നാവിസ്റ്റാറിൽ ഫോക്സ്‌വാഗൻ ട്രക്കിന് ഓഹരി പങ്കാളിത്തം

LONESTAR

യു എസ് വാണിജ്യവാഹന നിർമാതാക്കളായ നാവിസ്റ്റാറിൽ 25.60 കോടി ഡോളർ (1698.83 കോടിയോളം രൂപ) ചെലവിൽ ന്യൂനപക്ഷ ഓഹരി ഉടമകളാവാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ഫോക്സ്‌വാഗൻ ട്രക്ക് ആൻഡ് ബസ്. ഇരുകമ്പനികൾക്കും വാഹന ഘടകങ്ങൾ സമാഹരിക്കാനായി പുതിയ സംയുക്ത സംരംഭം രൂപീകരിക്കാനും നാവിസ്റ്റാറിനും ഫോക്സ്‌വാഗൻ ട്രക്ക് ആൻഡ് ബസ്സിനും പദ്ധതിയുണ്ട്. കൂടാതെ പവർട്രെയ്ൻ വിഭാഗത്തിലടക്കം സാങ്കേതികവിദ്യ പങ്കിടാനും ഇരുകമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്.

നാവിസ്റ്റാറിലെ 1.62 കോടി ഓഹരികൾ 15.76 ഡോളർ(ഏകദേശം 1045.84 രൂപ) വിലനിലവാരത്തിലാണു ഫോക്സ്‌വാഗൻ ട്രക്ക് ആൻഡ് ബസ് വാങ്ങുന്നത്. ഓഹരി കൈമാറ്റം പൂർത്തിയാവുന്നതോടെ ഫോക്സ്‌വാഗന്റെ രണ്ടു പ്രതിനിധികൾക്ക് നാവിസ്റ്റാർ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇടം ലഭിക്കും. ഓഹരി കൈമാറ്റത്തിനു ശേഷവും നാവിസ്റ്റാർ സ്വതന്ത്ര ട്രക്ക്, ബസ്, എൻജിൻ നിർമാതാക്കളായി തുടരും. ഫോക്സ്‌വാഗനുമായുള്ള സഹകരണത്തിലൂടെ അടുത്ത അഞ്ചു വർഷത്തിനിടെ 50 കോടി ഡോളർ(ഏകദേശം 3318.02 കോടി രൂപ) ലാഭമാണ് നാവിസ്റ്റാർ ഇന്റർനാഷനൽ കോർപറേഷൻ പ്രതീക്ഷിക്കുന്നത്. അഞ്ചാം വർഷത്തോടെ സഖ്യത്തിൽ നിന്ന് 20 കോടി ഡോളറി(1327.21 കോടിയോളം രൂപ)ന്റെ വാർഷിക നേട്ടം ലഭിക്കുമെന്നും ഇല്ലിനോയിലെ ലിസ്‌ലി ആസ്ഥാനമായ നാവിസ്റ്റാർ കണക്കുകൂട്ടുന്നു.

മലിനീകരണ നിയന്ത്രണ പരിശോധനയിൽ ഡീസൽ എൻജിനുള്ള വാഹനങ്ങളുടെ വിജയത്തിനനായി നിരോധിത സോഫ്റ്റ്‌വെയറിനെ കൂട്ടുപിടിച്ച ‘പുകമറ വിവാദ’ത്തിൽ കുടുങ്ങിയ ഫോക്സ്‌വാഗനാവട്ടെ യു എസ് വിപണിയിൽ തിരിച്ചുവരവിനുള്ള മാർഗങ്ങൾ തേടുകയാണ്. കോടതി മുഖേന ജൂണിൽ എത്തിച്ചേർന്ന ധാരണപ്രകാരം രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച കാറുകളുടെ 2.10 ലക്ഷത്തോളം ഉടമകൾ കേസ് ഒത്തുതീർക്കാൻ കമ്പനിയെ സമീപിച്ചിട്ടുണ്ടെന്ന് ഫോക്സ്‌വാഗൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ‌

‘ഡീസൽഗേറ്റ്’ വിവാദത്തിൽ ഫോക്സ്‌വാഗനെതിരെ 1,500 കോടി ഡോളറി(99540.68 കോടിയോളം രൂപ)ന്റെ നഷ്ടപരിഹാരത്തിനാണ് യു എസ് ജില്ലാ കോടതി ജഡ്ജി ചാൾസ് ബ്രെയർ പ്രാഥമിക അംഗീകാരം നൽകിയിരിക്കുന്നത്; കേസിൽ ഒക്ടോബർ 18നാണ് അന്തിമ വിധി പ്രതീക്ഷിക്കുന്നത്. രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുള്ള ഫോക്സ്‌വാഗൻ, ഔഡി ബ്രാൻഡുകളിൽ പെട്ട വാഹനങ്ങൾ തിരിച്ചെടുക്കാനോാ അറ്റകുറ്റപ്പണി നടത്താനോ 1000 കോടി ഡോളർ(66360.45 കോടി രൂപ) നീക്കി വച്ച കോടതി, വാഹന ഉടമകൾക്ക് 5,100 മുതൽ 10,000 ഡോളർ(3.38 ലക്ഷം മുതൽ 6.63 ലക്ഷം രൂപ) വരെ നഷ്ടപരിഹാരം നൽകാനും നിർദേശിച്ചിട്ടുണ്ട്.