വരവായ് ‘അമിയൊ’; ഉൽപ്പാദനത്തിനു തുടക്കമായി

Ameo

നാലു മീറ്ററിൽ താഴെ നീളമുള്ള സബ് കോംപാക്ട് സെഡാൻ വിഭാഗത്തിൽ ഫോക്സ്‌വാഗൻ ഇന്ത്യയ്ക്കായി പട നയിക്കേണ്ട ‘അമിയൊ’യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ ആരംഭിച്ചു. അസംബ്ലി ലൈനിൽ നിന്ന് ആദ്യ ‘അമിയൊ’ പുറത്തെത്തിയതോടെ കാറിന്റെ ഔപചാരിക അരങ്ങേറ്റവും വൈകില്ലെന്നാണു സൂചന. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണു ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ, അമിയൊ’യെ ആഗോളതലത്തിൽ തന്നെ ആദ്യമായി പ്രദർശിപ്പിച്ചത്. ഹാച്ച്ബാക്കായ ‘പോളോ’യ്ക്കും ഇടത്തരം സെഡാനായ ‘വെന്റോ’യ്ക്കുമിടയിൽ ഇടം പിടിക്കുന്ന ‘അമിയൊ’ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.

Ameo

‘വെന്റോ’യ്ക്കും ‘പോളോ’യ്ക്കും സ്കോഡ ‘റാപിഡി’നുമൊക്കെ അടിത്തറയാവുന്ന അതേ പ്ലാറ്റ്ഫോമിലാണു ഫോക്സ്‌വാഗൻ ‘അമിയൊ’യും സാക്ഷാത്കരിച്ചിരിക്കുന്നത്. പ്രതിദിനം അഞ്ഞൂറോളം കാറുകൾ നിർമിക്കാനുള്ള ശേഷിയാണു ചക്കൻ ശാലയ്ക്കുള്ളത്; ഇതിൽ 150 എണ്ണം ‘അമിയൊ’ ആവുമെന്നാണു കണക്ക്. മൊത്തം ഉൽപ്പാദനശേഷിയുടെ മൂന്നിലൊന്നും ‘അമിയൊ’യ്ക്കായി നീക്കിവച്ചത് ഫോക്സ്‌വാഗനു പുതിയ മോഡലിലുള്ള പ്രതീക്ഷയ്ക്കു തെളിവാകുന്നു. എതിരാളികളെ അപേക്ഷിച്ചു തികച്ചും മത്സരക്ഷമമായ വിലയ്ക്കാവും ‘അമിയൊ’ വിൽപ്പനയ്ക്കെത്തിക്കുകയെന്നാണു ഫോക്സ്‌വാഗന്റെ വാഗ്ദാനം. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 720 കോടിയോളം രൂപ ചെലവിട്ടാണു ഫോക്സ്‌വാഗൻ പുതിയ കാർ വികസിപ്പിച്ചെടുത്തത്. പ്രാദേശികമായി നിർമിച്ച 1.5 ലീറ്റർ ഡീസൽഎൻജിൻ കരുത്തേകുന്ന കാറിൽ ഉപയോഗിച്ചിരിക്കുന്ന യന്ത്രഘടകങ്ങളിൽ 82 ശതമാനത്തോളം ഇന്ത്യയിൽ നിന്നു സമാഹരിച്ചവയാണ്. അതേസമയം ‘അമിയൊ’യുടെ ഗീയർബോക്സും പെട്രോൾ എൻജിനും ഇറക്കുമതി ചെയ്യുന്നതു തുടരും.

Ameo


ഈ വിഭാഗത്തിൽ ഇടംപിടിക്കേണ്ടത് ഫോക്സ്‌വാഗനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്ന് ഫോക്സ്‌വാഗൻ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ഡോ ആൻഡ്രിയാസ് ലോവർമാൻ വ്യക്തമാക്കി. തുടക്കത്തിൽ ഇന്ത്യൻ വിപണിയെ പൂർണമായി മനസ്സിലാക്കാൻ കമ്പനിക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ ‘അമിയ’യിലൂടെ വേറിട്ട നിലപാട് സ്വീകരിച്ച ഫോക്സ്‌വാഗൻ ഈ പിഴവ് തിരുത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. മിറർലിങ്ക് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, സ്റ്റാറ്റിക് കോണറിങ് ലൈറ്റ് തുടങ്ങിയവ സഹിതമാണ് ‘അമിയൊ’യുടെ വരവ്. സുരക്ഷയ്ക്കായി കാറിന്റെ എല്ലാ വകഭേദത്തിലും മുന്നിൽ ഇരട്ട എയർ ബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ലഭ്യമാക്കും. മിക്കവാറും ജൂലൈയോടെ ‘അമിയൊ’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.