്നു. അതേസമയം ടൊയോട്ടയുടെ 2016ലെ വിൽപ്പന 2015നെ അപേക്ഷിച്ച് 0.2% അധികമായിരുന്നെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ഔഡി, പോർഷെ, സ്കോഡ ബ്രാൻഡുകളുടെ ഉടമസ്ഥതയുള്ള ഫോക്സ്‌വാഗന്റെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 3.8% ഉയർന്നു. 2015ൽ 1.015 കോടി കാറുകൾ വിറ്റാണ് ടൊയോട്ട ഒന്നാം സ്ഥാനം നിലനിർത്തിയത്. 99.30 ലക്ഷം കാർ വിറ്റ ഫോക്സ്‌വാഗൻ രണ്ടാം സ്ഥാനത്തും 98 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി ജി എം മൂന്നാം സ്ഥാനത്തുമായിരുന്നു. ഇക്കൊല്ലവും കാഡിലാക്, ഒപെൽ ബ്രാൻഡുകളിലാവും ജി എമ്മിന്റെ പ്രതീക്ഷ.

തിരിച്ചടി മുൻകൂട്ടി കണ്ടാവണം വിൽപ്പനയിലെ ഒന്നാം സ്ഥാനത്തെക്കുറിച്ച് അമിത ആശങ്കയില്ലെന്നായിരുന്നു ടൊയോട്ടയുടെ നിലപാട്; പകരം മികച്ച കാറുകൾ നിർമിച്ചു വിൽക്കുന്നതിലാണത്രെ കമ്പനിയുടെ ശ്രദ്ധ. ഫോക്സ്‌വാഗനെ സംബന്ധിച്ചിടത്തോളം ടൊയോട്ടയെ അട്ടിമറിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. പക്ഷേ ‘ഡീസൽഗേറ്റി’ൽ കുടുങ്ങി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർട്ടിൻ വിന്റർകോൺ സ്ഥാനഭൃഷ്ടനാക്കപ്പെട്ടതോടെ കമ്പനി ഈ നിലപാട് നിരാകരിക്കുകയായിരുന്നു.