‘പോളോ’ വില കൂട്ടാനൊരുങ്ങി ഫോക്സ്​വാഗൻ

ഹ്യുണ്ടായിക്കു പിന്നാലെ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്​വാഗനും ശനിയാഴ്ച മുതൽ വാഹന വില വർധന പ്രഖ്യാപിച്ചു. ഹാച്ച്ബാക്കായ ‘പോളോ’യുടെ പുതിയ മോഡൽ വർഷത്തിൽ നിർമിച്ച കാറുകൾക്കാണു കമ്പനി വില വർധന കമ്പനി പ്രഖ്യാപിച്ചത്.

കാഴ്ചയിൽ ചില്ലറ വ്യത്യാസങ്ങളും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായി വരുന്ന പുതിയ ‘പോളോ’ ശ്രേണിയിൽ ‘ക്രോസ് പോളോ’ അടക്കം എല്ലാ വകഭേദങ്ങളുടെയും വിലയിൽ മാറ്റമുണ്ട്. കൃത്യമായ വർധന അറിവായിട്ടില്ലെങ്കിലും മിക്കവാറും രണ്ടു ശതമാനത്തോളം വില ഉയരാനുള്ള സാധ്യതയാണു നിലവിലുള്ളത്.

അതേസമയം 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കെത്തുന്ന അടിസ്ഥാന വകഭേദമായ ‘പോളോ’ ട്രെൻഡ്ലൈനിന്റെ വിലയിൽ മാറ്റമില്ല. മൊത്തം ‘പോളോ’ വിൽപ്പനയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് അടിസ്ഥാന വകഭേദത്തിന്റെ വിഹിതമെന്നാണു കണക്കുകൾ നൽകുന്ന സൂചന. പെട്രോൾ ട്രെൻഡ്​ലൈനിന് 5.33 ലക്ഷം രൂപയും ഡീസൽ ട്രെൻഡ്​ലൈനിന് 6.68 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിലെ വില.

കഴിഞ്ഞയിടെ വിപണിയിലെത്തിയ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’ ഒഴികെയുള്ള വാഹനങ്ങളുടെ വിലയാണ് ശനിയാഴ്ച മുതൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) വർധിപ്പിക്കുന്നത്. മോഡൽ അടിസ്ഥാനത്തിൽ പരമാവധി 30,000 രൂപ വരെയുള്ളവില വർധനയാണു പ്രാബല്യത്തിലെത്തുന്നത്.

ചെറുകാറായ ‘ഇയോൺ’ മുതൽ സെഡാനുകളായ ‘വെർണ’യും ‘സൊനാറ്റ’യും പിന്നിട്ടു പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘സാന്റാ ഫെ’ വരെ നീളുന്നതാണു ഹ്യുണ്ടായിയുടെ മോഡൽ ശ്രേണി; ഡൽഹി ഷോറൂമിൽ 3.08 ലക്ഷം മുതൽ 30.21 ലക്ഷം രൂപ വരെയാണു വിവിധ മോഡലുകളുടെ വില.

ഉൽപ്പാദനചെലവിലെ വർധനയുടെ ഫലമായാണു വാഹന വില കൂട്ടേണ്ടി വന്നതെന്നാണു ഹ്യുണ്ടായ് മോട്ടോർ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ നൽകുന്ന വിശദീകരണം. ഇത്രയും കാലം അധിക ബാധ്യത കമ്പനി ഏറ്റെടുത്തെങ്കിലും ഇനി വില ഉയർത്താതെ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.