ഇലക്ട്രിഫൈ അമേരിക്കയുമായി ഫോക്സ്​വാഗൻ

യുഎസിൽ വൈദ്യുത വാഹന വിൽപ്പന വർധിപ്പിക്കാനായി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ‌‌​്വാഗൻ എ ജി പുതിയ ഉപസ്ഥാപനം രൂപീകരിച്ചു. അടുത്ത ദശാബ്ദത്തിൽ മലിനീകരണ വിമുക്തമായ വാഹന വ്യവസായ മേഖലയിൽ പ്രതീക്ഷിക്കുന്ന 200 കോടി ഡോളർ(ഏകദേശം 13366.20 കോടി രൂപ) നിക്ഷേപം കൈകാര്യ ചെയ്യാൻ ലക്ഷ്യമിട്ടാണു പുതുസംരംഭമായ ഇലക്ട്രിഫൈ അമേരിക്കയുടെ രംഗപ്രവേശം. പരിസ്ഥിതിയെ മലിനമാക്കാത്ത വാഹനങ്ങൾക്കു പുറമെ ഇവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിലും ഇലക്ട്രിഫൈ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കും.

യു എസിൽ അഞ്ഞൂറോളം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണു ഫോക്സ്്വാഗൻ ലക്ഷ്യമിടുന്നത്. ഇതിൽ മുന്നൂറും രാജ്യത്തെ 15 മെട്രോ നഗര മേഖലകളിലാവും. ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈദ്യുത വാഹനങ്ങൾ അതിവേഗം ചാർജ് ചെയ്യാൻ അവസരമൊരുക്കുന്ന 200 കേന്ദ്രങ്ങളും കമ്പനി തുറക്കും.

ഫോക്സ്്വാഗൻ ഗ്രൂപ്പിലെ വാഹന ബ്രാൻഡുകളിൽ നിന്നു വേറിട്ട പ്രവർത്തന ശൈലി പിന്തുടരുമെന്നു കരുതുന്ന ഇലക്ട്രിഫൈ അമേരിക്കയുടെ ആസ്ഥാനം വെർജിനിയയിലെ റെസ്റ്റൻ ആവും. മാർക് മക്നാബ് ആണു പുതിയ സംരംഭത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ; 2025നകം യു എസിൽ മാത്രം 30 ലക്ഷം വൈദ്യുത വാഹനങ്ങൾ വിൽക്കുകയെന്ന ദൗത്യമാണ് മക്നാബിനെ ഏൽപ്പിച്ചിരിക്കുന്നത്.

ഇലക്ട്രിഫൈ അമേരിക്ക മേധാവിയായി ചുമതലയേൽക്കുമ്പോഴും ‘ഡീസൽഗേറ്റ്’ വിവാദം പരിഹരിക്കുകയെന്ന പഴയ നിയോഗം മക്നാബിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയെന്ന കുറ്റസമ്മതത്തിനു നഷ്ടപരിഹാരമായി യു എസിൽ മാത്രം ഫോക്സ്വാഗൻ 2500 കോടി ഡോളർ(ഏകദേശം 1.67 ലക്ഷം കോടി രൂപ) ചെലവഴിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്.