ഡീസൽഗേറ്റ്’: യു എസിലെ പോലെ നഷ്ടപരിഹാരം തേടി യൂറോപ്പും

‘ഡീസൽഗേറ്റ്’ വിവാദത്തിൽ യു എസിലെ ഉടമകൾക്ക് അനുവദിക്കുന്ന നഷ്ടപരിഹാരം ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജി യൂറോപ്പിലും ലഭ്യമാക്കണമന്നു യൂറോപ്പിലെ വ്യവസായ കമ്മിഷണർ എൽസ്ബിറ്റ ബിയൻകോവ്സ്ക. യു എസിൽ വിതരണം ചെയ്യുന്ന നഷ്ടപരിഹാരത്തിന് തുല്യമായ തുക തന്നെ യൂറോപ്യൻ വാഹന ഉടമകൾക്കും അനുവദിക്കുക എന്നതു ന്യായമായ ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ കൃത്രിമം കാട്ടി കുടുങ്ങിയ ഫോക്സ്‌വാഗൻ 1030 കോടി ഡോളർ(ഏകദേശം 69,880.35 കോടി രൂപ) നഷ്ടപരിഹാരം അനുവദിച്ചാണു യു എസിൽ നിലവിലുള്ള സിവിൽ കേസിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നത്. കൂടാതെ അന്തരീക്ഷ മലിനീകരണം ചെറുക്കാനുള്ള പദ്ധതിക്കും കമ്പനി സഹായം നൽകും. കൃത്രിമം കാട്ടിയ ഡീസൽ കാറുകൾ വിറ്റ് ഉടമകളെ വഞ്ചിച്ചതിനും പരിസ്ഥിതിക്കു തകരാർ സൃഷ്ടിച്ചതിനുമാണ് സാൻഫ്രാൻസിസ്കോയിൽ ഫോക്സ്‌വാഗനെതിരെ സിവിൽ കേസ് നിലവിലുള്ളത്.

അനുവദനീയ പരിധിയിലേറെ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന അഞ്ചു ലക്ഷത്തോളം കാറുകൾ കമ്പനി തിരിച്ചെടുക്കും. കൂടാതെ ‘ഡീസൽഗേറ്റി’ൽ കുടുങ്ങിയ, രണ്ട് ലീറ്റർ ഡീസൽ എൻജിനുള്ള 4.80 ലക്ഷത്തോളം കാറുകളുടെ ഉടമകൾക്ക് 5,000 ഡോളർ (3,39,225 രൂപ) വീതം അനുവദിക്കാമെന്നും ഫോക്സ്‌വാഗന്റെ വാഗ്ദാനമുണ്ട്. സുദീർഘമായ വിചാരണ സൃഷ്ടിച്ചക്കാവുന്ന ചീത്തപ്പേര് കൂടി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണു യു എസിലെ നഷ്ടപരിഹാര കേസ് കോടതിക്കു പുറത്ത് ഒത്തുതീർക്കാൻ ഫോക്സ്‌വാഗൻ ശ്രമിക്കുന്നത്. ലോകത്തിലെ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഫോക്സ്‌വാഗന് ‘ഡീസൽഗേറ്റ്’ വിവാദം ഇപ്പോൾ തന്നെ കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ യൂറോപ്പിലെ ഉപയോക്താക്കളെ വ്യത്യസ്ത രീതിയിൽ പരിഗണിക്കുന്നത് അനീതിയാണെന്നാണു ബിയെൻകോവ്സ്ക വ്യക്തമാക്കിയത്. നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ യു എസിലെയും യൂറോപ്പിലെയും വാഹന ഉടമകളെ രണ്ടു തരത്തിൽ പരിഗണിക്കുന്നതു ഫോക്സ് വാഗനു തിരിച്ചടി സൃഷ്ടിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

‘ഡീസൽഗേറ്റി’ന്റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ വിറ്റ കാറുകൾ തിരിച്ചുവിളിച്ചു നിയമവിരുദ്ധ സോഫ്റ്റ്‌വെയർ ഒഴിവാക്കിക്കൊടുക്കുമെന്നായിരുന്നു ഫോക്സ്‌വാഗന്റെ വാഗ്ദാനം. വിവാദ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യം മൂലം നഷ്ടമൊന്നും സംഭവിക്കാത്ത സാഹചര്യത്തിൽ വാഹന ഉടമകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും കമ്പനി വാദിച്ചിരുന്നു. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ ഡീസൽ എൻജിനുകളിൽ സോഫ്റ്റ്‌വെയർ സഹായം തേടിയ കാര്യം കഴിഞ്ഞ സെപ്റ്റംബറിലാണു ഫോക്സ്‌വാഗൻ സ്ഥിരീകരിച്ചത്. പരിശോധനാവേള തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്‌വെയർ കാറുകളുടെ മലിനീകരണ നിയന്ത്രണ നിലവാരം പരിധിക്കുള്ളിലാണെന്ന പ്രതീതി സൃഷ്ടിക്കുന്നു. എന്നാൽ നിരത്തിലെത്തുന്നതോടെ എൻജിന്റെ പ്രവർത്തനം സാധാരണനിലയിലാവുകയും നൈട്രജൻ ഓക്സൈഡിന്റെയും മറ്റും സാന്നിധ്യം അനുവദനീയ പരിധിയിലും 40 മടങ്ങ് വരെയായി ഉയരുകയും ചെയ്യുമത്രെ. യു എസിനു പിന്നാലെ മറ്റു രാജ്യങ്ങളും പരിശോധന കർശനമാക്കിയതോടെ ആഗോളതലത്തിൽ 1.10 കോടിയോളം വാഹനങ്ങളിൽ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമുണ്ടെന്നു ഫോക്സ്‌വാഗൻ അംഗീകരിച്ചു. ഫോക്സ്‌വാഗനു പുറമെ ഗ്രൂപ്പിൽപെട്ട പോർഷെ, ഔഡി തുടങ്ങിയ മോഡലുകളിലും സമാന സോഫ്റ്റ്വെയറിന്റെ സാന്നിധ്യമുണ്ടെന്നു കമ്പനി വെളിപ്പെടുത്തി.