സീനിയർ മാനേജ്മെന്റിൽ മാറ്റങ്ങളോടെ വോൾവോ ഇന്ത്യ

ഇന്ത്യയിലെ സീനിയർ മാനേജ്മെന്റ് തലത്തിൽ മൂന്നു സുപ്രധാന മാറ്റം വരുത്താൻ സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ കാഴ്സ് തീരുമാനിച്ചു. നളിൻ ജയിനെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായും(സി എഫ് ഒ) ജ്യോതി മൽഹോത്രയെ ഡയറക്ടർ(സെയിൽസ്, മാർക്കറ്റിങ് ആൻഡ് പി ആർ) ആയും നിയമിച്ചു. രാജീവ് ചൗഹാനാണു പുതിയ നെറ്റ്വർക്ക് ഡയറക്ടർ. വോൾവോ ഓട്ടോ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയേകുന്ന വർഷമാണിതെന്നു കമ്പനി മാനേജിങ് ഡയറക്ടർ ടോം വോൺ ബോൺസ്ഡ്രോഫ് അഭിപ്രായപ്പെട്ടു. ആക്രമണോത്സുക വിപണന തന്ത്രങ്ങളും പുത്തൻ മോഡൽ അവതരണങ്ങളുമായി ഇക്കൊല്ലം ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനമാണു കമ്പനി ലക്ഷ്യമിടുന്നത്. വ്യവസായത്തിലും വിപണിയിലുമൊക്കെ മികച്ച പ്രവർത്തന പരിചയവും അനുഭവസമ്പത്തുമുള്ള പുതിയ സംഘാംഗങ്ങളുടെ വരവ് കമ്പനിയുടെ ഭാവി പദ്ധതികൾ യാഥാർഥ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇക്കൊല്ലത്തെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 20% വളർച്ചയാണു വോൾവോ ഓട്ടോ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി വിപണന ശൃംഖല വിപുലീകരിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്; പുണെ, ലക്നൗ, ജയ്പൂർ നഗരങ്ങളിലാണ് ഡിസംബറിനകം വോൾവോ ഷോറൂമുകൾ പ്രവർത്തനം തുടങ്ങുക. 2020 ആകുമ്പോഴേക്ക് ഇന്ത്യൻ ആഡംബര കാർ വിപണിയിൽ 10% വിഹിതം സ്വന്തമാക്കാനാണു വോൾവോ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ബോൺസ്ഡ്രോഫ് അറിയിച്ചു. ഇന്ത്യയിൽ വിദേശത്തുമുള്ള വിവിധ പ്രമുഖ സ്ഥാപനങ്ങളിൽ രണ്ടു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായാണു നളിൻ ജയിൻ വോൾവോ ഓട്ടോയുടെ സി എഫ് ഒ സ്ഥാനത്തെത്തുന്നത്. 2015 മുതൽ ഫോക്സ്വാഗൻ ഗ്രൂപ്പിൽ ചീഫ് ഫിനാൻഷ്യൽ ഓഫിസറായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. 2010 — 2013 കാലഘട്ടത്തിൽ ഫോക്സ്വാഗന്റെ കൺട്രോളിങ് മേധാവിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ഇന്ത്യൻ പാസഞ്ചർ കാർ, വാണിജ്യ വാഹന വ്യവസായ മേഖലകളിൽ 21 വർഷത്തെ പ്രവർത്തന പരിചയമാണു ജ്യോതി മൽഹോത്രയ്ക്കുള്ളത്. ഫിയറ്റ് ഇന്ത്യയിലും മാരുതി സുസുക്കി ഇന്ത്യയിലും ജോലി ചെയ്തിട്ടുള്ള മൽഹോത്ര ഏറ്റവുമൊടുവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വൈസ് പ്രസിഡന്റ് (സെയിൽസ്) ആയിരുന്നു. ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിലെ ഡീലർ ഡവലപ്മെന്റ് ടീമിന്റെ നേതൃസ്ഥാനത്തു നിന്നാണു രാജീവ് ചൗഹാൻ വോൾവോയുടെ നെറ്റ്വർക് ടീമിനെ നയിക്കാൻ എത്തുന്നത്. ദെയ്വൂയിലും ഹോണ്ടയിലുമായി രണ്ടു പതിറ്റാണ്ടോളം ഇന്ത്യയിലും മധ്യ പൂർവ രാജ്യങ്ങളിലും വാഹന വ്യവസായ മേഖലയിൽ പ്രവർത്തിച്ച പരിചയമാണു ചൗഹാന്റെ കൈമുതൽ.