‘പുകമറ’: ഫോക്സ്‌വാഗൻ ഇന്ത്യയെ കാത്തിരിക്കുന്ന പിഴ 32 കോടി

മലിനീകരണ നിയന്ത്രണ പരിശോധനയിൽ വിജയിക്കാൻ സോഫ്റ്റ്‌വെയർ സഹായം തേടിയതിന് ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യയിൽ പിഴ അടയ്ക്കേണ്ടിവരിക 32 കോടിയോളം രൂപയെന്നു സൂചന. ഗുണനിലാവരമില്ലാത്ത യന്ത്രഭാഗങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുന്നവരോട് ഓരോ വാഹനത്തിനും 1,000 രൂപ വീതം പിഴ ഈടാക്കാമെന്നാണ് മോട്ടോർ വാഹന നിയമത്തിലെ 182 എ വകുപ്പിലുള്ളത്. ഇ എ 189 ശ്രേണിയിലെ ഡീസൽ എൻജിനുകളുടെ പരിശോധനാവേളയിൽ യഥാർഥ മലിനീകരണ നിലവാരം മറയ്ക്കുന്ന ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യത്തിന്റെ പേരിൽ ഇന്ത്യയിൽ മൊത്തം 3,23,700 കാറുകൾ തിരിച്ചുവിളിക്കേണ്ടി വരുമെന്നാണു ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ കണക്ക്. അതുകൊണ്ടുതന്നെ ഫോക്സ്‌വാഗനു പുറമെ ഓഡിയും സ്കോഡയുമൊക്കെ വിറ്റ കാറുകൾക്കും 1,000 രൂപ വീതം പിഴശിക്ഷ വിധിച്ചാൽ ഇന്ത്യയിൽ ഗ്രൂപ് അടയ്ക്കേണ്ടിവരിക 32.37 കോടി രൂപയാവും.

ഇതിനു പുറമെ രാജ്യത്തു നിലവിലുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് തെളിയിക്കുംവരെ കാർ വിൽപ്പന താൽക്കാലികമായി നിർത്തേണ്ടിവരുമെന്ന പ്രതിസന്ധിയും ഫോക്സ്‌വാഗൻ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട്. ഫോക്സ്‌വാഗൻ ഇന്ത്യയിൽ വിൽക്കുന്ന ഇ എ 189 ഡീസൽ എൻജിനുള്ള കാറുകളിലും ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര സർക്കാർ നിർദേശപ്രകാരം ഇതേക്കുറിച്ചു പഠിച്ച ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ ആർ എ ഐ) കണ്ടെത്തിയിരുന്നു. ‘ഡിഫീറ്റ് ഡിവൈസ്’ ഘടിപ്പിച്ചു നിരത്തിലുള്ള വാഹനങ്ങൾ സൃഷ്ടിക്കുന്ന നൈട്രജൻ ഓക്സൈഡ് മലിനീകരണം അനുവദനീയ പരിധിയുടെ പലമടങ്ങാണെന്നും എ ആർ എ ഐ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഫോക്സ്‌വാഗൻ ഇന്ത്യ അധികൃതരും കേന്ദ്ര ഘനവ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയും നടത്തി. ഈ ചർച്ചകൾക്കൊടുവിലാണ് ഇന്ത്യയിൽ 3.23 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു ഫോക്സ്‌വാഗൻ പ്രഖ്യാപിച്ചത്.

കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ എട്ടു മാസമാണു ഫോക്സ്‌വാഗന് അനുവദിച്ചിരിക്കുന്നത്. 2008 മുതൽ 2015 നവംബർ വരെ നിർമിച്ചു വിറ്റ ഡീസൽ എൻജിനുള്ള കാറുകൾക്കെല്ലാം പരിശോധന ബാധകമാണ്.അതേസമയം മലിനീകരണ നിയന്ത്രണ നിലവാര പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടി ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങിയ ഫോക്സ്‌വാഗൻ എ ജിക്കു കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ വിധിച്ചത് 1,410 കോടി വോൺ(ഏകദേശം 81.7 കോടി രൂപ) പിഴയായിരുന്നു.