വോൾവോ ബസസ് ഇന്ത്യയും വോൾവോ ഗ്രൂപ്പിനു കീഴിലേക്ക്

സ്വീഡിഷ് വാഹന നിർമാണ കമ്പനിയായ വോൾവോ ഗ്രൂപ്പിൽപെട്ട ആഡംബര ബസ് നിർമാതാക്കളായ വോൾവോ ബസസ് ഇന്ത്യയെ വോൾവോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ലയിപ്പിച്ചു. ഇന്ത്യയിൽ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന വോൾവോ ബസസിനെ കഴിഞ്ഞ ഡിസംബർ 31 മുതൽ പ്രാബല്യത്തോടെയാണു വോൾവോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാക്കിയത്. വോൾവോ ബസസിനു പുറമെ വോൾവോ ഗ്രൂപ്പിൽപെട്ട വോൾവോ പെന്റ എൻജിൻസ്, വോൾവോ കൺസ്ട്രക്ഷൻ എക്വിപ്മെന്റ്, യു ഡി ബസസ്, വോൾവോ ട്രക്ക്സ്, ഐഷർ ട്രക്സ് ആൻഡ് ബസസ് എന്നിവയൊക്കെ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. സംയുക്ത സംരംഭമായ വി ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് വഴിയാണ് ഐഷർ, വോൾവോ ശ്രേണിയിലെ ട്രക്കുകളുടെ വിൽപ്പന.

പങ്കാളികളുടെ സഹകരണത്തോടെ ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ഉറപ്പാക്കാനാണു വോൾവോ ഗ്രൂപ് നിരന്തരം ശ്രമിക്കുന്നതെന്നു വോൾവോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കമൽ ബാലി അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട ഏകോപനത്തിനും ലഭ്യമായ വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനും വേണ്ടിയാണു ഗ്രൂപ്പിലെ ബ്രാൻഡുകളെല്ലാം ഒരേ കുടക്കീഴിൽ പ്രവർത്തിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

ലയനശേഷവും വോൾവോ ബസസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കു വി ആർ വി ശ്രീപ്രസാദ് തന്നെയാവും നേതൃത്വം നൽകുക. വോൾവോ ബസ് കോർപറേഷൻ സീനിയർ വൈസ് പ്രസിഡന്റ് ആകാശ് പാസിക്കു കീഴിലാവും ശ്രീപ്രസാദ് പ്രവർത്തിക്കുക. വോൾവോ ബസസ് കൂടി എത്തിയതോടെ വോൾവോ ഗ്രൂപ്പിന് ഇന്ത്യയിൽ മൂവായിരത്തി അഞ്ഞൂറിലേറെ ജീവനക്കാരായി. സംയുക്ത സംരംഭമായ വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസിനു പുറമെ മൂന്നു വ്യവസായ സംരംഭങ്ങളും മുന്നൂറോളം വിൽപ്പന, വിൽപ്പനാന്തര സേവന കേന്ദ്രങ്ങളും ഇപ്പോൾ ഗ്രൂപ്പിനുണ്ട്.