ഇന്ത്യയ്ക്കുള്ള സെഡാൻ 2016ലെന്നു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ

ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച സെഡാൻ അടുത്ത വർഷത്തോടെ പുറത്തിറക്കാൻ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗനു പദ്ധതി. ഇന്ത്യൻ സാഹചര്യങ്ങൾക്കു തികച്ചും അനുയോജ്യമായ കോംപാക്ട് സെഡാനാണു പരിഗണനയിലുള്ളതെന്നു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ മാനേജിങ് ഡയറക്ടർ തിയറി ലെസ്പിയോക് വെളിപ്പെടുത്തി.

അടുത്ത വർഷം പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന കാറിന്റെ വില വെളിപ്പെടുത്താൻ അദ്ദേഹം സന്നദ്ധനായില്ല; എങ്കിലും അഞ്ചു ലക്ഷം രൂപയിൽ താഴെയാവില്ലെന്നു ലെസ്പിയോക് വ്യക്തമാക്കി. കോയമ്പത്തൂരിലെ പുതിയ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഡീലർഷിപ്പിന്റെ ഉദ്ഘാടനത്തിനും ഇന്ത്യയിലെ മൊത്തം വിൽപ്പന മൂന്നു ലക്ഷം യൂണിറ്റിലെത്തിച്ച കാറിന്റെ കൈമാറ്റത്തിനുമെത്തിയതായിരുന്നു ലെസ്പിയോക്.

ഇന്ത്യൻ വാഹന വിപണി വളർച്ച നിലനിർത്തുമെന്ന കാര്യത്തിൽ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗനു ശുഭപ്രതീക്ഷയാണെന്ന് അദ്ദേഹം അറിയിച്ചു. അതുകൊണ്ടുതന്നെ അടുത്ത 24 മാസത്തിനിടെ പുതിയ കാർ അവതരണങ്ങൾക്കും കമ്പനി തയാറെടുക്കുന്നുണ്ട്.

2014ൽ 45,000 യൂണിറ്റ് വിറ്റ ഫോക്സ്വാഗന് ഇക്കൊല്ലവും വിൽപ്പനയിൽ സ്ഥിരത കൈവരിക്കാനാവുമെന്നു പ്രതീക്ഷയുണ്ട്. 100 നഗരങ്ങളിലായി 120 ഷോറൂമുകൾ പ്രവർത്തനക്ഷമമായതിനാൽ രാജ്യത്തെ സാന്നിധ്യം ആവശ്യത്തിനായെന്നും ലെസ്പിയോക് വിലയിരുത്തി. എങ്കിലും വാർഷിക വിൽപ്പന ഒരു ലക്ഷം യൂണിറ്റിലെത്തുന്നതോടെ വിപണന ശൃംഖല വിപുലീകരണം അനിവാര്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.