ഇന്ത്യയിൽ കാർ നിർമിക്കാൻ വോൾവോയും

ഇന്ത്യയിൽ പ്രാദേശിക അസംബ്ലിങ് ആരംഭിക്കുന്നതു സംബന്ധിച്ചു സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ വോൾവോ ഇന്ത്യയുടെ തീരുമാനം ഇക്കൊല്ലം. ആഗോളതലത്തിൽ തന്നെ വിവിധ രാജ്യങ്ങളിൽ പ്രാദേശികതലത്തിൽ വാഹന അസംബ്ലിങ് തുടങ്ങാൻ വോൾവോ തീരുമാനിച്ചിട്ടുണ്ട്.

സ്വീഡൻ ആസ്ഥാനമായ വോൾവോ സംഘം ലോക വ്യാപകമായി കാർ നിർമാണ സാധ്യത പരിശോധിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഇന്ത്യയിൽ പ്രാദേശികതലത്തിൽ കാർ നിർമാണം തുടങ്ങാനുള്ള സാധ്യതയും കമ്പനിയുടെ പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇക്കൊല്ലം തന്നെയുണ്ടാവുമെന്നാണു പ്രതീക്ഷ.

നിലവിൽ ഇറക്കുമതി വഴിയാണ് വോൾവോ ഇന്ത്യൻ വിപണിയിൽ വാഹനം വിൽക്കുന്നത്. പ്രാദേശിക തലത്തിൽ നിർമാണം തുടങ്ങുന്നതോട വില കുറയുമെന്നതും അതുവഴി വിൽപ്പന ഉയരുമെന്നതുമാണു വോൾവോ കാണുന്ന നേട്ടം. 2007ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച വോൾവോ, നിലവിൽ സെഡാനുകളായ ‘എസ് 80’, ‘എസ് 60’, എസ് യു വി കളായ ‘എക്സ് സി 60’, ‘എക്സ് സി 90’, ‘വി 40 ക്രോസ് കൺട്രി’ എന്നിവയാണു വിൽക്കുന്നത്.

പ്രാദേശിക അസംബ്ലിങ്ങിനുള്ള അവസരം തേടി വോൾവോ ഇന്ത്യയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ മോട്ടോഴ്സ്, ജനറൽ മോട്ടോഴ്സ് ഇന്ത്യ എന്നീ നിർമാതാക്കളെ സമീപിച്ചതായി നേരത്തെ വാർത്തയുണ്ടായിരുന്നു. എന്നാൽ ഇതേപ്പറ്റി പ്രതികരിക്കാൻ വോൾവോ ഇന്ത്യയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും വിസമ്മതിച്ചപ്പോൾ വാർത്ത വെറും അഭ്യൂഹമാണെന്നായിരുന്നു ജനറൽ മോട്ടോഴ്സിന്റെ നിലപാട്. അതേസമയം തങ്ങളെ ആരും സമീപിച്ചില്ലെന്നു ഹിന്ദുസ്ഥാൻ മോട്ടോഴ്സും വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഇന്ത്യയിൽ 1,200 വാഹനം വിറ്റ വോൾവോ ഓട്ടോ ഇക്കൊല്ലം 70% വളർച്ചയാണു ലക്ഷ്യമിടുന്നത്. പുതിയ മോഡൽ അവതരിപ്പിച്ചും വിപണനശൃംഖല വിപുലീകരിച്ചും ഇക്കൊല്ലം 2,000 യൂണിറ്റ് വിൽക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ ജനുവരി — മാർച്ച് ത്രൈമാസത്തിൽ കമ്പനി 500 യൂണിറ്റ് വിൽക്കുകയും ചെയ്തു; 2014ന്റെ ആദ്യ മൂന്നു മാസക്കാലത്ത് 250 യൂണിറ്റ് വിറ്റ സ്ഥാനത്താണിത്.

‘വി 40 ക്രോസ് കൺട്രി’യുടെ പെട്രോൾ വകഭേദം, ‘വി 40 ഹാച്ച്ബാക്ക്’, ‘എസ് 60 ടി സിക്സ്’ സെഡാൻ, ‘എക്സ് സി 90’ എസ് യു വി എന്നിവയാണ് വോൾവോ ഇക്കൊല്ലം അവതരിപ്പിക്കുയെന്നാണു സൂചന. കൂടാതെ ഇക്കൊല്ലം അവസാനിക്കുമ്പോഴേക്ക് രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം 22 ആയി ഉയർത്താനും വോൾവോയ്ക്കു പദ്ധതിയുണ്ട്.

ആഡംബര കാർ വിപണിയിൽ 2020 ആകുമ്പോഴേക്ക് 10,000 യൂണിറ്റ് വിൽപ്പനയും 10% വിഹിതവുമാണു വോൾവോയുടെ ദീർഘകാല പദ്ധതി. അപ്പോഴേക്ക് ഇന്ത്യൻ ആഡംബര കാർ വിപണിയിലെ മൊത്തം വിൽപ്പന 1,00,000 യൂണിറ്റാവുമെന്നു വോൾവോ കരുതുന്നു. നിലവിൽ 32,000 യൂണിറ്റോളമാണ് ആഡംബര കാർ വിഭാഗത്തിലെ വാർഷിക വിൽപ്പന.