വോൾവോ ‘യു ഡി’ ബസ് ബെംഗളൂരുവിൽ ഓട്ടം തുടങ്ങി

സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ വോൾവോ ഗ്രൂപ്പിൽ നിന്നുള്ള ‘അൾട്ടിമേറ്റ് ഡിപ്പന്റബിലിറ്റി’(അഥവാ ‘യു ഡി’) ശ്രേണിയിൽപെട്ട ബസ്സുകൾ ഇന്ത്യൻ നിരത്തിൽ പ്രയാണം തുടങ്ങി.വളർച്ചാ സാധ്യതയേറിയ വിപണികൾക്കായി വോൾവോ രൂപകൽപ്പന ചെയ്ത ‘യു ഡി’ ശ്രേണിയുടെ ആഗോളതലത്തിലെ അവതരണത്തിനാണു ബെംഗളൂരുവിൽ തുടക്കമായത്. ‘യു ഡി സിറ്റി ബസ്’ ആദ്യമായി നിരത്തിലിറക്കുന്ന ഗതാഗത കമ്പനിയെന്ന പെരുമയും ഇതോടെ ബാംഗ്ലൂർ മെട്രപൊലിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ(ബി എം ടി സി) സ്വന്തമാക്കി.

ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും ബി എം ടി സി മാനേജിങ് ഡയറക്ടർ ഏക്രൂപ് കോറും ചേർന്നാണു വോൾവോ ‘യു ഡി’ ബസ്സുകളുടെ പ്രയാണത്തിനു പച്ചക്കൊടി കാട്ടിയത്. നഗരത്തിലെ പ്രധാന റൂട്ടുകളിൽ അടുത്ത രണ്ടു മാസം ബി എം ടി സി ഈ ബസ്സുകൾ ഉപയോഗിച്ചു പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തും.

വോൾവോ ഗ്രൂപ്പിന്റെ ബ്രാൻഡുകളിൽപെട്ട ‘യു ഡി’ ജപ്പാനിലാണ് പിറവിയെടുത്തത്. യാത്രക്കാരുടെയും ഡ്രൈവറുടെയും സുഖസൗകര്യം പരിഗണിച്ചും മികച്ച പ്രകടനക്ഷമത ഉറപ്പാക്കിയും ആധുനിക കാലത്തെ നഗര ഗതാഗതത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയാണു ‘യു ഡി സെമി ലോ ഫ്ളോർ’ ബസ്സുകളുടെ രൂപകൽപ്പനയെന്നാണു വോൾവോയുടെ അവകാശവാദം. വളർച്ച സാധ്യതയുള്ള വിപണികളിൽ മേൽത്തട്ടിൽ ഇടം പിടിക്കാൻ ലക്ഷ്യമിട്ട് ‘യു ഡി ശ്രേണി’യിൽ പുതിയ ബസ് പുറത്തിറക്കുമെന്നു കഴിഞ്ഞ വർഷമാണു വോൾവോ പ്രഖ്യാപിച്ചത്.

മലിനീകരണ നിയന്ത്രണത്തിൽ യൂറോ നാല് നിലവാരം പുലർത്തുന്ന എട്ടു ലീറ്റർ, ആറു സിലിണ്ടർ എൻജിനാണു ‘യു ഡി’ ബസ്സുകൾക്കു കരുത്തേകുന്നത്. 2200 ആർ പി എമ്മിൽ പരമാവധി 230 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. ന്യൂട്രൽ ബസ് സ്റ്റോപ്പിങ്(എൻ ബി എസ്) സഹിതമുള്ള ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ആന്റി ലോക്ക് ബ്രേക്കിങ്, ഓൺ ബോർഡ് ഡയഗ്ണോസ്റ്റിക്സും അലാം സംവിധാനവും ഡ്രൈവർക്ക് വ്യക്തിഗത എ സി കൺസോൾ, യാത്രക്കാർക്കു സുഗമമായി കയറാനും ഇറങ്ങാനും വീതിയേറിയ വാതിൽ തുടങ്ങിയവയും ഈ ബസ്സിൽ വോൾവോ ലഭ്യമാക്കുന്നു.

ബി എം ടി സിക്കായി പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങിയതു ‘യു ബി ബസ്സു’കളെ സംബന്ധിച്ചിടത്തോളം സുപ്രധാന മുഹൂർത്തമാണെന്ന് വോൾവോ ബസ് കോർപറേഷൻ സീനിയർ വൈസ് പ്രസിഡന്റ്(ബിസിനസ് റീജിയൻ ഇന്റർനാഷനൽ) ആകാശ് പാസി അഭിപ്രായപ്പെട്ടു. മികച്ച യാത്രാനുഭവമെന്ന യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സ്വപ്നമാണ് ‘യു ഡി’ സെമി ലോ ഫ്ളോർ സിറ്റി ബസ്സുകൾ യാഥാർഥ്യമാക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.

പുതിയ ബസ്സുകളുടെ ബോഡി നിർമാണത്തിനായി പ്രകാശ് റോഡ്ലൈൻസിന്റെ ഭാഗമായ എസ് എം കണ്ണപ്പയുമായിട്ടാണു വോൾവോ ബസസിന്റെ ധാരണ. ‘യു ഡി’ ബസ്സുകളുടെ ബോഡി നിർമാണത്തിന് 125 കോടിയോളം രൂപ ചെലവിൽ ഇരുകമ്പനികളും ചേർന്നു പുതിയ സംയുക്ത സംരംഭം സ്ഥാപിക്കുന്നുണ്ട്. ഈ കമ്പനിയുടെ 15% ഓഹരികൾ വോൾവോയ്ക്കാണ്. തുടക്കത്തിൽ ആഭ്യന്തര

വിപണിയിൽ യു ഡി ബസ് വിൽക്കാനും ക്രമേണ കയറ്റുമതി സാധ്യത പരിഗണിക്കാനുമാണു വോൾവോയുടെ പദ്ധതി.സിറ്റി ബസ്സുകളും കോച്ചുകളും ഉൾപ്പെടുന്ന പുതിയ ശ്രേണിയിലെ ബസ്സുകളുടെ ആവശ്യം പ്രതിവർഷം 10,000 യൂണിറ്റായി ഉയരുമെന്നാണു വോൾവോയുടെ പ്രതീക്ഷ. നിലവിൽ ഇത്തരം ആയിരത്തോളം ബസ്സുകളാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്. ഈ വിഭാഗത്തിൽ 25% വിഹിതമാണു വോൾവോയുടെ ലക്ഷ്യം. പോരെങ്കിൽ അടുത്ത അഞ്ചു വർഷത്തിനിടെ ഏറ്റവുമധികം വളർച്ചാ സാധ്യതയുള്ളത് ഈ വിഭാഗത്തിലാവുമെന്നും വോൾവോ കരുതുന്നു.