സ്വയം ഓടുന്ന കാറുകൾ 5 വർഷത്തിനകമെന്നു വോൾവോ

അഞ്ചു വർഷത്തിനകം സ്വയം ഓടുന്ന കാറുകൾ വിൽപ്പനയ്ക്കെത്തിക്കാനാവുമെന്ന് സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളായ വോൾവോ കാർ കോർപറേഷൻ. സ്റ്റീയറിങ് വീൽ സഹിതമാവും ഇത്തരം കാറുകൾ വിൽപ്പനയ്ക്കെത്തുകയെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹാകൻ സാമുവൻസൻ അറിയിച്ചു. ഒപ്പം 10,000 ഡോളർ(ഏകദേശം 6.66 ലക്ഷത്തോളം രൂപ) അധികം നൽകി പൂർണ തോതിലുള്ള ഓട്ടോപൈലറ്റ് സംവിധാനം സ്വന്തമാക്കാനും അവസരമുണ്ടാകും. ഇതോടെ കാർ സ്വന്തം നിലയിൽ ഓടുകയും യാത്രക്കാർക്ക് പൂർണ വിശ്രമം ലഭിക്കുകയും ചെയ്യുമെന്ന് സാമുവൽസൻ വിശദീകരിച്ചു.

പൂർണമായും സ്വയം ഓടുന്ന വാഹനങ്ങളുടെ ആദ്യ പതിപ്പുകൾ ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ കാഴ്സ് നിർമിച്ചു തുടങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തി. അടുത്ത വർഷം സ്വീഡനിലെ പൊതു നിരത്തുകളിൽ ഇത്തരം കാറുകൾ പരീക്ഷണ ഓട്ടം ആരംഭിക്കും. 2018ൽ ലണ്ടനിലെയും ചൈനയിലെയും നിരത്തുകളിലും വോൾവോയുടെ സ്വയം ഓടുന്ന കാറുകൾ പരീക്ഷണ ഓട്ടത്തിനെത്തും.
എതിരാളികളിൽ നിന്നു വ്യത്യസ്തമായി സ്വയം ഓടുന്ന കാറുകളുടെ കാര്യത്തിൽ ഉപഭോക്തൃ കേന്ദ്രീകൃത തന്ത്രമാണു വോൾവോ പിന്തുടരുന്നത്. അഞ്ചു വർഷത്തിനകം സ്വയം ഓടുന്ന കാറുകൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഫോഡ് മോട്ടോർ കമ്പനിയും മറ്റും കാർ ഷെയറിങ് ഫ്ളീറ്റുകളെയാണ് ലക്ഷ്യമിടുന്നത്.

കാറുകൾക്കു കൂടുതൽ പ്രീമിയം സ്വഭാവം നേടിക്കൊടുക്കുന്നിൽ സ്വയം ഓടാനുള്ള കഴിവ് സഹായകമാവുമെന്നാണു സാമുവൽസന്റെ പ്രതീക്ഷ. ഇതിനു പുറമെ റൈഡ് ഷെയറിങ് സേവനദാതാക്കളായ ഊബറുമായി സഹകരിച്ച് ആ വിഭാഗത്തിനായി സ്വയം ഓടുന്ന വാഹനം വികസിപ്പിക്കാനും വോൾവോയ്ക്കു പദ്ധതിയുണ്ട്. സ്വയം ഓടുന്ന വാഹനം വികസിപ്പിക്കാനുള്ള സംയുക്ത സംരംഭത്തിൽ 30 കോടി ഡോളർ(ഏകദേശം 1998.82 കോടി രൂപ) ആണ് ഇരുപങ്കാളികളും ചേർന്നു നിക്ഷേപിക്കുക.ഒരേ അടിസ്ഥാന മോഡൽ ആധാരമാക്കി സ്വന്തം നിലയിലുള്ള ഡ്രൈവർ രഹിത വാഹന വികസന പദ്ധതിയുമായി മുന്നോട്ടു പോകാനാണു വോൾവോയും ഊബറും ആലോചിക്കുന്നത്. വോൾവോ രൂപകൽപ്പന ചെയ്യുന്ന അടിസ്ഥാന മോഡലിൽ ഊബർ വികസിപ്പിച്ചെടുത്ത ഓട്ടണോമസ് ഡ്രൈവിങ് സംവിധാനങ്ങളും ലഭ്യമാക്കാനാണ് ഇരുകമ്പനികളുമായുള്ള ധാരണ. സ്വയം ഓടുന്ന വാഹന വികസനത്തിനായി യു എസിൽ കഴിഞ്ഞ ഏപ്രിലിൽ രൂപീകൃതമായ സഖ്യത്തിലെ സ്ഥാപക അംഗങ്ങളാണു വോൾവോയും ഊബറും. ഗൂഗിൾ, യു എസ് നിർമാതാക്കളായ ഫോഡ്, ഊബറിന്റെ എതിരാളികളായ ലിഫ്റ്റ് തുടങ്ങിയ കമ്പനികളാണു സഖ്യത്തിലെ മറ്റ് അംഗങ്ങൾ.