‘അമിയൊ’യ്ക്കു ‘ക്രെസ്റ്റ് കലക്ഷനു’മായി ഫോക്സ്‌വാഗൻ

Volkswagen Crest Collection

ഫോക്സ്‌വഗൻ ശ്രേണിയിലെ പുതുമുഖമായ ‘അമിയൊ’യുടെ പ്രത്യേക പതിപ്പായ ‘ക്രെസ്റ്റ് കലക്ഷൻ’ പുറത്തിറങ്ങി. എൻട്രി ലവൽ സെഡാനായ ‘അമിയൊ’യ്ക്കു പുറമെ ഹാച്ച്ബാക്കായ ‘പോളോ’യുടെയും സെഡാനായ ‘വെന്റോ’യുടെയും ‘ക്രെസ്റ്റ് എഡീഷനു’കളും ഫോക്സ്‌വഗൻ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. ‘പോളോ’യുടെ കംഫർട്ട്ലൈൻ, ഹൈലൈൻ വകഭേദങ്ങൾ ‘ക്രെസ്റ്റ് എഡീഷൻ’ രൂപത്തിൽ ലഭ്യമാണ്; ‘വെന്റോ’യ്ക്കാവട്ടെ ഹൈലൈൻ വകഭേദം മാത്രമാണു പ്രത്യേക പതിപ്പായി വിൽപ്പനയ്ക്കുള്ളത്.വെള്ള നിറമുള്ള കാറിൽ കറുപ്പ് നിറത്തിൽ മാറ്റ് ഫിനിഷുള്ള മേൽക്കുര, സ്റ്റൈൽസമ്പന്നമായ ഹെറിറ്റേജ് സൈഡ് ഫോയിൽ, ഡിറ്റാച്ചബ്ൾ സൺറൂഫ് ബ്ലൈൻഡ്സ് തുടങ്ങിയവയാണ് ‘ക്രെസ്റ്റ് കലക്ഷ’ന്റെ സവിശേഷതകൾ. കാർ ബോഡിയെ പോറൽ ഏൽക്കുന്നതിൽ നിന്നു രക്ഷിക്കാനായി ഡോർ സ്റ്റെപ് ഗാർണിഷ് പോലുള്ള സംവിധാനങ്ങളും ‘ക്രെസ്റ്റ് കലക്ഷനി’ലുണ്ട്.

‘ക്രെസ്റ്റ് കലക്ഷ’ന് 1945 കാലത്തോളം പഴക്കമുണ്ടെന്ന് ഫോക്സ്വാഗൻ വിശദീകരിക്കുന്നു. അന്നൊക്കെ ഈ ശേഖരത്തിലെ ഓരോ കാറിനും ‘ക്രെസ്റ്റ്’ ബാഡ്ജും നൽകുമായിരുന്നു. ജർമൻ നഗരമായ വുൾഫ്സ്ബർഗിന്റെ അഭിമാനത്തെയാണ് ഈ ബാഡ്ജ് പ്രതിനിധീകരിച്ചിരുന്നതത്രെ; അലെർ നദിയും ഇരട്ട ഗോപുരങ്ങളുള്ള കോട്ടയുമാണു ബാഡ്ജിൽ ഇടംപിടിക്കുന്നത്. കോട്ടയുടെ ഗോപുരങ്ങൾക്കിടയിൽ ചുവപ്പു ചെന്നായയും നിൽപ്പുണ്ട്. 1945ൽ വുൾഫ്സ്ബർഗിൽ നിന്നു പുറത്തെത്തിയ ‘ബീറ്റ്ൽ’ കാറിലായിരുന്നു ‘ക്രെസ്റ്റ്’ ബാഡ്ജ് ആദ്യമായി ഇടംപിടിച്ചത്.

Ameo

നിലവിലുള്ള മോഡലുകളിൽ കൂടുതൽ സുഖസൗകര്യം പ്രതീക്ഷിക്കുന്നവർക്കാണു ‘ക്രെസ്റ്റ് കലക്ഷനി’ൽ താൽപര്യമുണ്ടാവുകയെന്ന് ഫോക്സ്‌വഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ഡയറക്ടർ മൈക്കൽ മേയർ അറിയിച്ചു. ആഗോളതലത്തിൽ ഫോക്സ്വാഗൻ പിന്തുടരുന്ന പാരമ്പര്യമാണ് ‘ക്രെസ്റ്റ് കലക്ഷൻ’; ഇന്ത്യയ്ക്കായി ഇന്ത്യയിൽ നിർമിച്ച ‘അമിയൊ’യിലും ഇത്തരം പ്രത്യേക പതിപ്പുകൾ അവതരിപ്പിക്കാൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി തന്നെ ‘ക്രെസ്റ്റ് കലക്ഷൻ’ വിൽപ്പനയ്ക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.