‘വെന്റോ’ വഴി മാറി; 2017 മുതൽ മത്സരം ‘അമിയൊ’ കപ്പിന്

ഇന്ത്യയിൽ നിർമിച്ച ഒറ്റ ബ്രാൻഡ് കാറുകൾ മത്സരിക്കുന്ന ടൂറിങ് കാർ പരമ്പരയായ ‘വെന്റോ’ കപ്പിൽ നിന്നു ‘വെന്റോ’ പുറത്തേക്ക്. ജർമൻ നിർമാതാക്കളായ ഫോക്സ്വാഗന്റെ കോംപാക്ട് സെഡാനായ ‘അമിയൊ’ ആണു ‘വെന്റോ’യ്ക്കു പകരമെത്തുക. ഇതോടെ മത്സരത്തിന്റെ പേര് ‘അമിയൊ കപ്’ എന്നായി മാറും. അടുത്ത സീസൺ മുതൽ ‘വെന്റോ’യ്ക്കു പകരം ‘അമിയൊ’ ആണു ട്രാക്കിലെത്തുകയെന്നു ഫോക്സ്വാഗൻ മോട്ടോർസ്പോർട് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗ്രേറ്റർ നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടിൽ നടന്ന ഫൈനൽ റൗണ്ടിലായിരുന്നു ഈ പ്രധാന പ്രഖ്യാപനം. ഇതോടെ ഈ സീസണിൽ ജേതാവായ ഇഷാൻ ധോധിവാല ‘വെന്റോ കപ്പി’ലെ അവസാന ചാംപ്യനുമായി.

കഴിഞ്ഞ രണ്ടു സീസണുകളിലും ‘വെന്റോ’ ആയിരുന്നു മത്സര രംഗത്ത്. ‘അമിയൊ കപ്പി’ൽ മത്സരിക്കേണ്ട കാറിന്റെ ‘റേസിങ് സ്പെസിഫിക്കേഷൻ’ അഥവാ ‘റേസ് സ്പെക്’ പതിപ്പ് ഫോക്സ്വാഗൻ വൈകാതെ അവതരിപ്പിക്കുമെന്നാണു സൂചന. ‘അമിയൊ’യിലേക്കുള്ള മാറ്റം സംബന്ധിച്ച് കഴിഞ്ഞ ജൂണിൽ തന്നെ ഫോക്സ്വാഗൻ മോട്ടോർസ്പോർട് ഇന്ത്യ സൂചനകൾ നൽകിയിരുന്നു. പുതിയ കാർ വിപണിയിലെത്തുന്ന സാഹചര്യത്തിൽ ‘വെന്റോ കപ്പി’ൽ നിന്ന് ‘അമിയൊ കപ്പി’ലേക്കുള്ള മാറ്റം സാധ്യമാണെന്നായിരുന്നു ഈ വിഭാഗം മേദാവി സിരിഷ് വിസ്സയുടെ നിലപാട്.

ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത കാർ എന്ന നിലയിൽ ഇന്ത്യയിലെ ടൂറിങ് കാർ പരമ്പരയിൽ മത്സരിക്കാൻ ‘അമിയൊ’ ആവും കൂടുതൽ അനുയോജ്യമെന്നും കമ്പനി കരുതുന്നു. ഒറ്റ ബ്രാൻഡ് കാറുകൾ മത്സരിക്കുന്ന ഈ പരമ്പരയുടെ തുടക്കം 2010ലായിരുന്നു; അന്നു ഹാച്ച്ബാക്കായ ‘പോളോ’ ആയിരുന്നു ട്രാക്കിൽ. നാലു സീസൺ നീണ്ട ‘പോളോ കപ്പി’നു ശേഷമായിരുന്നു 2015ൽ ‘വെന്റോ കപ്പി’ന്റെ തുടക്കം. 2016 കഴിഞ്ഞ് 2017 സീസൺ പിറക്കുമ്പോൾ ‘വെന്റോ’, ‘അമിയൊ’യ്ക്കു വഴി മാറുകയാണ്.