സങ്കര ഇന്ധന, വൈദ്യുത കാറുകൾ പുറത്തിറക്കാൻ വോൾവോ ഇന്ത്യ

ആഡംബര വാഹന വിപണിയിൽ ജർമനിയിൽ നിന്നുള്ള എതിരാളികളുടെ വെല്ലുവിളി നേരിടാൻ സങ്കര ഇന്ധന, വൈദ്യുത കാറുകൾ അവതരിപ്പിക്കാൻ സ്വീഡനിൽ നിന്നുള്ള വോൾവോ ഓട്ടോ ഇന്ത്യ തയാറെടുക്കുന്നു. ഇന്ത്യൻ ആഡംബര കാർ വിപണിയിൽ ജർമനിയിൽ നിന്നുള്ള മെഴ്സീഡിസ് ബെൻസും ബി എം ഡബ്ല്യുവും ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഔഡിയുമാണു ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോയ്ക്കു ശക്തമായ വെല്ലുവിളി ഉയർത്തുന്നത്. നാലു വർഷത്തിനകം ഇന്ത്യൻ കാർ വിപണിയിലെ വിഹിതം ഇരട്ടിയാക്കി 10 ശതമാനത്തിലെത്തിക്കാനാണു വോൾവോയുടെ പദ്ധതി. ഇതിനായി മൂന്നു വർഷത്തിനുള്ളിൽ എൻട്രി കാർ വിഭാഗം മുതൽ വൈദ്യുത, സങ്കര ഇന്ധന മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനി ആലോചിക്കുന്നത്.

വിൽപ്പന പ്രതീക്ഷിക്കുന്ന വളർച്ച കൈവരിച്ചാൽ ഇത്തരം മോഡലുകൾ പ്രാദേശികമായി നിർമിക്കാനുള്ള സാധ്യതയും വോൾവോ ഓട്ടോ ഇന്ത്യ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ മാസം നിരത്തിലെത്തിയ ‘എക്സ് സി 90’ പ്ലഗ് ഇൻ ഹൈബ്രിഡിന് അൻപതോളം ബുക്കിങ്ങുകൾ ലഭിച്ചതാണു വോൾവോയ്ക്കു പ്രതീക്ഷ പകരുന്നത്. അടുത്ത വർഷത്തോടെ ‘എസ് 90’ സെഡാന്റെ പ്ലഗ് ഇൻ ഹൈബ്രിഡ് വകഭേദം അവതരിപ്പക്കാനും വോൾവോ ആലോചിക്കുന്നുണ്ട്. ഇതോടെ ആഡംബര സെഡാൻ വിഭാഗത്തിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ ഹൈബ്രിഡ് കാറായും ‘എസ് 90’ മാറും. തുടർന്ന് 2020 ആകുമ്പോഴേക്ക് നാലോ അഞ്ചോ ഹൈബ്രിഡ്, വൈദ്യുത വാഹന മോഡലുകൾ ഇന്ത്യയിൽ ലഭ്യമാക്കാനാണു വോൾവോയുടെ ആലോചന.

ആഡംബര വാഹന നിർമാതാക്കളിൽ വ്യത്യസ്തത കൈവരിക്കാൻ ലക്ഷ്യമിട്ടാണു കമ്പനി സങ്കര ഇന്ധന മോഡൽ പരിഗണിക്കുന്നതെന്നു ‘എസ് 90’ അവതരണ വേളയിൽ വോൾവോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടർ ടോം വൺ ബോൺസ്ഡ്രോഫ് സൂചിപ്പിച്ചിരുന്നു. ഈ മേഖലയിൽ മികച്ച വൈദഗ്ധ്യമാണു വോൾവോയ്ക്കുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാ മോഡലുകളിലും സങ്കര ഇന്ധന സാങ്കേതികവിദ്യ ഉൾപ്പെടുത്താനുള്ള വൈദഗ്ധ്യം കമ്പനിക്കുണ്ട്.