ചക്കനിൽ മൂന്നാം ഷിഫ്റ്റ് തുടങ്ങാൻ ഫോക്സ്‌വാഗൻ

Volkswagen Ameo

പുണെയ്ക്കടുത്ത് ചക്കനിലുള്ള പ്ലാന്റിൽ മൂന്നാമത്തെ ഷിഫ്റ്റിലും ഉൽപ്പാദനം ആരംഭിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യ തീരുമാനിച്ചു. ആഭ്യന്തര — കയറ്റുമതി വിപണികളിൽ നിന്നുള്ള ഉയർന്ന ആവശ്യം നിറവേറ്റാൻ കാർ ഉൽപ്പാദനത്തിൽ 15% വർധനയാണു ഫോക്സ്‌വാഗൻ ലക്ഷ്യമിടുന്നത്. ആഭ്യന്തര വിൽപ്പന മെച്ചപ്പെടാനായി ഇന്ത്യയ്ക്കായി പ്രത്യേക രൂപകൽപ്പന ചെയ്ത കോപാക്ട് സെഡാനായ ‘അമിയോ’യുടെ വരവിലാണു ഫോക്സ്‌വാഗൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. രണ്ടു ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി 1.30 ലക്ഷം യൂണിറ്റാണ്. മൂന്നാം ഷിഫ്റ്റിൽ കൂടി പ്രവർത്തനം ആരംഭിക്കാനായി 800 പുതിയ ജീവനക്കാരെയും ഫോക്സ്‌വാഗൻ നിയമിച്ചിട്ടുണ്ട്.

Volkswagen Vento

ഇക്കൊല്ലം ആഭ്യന്തര വിൽപ്പനയ്ക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയും ഉയരുമെന്നാണു പ്രതീക്ഷയെന്നു ഫോക്സ്‌വാഗൻ ഇന്ത്യ പ്രസിഡന്റ് ആൻഡ്രിയാസ് ലോവർമാൻ അറിയിച്ചു. ‘അമിയൊ’ വരുന്നതോടെ ആഭ്യന്തര വിപണിയിൽ നിന്നു മാത്രമല്ല, വിദേശ വിപണികളിൽ നിന്നും ആവശ്യം ഉയരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി. 2015നെ അപേക്ഷിച്ച് കാർ ഉൽപ്പാദനത്തിൽ ഇക്കൊല്ലം 15% വളർച്ച കൈവരിക്കാനാണു ലക്ഷ്യമെന്നും ലോവർമാൻ അറിയിച്ചു. 2009 മാർച്ചിൽ ഉൽപ്പാദനം ആരംഭിച്ച ചക്കൻ ശാലയിൽ 2015 ജനുവരി — ഡിസംബർ കാലത്ത് 1,23,456 കാറുകളാണു ഫോക്സ്‌വാഗൻ ഇന്ത്യ ഉൽപ്പാദിപ്പിച്ചത്.

Volkswagen Polo

ഹാച്ച്ബാക്കായ ‘പോളോ’, സെഡാനായ ‘വെന്റോ’, സ്കോഡയുടെ ‘റാപിഡ്’ എന്നിവയാണു ഫോക്സ്‌വാഗൻ ഇന്ത്യ പുണെയിൽ നിർമിക്കുന്നത്. ഇതോടൊപ്പം 1.5 ലീറ്റർ ടി ഡി ഐ എൻജിനും കമ്പനി ഈ ശാലയിൽ നിർമിക്കുന്നുണ്ട്. ഈ വർഷം മുതൽ ചക്കനിൽ നിന്ന് ‘അമിയൊ’ കൂടി ഉൽപ്പാദിപ്പിക്കാനാണു ഫോക്സ്‌വാഗൻ ഇന്ത്യയുടെ പദ്ധതി. ഫോക്സ്‌വാഗൻ ഇന്ത്യ ഇതുവരെ 6,000 കോടിയോളം രൂപ നിക്ഷേപിച്ച ചക്കൻ പ്ലാന്റിൽ നിലവിൽ നാലായിരത്തോളം ജീവനക്കാരാണുള്ളത്.