ഫോക്സ്‍വാഗൻ ഇന്ത്യ 3.24 ലക്ഷം കാറുകൾ തിരിച്ചു വിളിക്കാൻ ഒരുങ്ങുന്നു

‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങിയ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യയിലും തിരുത്തൽ നടപടികൾക്കൊരുങ്ങുന്നു. ആറു മാസത്തോളം നീണ്ട കാലതാമസത്തിനൊടുവിലാണ് രാജ്യത്തു വിറ്റ ഡീസൽ എൻജിനുള്ള 3.24 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഫോക്സ്‌വാഗൻ ഇന്ത്യ നടപടി തുടങ്ങുന്നത്.

യു എസിൽ ഡീസൽ എൻജിനുകൾക്കുള്ള കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ നിരോധിത ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സഹായം തേടിയെന്നു കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു ഫോക്സ്‌വാഗൻ കുറ്റസമ്മതം നടത്തിയത്. തുടർന്നു നടത്തിയ അന്വേഷണങ്ങളിൽ ഇന്ത്യയിൽ വിറ്റ, ഡീസൽ എൻജിനുള്ള മൂന്നേകാൽ ലക്ഷത്തോളം കാറുകളും ‘ഡീസൽഗേറ്റ്’ വിവാദ പരിധിയിൽപെടുമെന്നു വ്യക്തമായിരുന്നു. തുടർന്ന് ഇന്ത്യയിലെ കാറുകളുടെ പരിശോധന ഇക്കൊല്ലം ആദ്യ പാദത്തിൽ ആരംഭിക്കുമെന്നും കമ്പനി സൂചിപ്പിച്ചിരുന്നു.

എന്നാൽ പ്രശ്നത്തിൽ ഇടപെട്ട ഓട്ടമൊബീൽ റിസർച് അസോസിയേഷനി(എ ആർ എ ഐ)ൽ നിന്ന് ആവശ്യമായ അനുമതികളും അംഗീകാരങ്ങളും ലഭിക്കാതെ വന്നതോടെ ഫോക്സ്‌വാഗന്റെ കാറുകളുടെ പരിശോധന നീണ്ടു. പ്രശ്ന പരിഹാരത്തിനുള്ള ആദ്യവട്ട നിർദേശങ്ങൾ എ ആർ എ ഐയ്ക്കു സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറയ്ക്കു കാർ പരിശോധന ആരംഭിക്കുമെന്നുമാണു ഫോക്സ്‌വാഗൻ ഇന്ത്യയുടെ നിലപാട്. ഫോക്സ്‌വാഗനു പുറമെ ഗ്രൂപ്പിൽപെട്ട സ്കോഡ, ഔഡി നിർമിത വാഹനങ്ങൾക്കും പരിശോധന ആവശ്യമായി വരും.

ഇന്ത്യയിൽ ഫോക്സ്‌വാഗൻ ബ്രാൻഡിലുള്ള 1.90 ലക്ഷത്തോളം കാറുകൾക്കാണു പരിശോധന ആവശ്യമുള്ളതെന്നാണു കമ്പനിയുടെ കണക്ക്. ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ വിറ്റ 88,700 വാഹനങ്ങൾക്കാണു പരിശോധന വേണ്ടി വരിക. ജർമൻ ആഡംബര കാർ ബ്രാൻഡായ ഔഡിയിൽ നിന്നുള്ള 36,500 കാറുകളും തിരിച്ചുവിളിക്കേണ്ടി വരുമെന്നാണു കണക്ക്. അതേസമയം, ഈ കണക്കുകൾ അന്തിമമല്ലെന്നും തിരിച്ചുവിളിച്ചു പരിശോധിക്കേണ്ട വാഹനങ്ങളുടെ എണ്ണ ഇതിലും കൂടുതലാകാമെന്നും ഫോക്സ്‌വാഗൻ ഇന്ത്യ സൂചിപ്പിക്കുന്നു.